തിരുവനന്തപുരം സിവിൽസ്റ്റേഷനിലെ പഞ്ചിങ് ക്രമക്കേട്: ബസുകൾ നേരത്തെ പുറപ്പെടരുതെന്ന നിർദേശവുമായി കളക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ പഞ്ചിങ് ക്രമക്കേടുകൾക്കും കെഎസ്ആർടിസി ബസുകൾ സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്നതിനുമെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ഭരണകൂടം. ജീവനക്കാർ വൈകുന്നേരം പഞ്ചിങ് നടത്തിയ ശേഷം നേരത്തെ വീട്ടിലേക്ക് പോകുന്നത് തടയാനായി സിവിൽ സ്റ്റേഷനിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ വൈകുന്നേരം 5:25-ന് ശേഷം മാത്രമേ പുറപ്പെടാവൂ എന്ന് ജില്ലാ കളക്ടർ അനു കുമാരി ഐഎഎസ് കെഎസ്ആർടിസി ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കർശന നിർദ്ദേശം നൽകി. ബസുകൾ സമയക്രമം പാലിക്കാത്തത് സർക്കാർ ജീവനക്കാർക്ക് പൊതുമധ്യത്തിൽ വലിയ അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും കളക്ടർ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ റവന്യൂ മന്ത്രി കെ. രാജൻ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് കളക്ടറുടെ ഇടപെടൽ.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ജീവനക്കാർ നേരത്തെ പോകാനുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ഒരു കെഎസ്ആർടിസി കണ്ടക്ടർ വെളിപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ ആവശ്യപ്പെടുന്നത് അനുസരിച്ച് ബസുകൾ നേരത്തെ പുറപ്പെടാൻ പാടില്ലെന്നും നിയമലംഘനം നടത്തുന്ന കെഎസ്ആർടിസി ജീവനക്കാർക്കെതിരെയും നടപടി വേണമെന്നും കളക്ടറുടെ നിർദേശത്തിലുണ്ട്.
പ്രതിദിനം ലഭിക്കുന്ന 60 മിനിറ്റ് 'ഗ്രേസ് ടൈം' എന്ന ആനുകൂല്യത്തെ മറയാക്കിയാണ് ക്രമക്കേടുകളെ ജീവനക്കാർ ന്യായീകരിക്കുന്നത്. എന്നാൽ ഓഫീസിന് പുറത്ത് പഞ്ച് ചെയ്യുന്നതിനോ ഓഫീസ് സമയത്ത് പാർക്കുകളിൽ സമയം ചിലവഴിക്കുന്നതിനോ ജീവനക്കാർക്ക് വ്യക്തമായ മറുപടിയില്ല. വൈകുന്നേരം 5:15-ന് മുൻപ് തന്നെ ജീവനക്കാർ ബസ്സിൽ കയറി പഞ്ച് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും, 5:13-ന് തന്നെ ബസ് സ്റ്റേഷൻ വിടുന്നതുമായ തെളിവുകൾ കളക്ടർക്ക് ലഭിച്ചിരുന്നു.
നിലവിലെ പഞ്ചിങ് സംവിധാനമായ 'ഫേസ് ആപ്പിലെ' ചില പാകപ്പിഴകളും ദൗർബല്യങ്ങളുമാണ് ഈ വ്യാപകമായ ക്രമക്കേടുകൾക്ക് വഴിയൊരുക്കുന്നതെന്ന് വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ചെയർമാൻ ജയചന്ദ്രൻ കല്ലിങ്കൽ അഭിപ്രായപ്പെട്ടു. ആപ്പ് പ്രവർത്തിക്കുന്ന നൂറ് മീറ്റർ പരിധി കൂടുതലാണെന്നും, ഈ ദൂരപരിധി ദുരുപയോഗം ചെയ്താണ് പലരും ഓഫീസിന് പുറത്തിറങ്ങി പഞ്ച് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: District administration takes strict action against KSRTC bus timing irregularities and punching fraud at Kudappanakunnu Civil Station.