അധ്യാപകനും ഭാഷാപണ്ഡിതനുമായ ടി.ബി. വേണുഗോപാലപ്പണിക്കര്‍ അന്തരിച്ചു

കോഴിക്കോട്: അധ്യാപകനും എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ ടി.ബി. വേണുഗോപാലപ്പണിക്കര്‍ (80) അന്തരിച്ചു. ഫറോക്കിലെ വസതിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. ദീർഘകാലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളവിഭാഗത്തിൽ അധ്യാപകനും വകുപ്പ് അധ്യക്ഷനുമായിരുന്നു.
ഭാഷാശാസ്ത്രം, വ്യാകരണം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഗവേഷകനും എഴുത്തുകാരനുമായിരുന്നു ടി.ബി. വേണുഗോപാലപ്പണിക്കര്‍. ഈ മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു.
1945 ഓഗസ്റ്റ് 2-ന് വടക്കന്‍ പരവൂരിനടുത്ത് ഏഴിക്കരയില്‍ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടേയും തറമേല്‍ മീനാക്ഷിക്കുഞ്ഞമ്മയുടേയും മകനായി ജനിച്ചു. മഹാരാജാസ് കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ എം.എ. ബിരുദവും നേടി. അണ്ണാമലൈ സര്‍വ്വകലാശാലയില്‍നിന്ന് ഭാഷാശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. സുകുമാര്‍ അഴിക്കോടിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ കേരളപാണിനീയത്തിന്റെ പീഠിക - ഒരു വിമര്‍ശനാത്മകപഠനം എന്ന പ്രബന്ധത്തിന് 1981-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.
1971-ല്‍ മദ്രാസ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. 1973 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലയാളവിഭാഗം അദ്ധ്യാപകനായി. 2003-2005 കാലത്ത് ഇവിടെ വകുപ്പദ്ധ്യക്ഷനുമായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഭാഷാ സാഹിത്യവിഭാഗത്തിന്റെ ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജര്‍മ്മനിയിലെ കോളന്‍ സര്‍വകലാശാല സ്റ്റട്ഗര്‍ടില്‍ നടത്തിയ ഒന്നാമത് അന്താരാഷ്ട്ര ദ്രവീഡിയന്‍ സെമിനാര്‍ (2003) ഉള്‍പ്പെടെ നൂറിലേറെ ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ലക്ഷദ്വീപ് സോഷ്യോ റിസര്‍ച്ച് കമ്മിഷനില്‍ അംഗമായിരുന്നു. മദ്രാസ്, അലിഗര്‍, കേരള, എം ജി, കണ്ണൂര്‍ സര്‍വകലാശാലകളിലും യു.പി എസ്.സി, യു.ജി.സി എന്നിവയുടെ പരീക്ഷാ ബോര്‍ഡുകളിലും തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ ലാംഗ്വേജ് ഫാക്കല്‍റ്റിയിലും അംഗമായിരുന്നു.
ഭാഷാർത്ഥം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിവർത്തനത്തിനുള്ള 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കൂനൻതോപ്പ് എന്ന തമിഴ്നോവലിന്റെ മലയാള പരിഭാഷയ്ക്ക് ലഭിച്ചു.
Content Highlights: Malayalam linguist and former Calicut University professor T.B. Venugopalapaniicker passed away