വീട്ടുകാർ തേടിനടന്നു, മോർച്ചറിത്തണുപ്പിൽ ജോൺസൺ ‘അനാഥൻ’; പോക്കറ്റിൽ ഫോൺ നമ്പറുണ്ടായിട്ടും അറിയിച്ചില്ല

#ന്യൂസ് ഡെസ്ക്
ജോൺസൺ
ജോൺസൺ

കഴക്കൂട്ടം (തിരുവനന്തപുരം): മെഡിക്കൽ കോളേജ് ആശുപത്രിയിൽ അജ്ഞാതനായി ജോൺസൺ ബോധമില്ലാതെ കിടക്കുമ്പോൾ, ഭാര്യയും മകനും അദ്ദേഹത്തെ തിരയുകയായിരുന്നു. പതിനൊന്നാം നാൾ ജോൺസന്റെ മൃതദേഹം അവകാശികളില്ലാതെ മോർച്ചറിയിലെത്തി. വീട്ടുകാർ മരണവിവരമറിയുന്നത് മോർച്ചറി ജീവനക്കാരന്റെ ഇടപെടലിലൂടെ. വ്യക്തമായ രേഖകളും വിലാസവും കൈയിലുണ്ടായിരുന്നിട്ടും ഭർത്താവിനെ ആരാണ് ആരുമില്ലാത്തവനാക്കി മോർച്ചറിയിലെത്തിച്ചതെന്ന കഴക്കൂട്ടം പള്ളിനട പ്യാരി നഗർ രഞ്ജിനി നിവാസിൽ ജി. ചന്ദ്രകലയുടെ ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

കഴക്കൂട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ ഫിനാൻസ് മാനേജരായിരുന്നു ജോൺസൺ (58). കോട്ടയത്തേക്കു പോകാൻ ഒക്‌ടോബർ 17-ന് പുലർച്ചെ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് നടക്കവേ, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനുസമീപം അതിവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചു. അബോധാവസ്ഥയിലായിരുന്ന ജോൺസന്റെ പക്കൽ ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഭാര്യയുടെയും മകന്റെയും ഫോൺ നമ്പറുകൾ എന്നിവയുണ്ടായിരുന്നു. വീട്ടുകാരെയോ മെഡിക്കൽ കോളേജ് പോലീസിനെയോ ആശുപത്രിയധികൃതർ അറിയിച്ചില്ല. ആശുപത്രിവേഷം ധരിപ്പിച്ചപ്പോൾ ജോൺസൺ ധരിച്ചിരുന്ന വസ്ത്രങ്ങളും രേഖകളും മാറ്റി.

കോട്ടയത്ത് എത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആശുപത്രിയിൽവെച്ച് ഒക്ടോബർ 27-ന് ജോൺസൺ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയപ്പോൾ അവിടത്തെ ജീവനക്കാരനാണ് പഴ്സിലുണ്ടായിരുന്ന മേൽവിലാസവും ഫോൺ നമ്പറുകളും കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിനെ വിവരമറിയിച്ചു. 28-ന് ശ്രീകാര്യം പോലീസ് മുഖേന ബന്ധുക്കളെ വിവരമറിയുകയായിരുന്നു. കൃത്യസമയത്ത് അറിയിച്ചിരുന്നെങ്കിൽ വിദഗ്ധചികിത്സ നൽകി ഭർത്താവിന്റെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ചന്ദ്രകല പറഞ്ഞു. മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും പരാതി നൽകി. ചന്ദ്രകലയുടെയും മകൻ ജിത്തു ജോൺസന്റെയും പരാതിയിൽ ബൈക്കുടമയെ കണ്ടെത്തി പോലീസ് കേസെടുത്തിട്ടുണ്ട്.