തിരുനാവായ കുംഭമേള ഇനി മൂന്നുനാൾ;നിളയുടെ 'ബന്ധുക്കൾ' ഇന്നെത്തും;പൊന്മകൾക്ക് 'തായ് വീട്ടുസീറു'മായി

മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഭാരതപ്പുഴയിലെ ആരതീഘട്ടിൽ നടന്ന നിളാ ആരതിയിൽനിന്ന് | ഫോട്ടോ: അജിത് ശങ്കരൻ
മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഭാരതപ്പുഴയിലെ ആരതീഘട്ടിൽ നടന്ന നിളാ ആരതിയിൽനിന്ന് | ഫോട്ടോ: അജിത് ശങ്കരൻ

തിരുനാവായ: കേരള കുംഭമേളയെന്ന് അറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവം ഇനി മൂന്നുനാൾ കൂടി. ഫെബ്രുവരി മൂന്നിന് വിശേഷാൽ പൂജകളോടെയും അമൃതസ്‌നാനത്തോടെയും സമാപിക്കും. രാവിലെ യോഗീശ്വരപൂജ(പരശുരാമപൂജ)യാണ് സമാപനദിവസത്തെ പ്രധാനചടങ്ങ്. പൂജകൾ കഴിഞ്ഞാൽ സന്ന്യാസിമാരും ഭക്തരുമെല്ലാം ചേർന്ന് അമൃതസ്‌നാനം നടത്തും. തുടർന്ന് സന്ന്യാസിമാരുടെ 'ഭണ്ഡാര' നടക്കും. വരുന്ന ആളുകളെല്ലാം സന്ന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ചടങ്ങാണിത്. എല്ലാവർക്കും അന്നപ്രസാദവുമുണ്ടാകും. വൈകീട്ട് നിളാ ആരതിയോടെ ഇത്തവണത്തെ മഹാമാഘമഹോത്സവത്തിനു സമാപനമാകും.

തൈപ്പൂയദിവസമായ ഞായറാഴ്ച പുലർച്ചെ സൂര്യകാലടി പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കുന്ന മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 7.30-ന് കൊടക്കൽ തളി ക്ഷേത്രത്തിൽനിന്ന് കാവടിയാട്ടം ആരംഭിക്കും. 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആണ്ടിയൂട്ട് നടക്കും. ദേവീഭാഗവത പാരായണം, ലളിതാസഹസ്രനാമ യജ്ഞം, ദേവീനാമ ജപം എന്നിവയുമുണ്ടാകും. പ്രൊഫ. ഹരീഷ് ചന്ദ്രശേഖരൻ ആചാര്യനാവും. വൈകീട്ട് നാലുമുതൽ വീണ്ടും കാവടിയാട്ടം. ഇതേസമയം യജ്ഞവേദിയിൽ ആലുവ തന്ത്രവിദ്യാപീഠം അധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാട് നേതൃത്വംനൽകുന്ന മഹാ ശ്രീചക്ര നവാവരണപൂജ നടക്കും. മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീചക്ര നവാവരണ കൃതികൾ കാസർകോട് യോഗീശ ശർമ്മ ആലപിക്കും.

ശനിയാഴ്ച ദക്ഷിണാമൂർത്തി പൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ആചാര്യൻ വിഷ്ണു ആനന്ദ് കാർമികത്വം വഹിച്ചു. വൈകീട്ട് ഭൈരവ പൂജയുമുണ്ടായി.

മാഘമഹോത്സവം അവസാനദിനങ്ങളിലേക്കെത്തിയതോടെ വിശ്വാസികളുടെ വലിയ തിരക്കാണ് തിരുനാവായയിൽ അനുഭവപ്പെടുന്നത്. കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് സെല്ലുകൾ നടത്തുന്ന സർവീസുകൾക്കുപുറമേ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് സ്വകാര്യബസുകളും സർവീസ് നടത്തുന്നുണ്ട്. പ്രത്യേകതീവണ്ടികളിലും ഏറെപ്പേർ എത്തുന്നുണ്ട്.

നേട്ടമുണ്ടാക്കി കെ.എസ്.ആർ.ടി.സി.; 27 ബസുകൾ ഇന്നെത്തും

തിരുനാവായ: തിരുനാവായ കുംഭമേളയ്ക്ക് ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ ബസ് സർവീസുകൾ നടത്തി കെ.എസ്.ആർ.ടി.സി. മഹാമാഘമഹോത്സവം സമാപിക്കാൻ ഇനിയും മൂന്നുദിവസം ബാക്കിയിരിക്കെ ഇതുവരെ നടത്തിയത് 78 സർവീസുകൾ. നൂറോളം ബസുകൾ ഓടിക്കാനായാൽ വലിയ നേട്ടമാകുമെന്നാണ് ആദ്യംകരുതിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് ഇത് 130 കടക്കും.

