ബാലുശ്ശേരിയിൽ സ്വർണ ഉരുപ്പടികൾ തട്ടിയത് എക്സി. ഓഫീസർ; മുക്കത്ത് 5 വർഷമായി കാണിക്കയിട്ട ആഭരണങ്ങൾ അപ്രത്യക്ഷം

ബാലുശ്ശേരി (കോഴിക്കോട്): മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണ ഉരുപ്പടികൾ മുൻപ് എക്സിക്യുട്ടീവ് ഓഫീസറായിരുന്നയാൾത്തന്നെ കൊണ്ടുപോയി. ഒടുവിൽ സംഭവം വാർത്തയും വിവാദവുമായതോടെ ബുധനാഴ്ച തിരികെനൽകാമെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചു.
എക്സിക്യുട്ടീവ് ഓഫീസറായിരുന്ന വിനോദാണ് സ്വർണം കൊണ്ടുപോയത്. ഇദ്ദേഹത്തിനു പിന്നാലെ, ചുമതയേറ്റ എക്സിക്യുട്ടീവ് ഓഫീസറാണ് സ്വർണം കാണാതായതായി കണ്ടെത്തിയത്.
2023-ൽത്തന്നെ പരാതി ലഭിച്ചിരുന്നതായും തുടർന്ന് ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നെന്നും മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് ഒ.കെ. വാസു പറഞ്ഞു. ബുധനാഴ്ച തിരികെയേൽപ്പിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിനെതിരേ ഒട്ടേറെ പരാതികൾ ഉണ്ടെന്നും ഒ.കെ. വാസു പറഞ്ഞു.
പുതിയ എക്സിക്യുട്ടീവ് ഓഫീസർക്ക് ലോക്കറിന്റെ താക്കോൽ വിനോദ് കൈമാറിയിരുന്നില്ല. ഇക്കാര്യം അന്നുതന്നെ ഓഫീസർ ദേവസ്വംബോർഡിനെ അറിയിച്ചിരുന്നു. പിന്നാെല, വിനോദ് വിരമിക്കുകയും ചെയ്തു. പിന്നീടുവന്ന മൂന്ന് ഓഫീസർമാർക്കും താക്കോൽ ലഭിച്ചില്ല. പക്ഷേ, ക്രമക്കേട് േബാധ്യപ്പെട്ടിട്ടും ക്രിമിനൽ നടപടിയുമുണ്ടായില്ല. ഏറ്റവുമൊടുവിൽ ചുമതലയേറ്റ എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിപ്രകാരം മലബാർ ദേവസ്വം വെരിഫിക്കേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ക്ഷേത്രത്തിൽ നടത്തിയ പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു.
ശബരിമലയിലെ സ്വർണപ്പാളി വിവാദമാണ് പരിശോധനയ്ക്കും ഇപ്പോഴത്തെ നടപടിക്കുമെല്ലാം വഴിവെച്ചതെന്നാണ് കരുതുന്നത്. ക്ഷേത്ര ശ്രീകോവിലിനോടുചേർന്നും ചുറ്റമ്പലത്തിനോട് ചേർന്നുമുള്ള രണ്ട് ലോക്കറുകളിൽനിന്നായി അഞ്ച് ഉരുപ്പടികളാണ് കാണാതായതായി പറയുന്നത്.
ക്ഷേത്രാഭരണങ്ങളെല്ലാം നിശ്ചിത ക്രമനമ്പർ രേഖപ്പെടുത്തിയാണ് ലോക്കറിൽവെച്ചിരുന്നത്. ഇതിൽ ചില നമ്പർ രേഖപ്പെടുത്തിയവ ഇല്ലാതായതാണ് പെട്ടെന്ന് കാര്യങ്ങൾ വ്യക്തമാകാൻ സഹായിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ക്ഷേത്രത്തിലെ സ്വർണം, വെള്ളി ഉരുപ്പടികൾ ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടായിട്ടും ക്ഷേത്രം ലോക്കറിൽ സൂക്ഷിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
കുന്നത്തുപറമ്പ് ശിവക്ഷേത്രത്തിലെ സ്വർണം-വെള്ളി ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി
ക്ഷേത്രത്തിലേക്ക് ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണം-വെള്ളി ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി. മുക്കം നഗരസഭയിൽ, മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തോട്ടത്തിൻകടവ് കുന്നത്തുപറമ്പ് ശിവക്ഷേത്രത്തിലേക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സമർപ്പിച്ച സ്വർണം-വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പരാതി. നിലവിൽ ക്ഷേത്രശ്രീകോവിലിലുള്ള ‘സ്വർണത്താലികൾ’ മുക്കുപണ്ടമാണെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
2023 ഫെബ്രുവരിയിൽ പുതിയ ട്രസ്റ്റി ബോർഡ് ചുമതലയേറ്റെടുത്ത സമയത്ത് 32 സ്വർണ ചന്ദ്രക്കലയും 12 സ്വർണത്താലിയും മൂന്ന് പൊട്ടുമുണ്ടായിരുന്നെന്ന് രേഖകൾ പറയുന്നു. ഇതുകൂടാതെ ഒട്ടേറെ വെള്ളി, ഓട് ആഭരണങ്ങളുമുണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ നാലിന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ആറ് ചന്ദ്രക്കലയും നാല് താലിയും രണ്ട് പൊട്ടും മാത്രം. ഇതിൽ, നാല് താലിയും മുക്കുപണ്ടമാണെന്നും കണ്ടെത്തി.
