‘പോലീസിന് എവിടെവേണമെങ്കിലും കയറാം, ഫോൺ പിടിച്ചുവെക്കാം’; ചാനൽ ഓഫീസ് റെയ്ഡിൽ സുരേഷ് ഗോപി

തൃശൂർ: മാധ്യമപ്രവർത്തകരും രാജ്യത്തെ സാധാരണ പൗരന്മാരാണെന്നും പോലീസ് എവിടെവേണമെങ്കിലും കയറുമെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സാധാരണക്കാരനായ പൗരന്റെ വീട്ടിൽ കയറുമ്പോൾ പോലീസ് മുറ്റത്ത് മാത്രം നിൽക്കാറില്ലെന്നും ഫോൺ അടക്കം വാങ്ങിവെക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടി.വി. ഓഫീസിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങൾ ആരാണ്? നിങ്ങളും പൗരന്മാരാണ്, അത്രയേയുള്ളൂ’ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടായി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും ആദ്യം ഫോൺ പിടിച്ചുവെക്കും. അവരുടെ അടുക്കളയിലും ബെഡ്റൂമിലും കയറും; ഫോൾ സീലിങ് ഉണ്ടെങ്കിൽ കുത്തിപ്പൊളിച്ചുപോലും ഒളിച്ചുവെച്ചിട്ടുണ്ടോ എന്ന് നോക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇത്തരം പരിശോധനാ രീതികൾ ഇന്ദിരാ ഗാന്ധിയുടെയോ സോണിയാ ഗാന്ധിയുടെയോ കാലത്ത് തുടങ്ങിയതല്ലെന്നും ഇൻകംടാക്സ് റെയ്ഡ് സിസ്റ്റം ഇന്ത്യയിൽ വന്നകാലംമുതൽ ഉള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇൻകംടാക്‌സ് റെയ്ഡുകളിൽ എന്റെ കുട്ടിക്കാലം മുതൽ കണ്ടതാണ്. അതിലൊന്നും ഒരുമാറ്റവും വന്നിട്ടില്ല. അത് ഇനിയും തുടരും. അത് ആരായാലും’, സുരേഷ് ഗോപി പറഞ്ഞു. നികുതിദായകർക്ക് കിട്ടാത്ത ഇളവുകൾ ഇനി ആർക്കാണ് നൽകേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: Union Minister Suresh Gopi defended police raids on media offices, stating that journalists are ordinary citizens and subject to standard investigative and tax raid procedures.