തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്, സുരേഷ് ഗോപിക്ക് ലോക്സഭാംഗമായി തുടരാൻ അർഹതയില്ല- വി. ശിവൻകുട്ടി

വി ശിവൻകുട്ടി, സുരേഷ് ഗോപി | Photo: Mathrubhumi
വി ശിവൻകുട്ടി, സുരേഷ് ഗോപി | Photo: Mathrubhumi

തിരുവനന്തപുരം: തൃശ്ശൂരിൽ നടന്നത് ന​ഗ്നമായ ജനാധിപത്യ കശാപ്പാണെന്നും സുരേഷ് ഗോപിക്ക് ലോക്സഭാംഗമായി തുടരാൻ അർഹതയില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. ബിജെപി ജനാധിപത്യത്തെ എത്ര നിസ്സാരമായാണ് കണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ. വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇത്രയും വലിയ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷംപോലും ലോക്സഭാംഗമായി തുടരാൻ അർഹതയില്ല. അദ്ദേഹത്തിന് നാണവും മാനവും ഉണ്ടെങ്കിൽ ഉടൻതന്നെ എംപി സ്ഥാനം രാജിവെച്ച് വോട്ടർമാരോട് മാപ്പ് പറയണം. കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള ശ്രമമാണ്, അദ്ദേഹം കുറ്റപ്പെടുത്തി.

തൃശ്ശൂരിൽനടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവർ സമാനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഓരോ വോട്ടറും ജാഗ്രത പാലിക്കേണ്ട സമയമാണിത്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളണം. ജനാധിപത്യം സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്, മന്ത്രി പറഞ്ഞു.

Content Highlights: Minister V Sivankutty slams Suresh Gopi over Thrissur voter fraud, demands resignation.