ഭക്തർ വഴിപാടായി സമർപ്പിക്കുന്നതിനാൽ നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ തൂക്കം ലഭ്യമല്ല. ആഭരണംവാങ്ങാൻ ഭക്തർക്ക് ചെലവായ തുകമാത്രമാണ് രശീതിയിലുള്ളത്. ക്ഷേത്രത്തിലെ വികസനപ്രവൃത്തികൾക്ക് ദേവസ്വം ബോർഡ് അനുവദിച്ച ഒന്നരലക്ഷത്തോളം രൂപ ട്രസ്റ്റി ബോർഡ് ചെയർമാൻ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി കഴിഞ്ഞ ഓഗസ്റ്റിൽ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ ഈ തുക ട്രസ്റ്റി ബോർഡ് ചെയർമാൻ ക്ഷേത്രക്കമ്മിറ്റിക്ക് തിരിച്ചുനൽകി. തുടർന്ന്, പുതിയ ക്ഷേത്രക്കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചുമതലയേറ്റെടുക്കുന്നതിന് മുൻപ് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറുടെ അധ്യക്ഷതയിൽ പരിശോധന നടത്തുകയും ചെയ്തു. ഈ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
പുതിയ ഭരണസമിതി ഭരണമേറ്റെടുത്തതിനുശേഷം ഒരു ഭക്തൻ സ്വർണപ്പൊട്ട് നൽകിയിരുന്നു. ഈ സ്വർണപ്പൊട്ട് ക്ഷേത്രത്തിന്റെ ആസ്തിരജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്തർ ക്ഷേത്രത്തിലെ ശാന്തിക്കാണ് വഴിപാടുനൽകുന്നതെന്നും ഇത് ക്ഷേത്രക്കമ്മിറ്റിയെ അറിയിക്കേണ്ടത് ശാന്തിയാണെന്നും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ പറയുന്നു. സംഭവത്തിൽ വ്യക്തതതേടി ക്ഷേത്രം ശാന്തിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ചോഫായിരുന്നു. സ്വർണം-വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ ക്ഷേത്രക്കമ്മിറ്റി പ്രസിഡൻറ്് കെ.കെ. സുനിത്ത് മുക്കം പോലീസിൽ പരാതിനൽകി. കേസ് രജിസ്റ്റർചെയ്തിട്ടില്ല.
നടപടി വേണം -ദേവസ്വം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻമാർ
ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് കോട്ട ദേവസ്വം ട്രസ്റ്റി ബോർഡ് മുൻചെയർമാന്മാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു .
കൊട്ടയിലെ സ്വർണം, വെള്ളി ഉരുപ്പടികൾ എത്രയുണ്ടെന്ന് പരിശോധിച്ച് വ്യക്തതവരുത്തി ഭക്തരെ അറിയിക്കാനുള്ള സംവിധാനമൊരുക്കണമെന്നും സ്വർണ ഉരുപ്പടികൾ കൈവശപ്പെടുത്തിയവരെയും അതിന് കൂട്ടുനിന്നവരെയും കണ്ടെത്തി നിയമത്തിനുമുൻപിൽ കൊണ്ടുവരണമെന്നും മുൻ ചെയർമാൻമാരായ ബാബു ക്ലാസിക്, ആർ.സി. സിജു എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്ഥലംമാറിപ്പോയ എക്സിക്യുട്ടീവ് ഓഫീസർ ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകളും സ്വർണ ഉരുപ്പടികളും അടങ്ങുന്ന ലോക്കറിന്റെ താക്കോൽ ഏൽപ്പിച്ചിട്ടില്ലെന്ന് പലതവണ ദേവസ്വം അധികൃതരെ അറിയിച്ചിട്ടും നടപടിസ്വീകരിക്കാത്തതാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണമായതെന്നും അവർ ആരോപിച്ചു. ദേവസ്വംബോർഡിന്റെ ഭാഗത്തുനിന്ന് കനത്ത അനാസ്ഥയുണ്ടെന്നും ആരോപിച്ചു.
Content Highlights: Malabar Devaswom Board Temple Gold Missing