എലത്തൂർ തീവെപ്പ് കേസിൽ നടന്നതെന്ത്; ആ എസ്.ഐയോട് കാട്ടിയത് അനീതി | എഡിജിപി പി. വിജയൻ തുറന്നു പറയുന്നു

#ബിജു പങ്കജ്
എഡിജിപി പി വിജയന്‍
എഡിജിപി പി വിജയന്‍

തിരുവനന്തപുരം: കോഴിക്കോട് എലത്തൂരിലുണ്ടായ തീവണ്ടി തീവെപ്പ് കേസ് അന്വേഷണമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുർഘടമായ മുഹൂർത്തമെന്ന് എഡിജിപി(ലോ & ഓർഡർ) പി. വിജയൻ. 2023-25 കാലഘട്ടത്തിൽ ജീവിതത്തിൽ അന്നുവരെ നേരിടാത്ത വലിയ പ്രതിസന്ധികളാണ് താൻ അനുഭവിച്ചതെന്ന് മാതൃഭൂമി 'ഓപ്പൺ ഹാർട്ട്' പരിപാടിയിൽ അദ്ദേഹം മനസ്സ് തുറന്നു. എഡിജിപി എം.ആർ. അജിത് കുമാറിന് തന്നോട് ദേഷ്യം തോന്നാനുള്ള കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും പി. വിജയൻ പറഞ്ഞു.

'എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടും കടുത്ത വേദനയും ദുരനുഭവങ്ങളും ഉണ്ടാകുമ്പോൾ അത് നമ്മെ ബാധിക്കും. വർഷത്തിൽ 60 ദിവസത്തെ ലീവും മറ്റ് അവധികളുമൊക്കെ ഉണ്ടെങ്കിലും അതൊന്നും ഞാൻ എടുത്തിട്ടില്ല. ട്രാവൽ അലവൻസ് പോലും ഇന്നുവരെ വാങ്ങിയിട്ടില്ല. കുടുംബത്തെയും കുട്ടികളേയും പോലും പരിഗണിക്കാതെ ജോലിക്ക് പിന്നാലെ ഓടിയത് തെറ്റായിപ്പോയോ എന്ന് സസ്പെൻഷൻ ലഭിച്ചപ്പോൾ തോന്നിപ്പോയി. ജോലിയില്ലെന്നതോ ഔദ്യോഗിക വാഹനം ഇല്ലെന്നതോ ആയിരുന്നില്ല വിഷമം. ഇത്രയൊക്കെ ആത്മാർത്ഥമായി ജോലി ചെയ്തിട്ടും ഇങ്ങനെ സംഭവിച്ചതിലായിരുന്നു വേദന.'

എലത്തൂർ സംഭവം നടക്കുന്ന ദിവസം താൻ ഡൽഹിയിലായിരുന്നുവെന്നും വിവരമറിഞ്ഞ ഉടൻ എടിഎസ് (ആന്റി ടെററിസം സ്‌ക്വാഡ്) ടീമുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം ഓർത്തെടുത്തു.

'ടീമിലെ മനോജ് എന്ന എസ്.ഐ, ഔദ്യോഗിക വാഹനം തകരാറിലായതിനാൽ സ്വന്തം കാറിലാണ് കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് കുതിച്ചെത്തിയത്. ജോലിയോട് അത്രയും ആത്മാർത്ഥതയുള്ള ആളാണയാൾ. പ്രമുഖ കേസുകളിൽ നിർണ്ണായക ഡിജിറ്റൽ തെളിവുകൾ ഉണ്ടാക്കിയ നൽകിയ അദ്ദേഹത്തിനും ഒടുവിൽ ലഭിച്ചത് സസ്പെൻഷനായിരുന്നു. അതും റിട്ടയർമെന്റ് കാലത്ത്. പോലീസ് സേന ഏറ്റവും ആഘോഷമായി നടത്തേണ്ടിയിരുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ.' പി. വിജയൻ വ്യക്തമാക്കി.

സസ്പെൻഷനെക്കുറിച്ച് അന്വേഷിച്ച മനോജ് എബ്രഹാമും അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും സ്വന്തം ഭാവി പോലും നോക്കാതെ സത്യസന്ധമായി ഇടപെട്ടതുകൊണ്ടാണ് താൻ സർവീസിൽ തിരികെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ തിരിച്ചറിഞ്ഞതോടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സർവീസിൽ തന്നെ തിരിച്ചെടുക്കുകയും സ്ഥാനക്കയറ്റം നൽകുകയും പോലീസ് മെഡലിന് ശുപാർശ ചെയ്യുകയും ചെയ്തതായി പി. വിജയൻ കൂട്ടിച്ചേർത്തു.

Content Highlights: ADGP P. Vijayan discusses the toughest moments of his career, including the Elathur train fire case, in an open-hearted interview.