ശനിയാഴ്ച മാത്രം 15 ബസുകൾ സർവീസ് നടത്തി. ഞായറാഴ്ച 27 ബസുകളാണ് വിവിധജില്ലകളിൽനിന്ന് തിരുനാവായയിലേക്ക് എത്തുകയെന്ന് ഇതിന്റെ ഏകോപനം നിർവഹിക്കുന്ന ബജറ്റ് ടൂറിസം സെൽ മലപ്പുറം ജില്ലാ കോഡിനേറ്റർ എസ്. ഷിജിൽ പറഞ്ഞു. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽക്കൂടി ദർശനം നടത്താൻ കഴിയുന്ന തരത്തിലാണ് യാത്രാപാക്കേജുകൾ.

നിളയുടെ 'ബന്ധുക്കൾ' ഇന്നെത്തും;പൊന്മകൾക്ക് 'തായ് വീട്ടുസീറു'മായി

തിരുനാവായ: വിവാഹംകഴിച്ചയച്ച പെൺമക്കളെക്കാണാൻ വീട്ടിൽനിന്ന് ബന്ധുക്കൾ വരുമ്പോൾ ആ മകൾക്കത് വലിയ സന്തോഷമുള്ള കാര്യമാണ്.

സ്വന്തംവീട്ടിൽനിന്ന് വരുന്നവർ അവൾക്ക് ആവശ്യമുള്ളതെല്ലാംകൊണ്ടുവരും. ഇങ്ങനെ കൊണ്ടുവരുന്ന സാധനങ്ങൾക്ക് തമിഴ്നാട്ടിൽ 'തായ് വീട്ടുസീർ 'എന്നാണു പറയുക.നദികളെയും സ്വന്തംപെൺമക്കളെപ്പോലെ കാണുന്നതിനാൽ നദിയെക്കാണാൻപോകുമ്പോഴും ഇങ്ങനെയൊരാചാരം തമിഴ്നാട്ടിൽ ഉണ്ട്.

കാവേരി സീർ എന്ന പേരിൽ കാവേരി നദിക്ക് ആവശ്യമായതെല്ലാം നൽകി പൂജിക്കുന്ന ചടങ്ങ് പ്രശസ്തമാണ്. ആടി(കർക്കടകം)പതിനെട്ടിനാണ് കാവേരിയിൽ ഈ ചടങ്ങ്.

കാവേരി സീറിനുസമാനമായൊരു ചടങ്ങ് തിരുനാവായ മഹാമാഘമഹോത്സവത്തിൽ ഞായറാഴ്ച നടക്കുകയാണ്-'നിളാ സീർ'.

നിളയുടെ(ഭാരതപ്പുഴയുടെ) ഉദ്ഭവസ്ഥാനമായ തമിഴ്നാട്ടിലെ തിരുമൂർത്തിമലയാണല്ലോ നിളയ്ക്ക് തായ് വീട്. അവിടെനിന്ന് കല്യാണം കഴിച്ചയച്ച പെൺമകളായി നിളയെ സങ്കല്പിച്ച് നിളയ്ക്കാവശ്യമായ പല സാധനങ്ങളുമായി ഇരുപതോളം പേരടങ്ങിയ സംഘം ഞായറാഴ്ച രാവിലെ തിരുമൂർത്തിമലയിൽനിന്ന് വാഹനത്തിൽ യാത്ര പുറപ്പെടും.രാമച്ചമാലകൾ, വാസനദ്രവ്യങ്ങൾ, പുഷ്പങ്ങൾ, ഉടുപ്പുകൾ, പഴങ്ങൾ, നാണയങ്ങൾ എന്നിവയാണ് തായ് വീട്ടുസീറായി കൊണ്ടുവരിക.

തായ് വീടിന്റെ പ്രൗഢി വെളിവാക്കുന്ന തരത്തിലാവും തായ് വീട്ടുസീറിലെ സാധനങ്ങളും.

ഉദുമൽപ്പേട്ടിലെ തിരുമൂർത്തി മലയിലെ ക്ഷേത്രത്തിൽനിന്ന് പൂജിച്ചാണ് ഈ സാധനങ്ങൾ കൊണ്ടുവരുക. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനട്രഷറർ രമേഷ് കുമാർ, പ്രസിഡന്റ് രാമകൃഷ്ണൻ, സോണൽ സെക്രട്ടറി മഹേഷ് കുമാർ എന്നിവർ നേതൃത്വംനൽകുന്ന സംഘം തായ് വീട്ടുസീറുമായി രാവിലെ ആറിന് പുറപ്പെടും. സീറിനൊപ്പം തിരുമൂർത്തിമലയിൽനിന്നുള്ള തീർഥവും കൊണ്ടുവരും. രാവിലെ പതിനൊന്നോടെ തിരുനാവായയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മഹേഷ് കുമാർ പറഞ്ഞു. തുടർന്ന് യജ്ഞശാലയിൽ പ്രത്യേകപൂജകളുണ്ടാവും. പൂജ നടത്തിയാണ് ഈ സാധനങ്ങൾ നിളയ്ക്കുസമർപ്പിക്കുക.

Content Highlights: Thirunavaya Maha Magha Mahotsavam: Kerala's Kumbh Mela Culminates with Sacred Rituals