ഞാൻ ഇങ്ങനെ പറഞ്ഞതുകൊണ്ട് പ്രേമചന്ദ്രനെ അരസംഘിയും മുക്കാൽ സംഘിയുമാക്കരുത്- സുരേഷ് ഗോപി

#ന്യൂസ് ഡെസ്ക്
സുരേഷ് ഗോപി
സുരേഷ് ഗോപി

കൊല്ലം: വികസന കാര്യങ്ങളിൽ സഹകരിക്കുന്നതിന്റെ പേരിൽ എൻ. കെ. പ്രേമചന്ദ്രനെ 'അര സംഘി' എന്നോ 'മുക്കാൽ സംഘി' എന്നോ വിളിച്ച് ആരും ആക്രമിക്കരുതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയമായി തങ്ങൾ ശക്തമായി എതിർക്കുമെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് നിൽക്കുന്നവരാണ് പ്രേമചന്ദ്രനും ശശി തരൂരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ജയിക്കണം എന്ന് ആഗ്രഹിക്കുന്ന അപൂർവ്വം രാഷ്ട്രീയക്കാരാണ് ഇരുവരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ കൊല്ലം ഒന്നാം സ്ഥാനത്താണെന്ന് സുരേഷ്‌ഗോപി അവകാശപ്പെട്ടു. കേരളത്തിലെ ആദ്യത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സിസ്റ്റം കൊല്ലത്ത് ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് പ്രധാനമന്ത്രിയുടെ അനുമതിയോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മെമു ട്രെയിനുകൾക്ക് ആവശ്യമായ പിറ്റ്ലൈൻ സൗകര്യം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ കൊല്ലത്ത് അതിവേഗം പൂർത്തിയാവുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഏതാണ്ട് 39 വർഷത്തോളം മുടങ്ങിക്കിടന്ന കൊല്ലം ബൈപാസ് പദ്ധതി പൂർത്തിയാക്കി ജനങ്ങൾക്ക് എത്തിച്ചു കൊടുത്തത് നരേന്ദ്ര മോദി സർക്കാരാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു. മുൻപ് പല സർക്കാരുകളും മന്ത്രിമാരും ഉണ്ടായിരുന്നിട്ടും മുടങ്ങിപ്പോയ ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ ഒരു എൻ.ഡി.എ. സർക്കാർ വേണ്ടിവന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യസഭാ എം.പി. ആയിരുന്ന കാലത്ത് ഫ്‌ളൈ ഓവറുകൾക്കും അണ്ടർപാസുകൾക്കും വേണ്ടി താനും വാദിച്ചിട്ടുണ്ടെന്നും, ഇപ്പോൾ അത് നാലുവരിയും ആറുവരിയുമായി മാറുന്ന കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Suresh Gopi Defends NK Premachandran: "Not a Sanghi," Calls for Development Cooperation