സൂരജ് ലാമയുടെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്ലാതെ പോലീസ്, ഞെട്ടിപ്പിക്കുന്നുവെന്ന് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്

കൊച്ചി: കുവൈത്തിൽനിന്ന് നാടു കടത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരിയിലെത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചില്ലെന്ന് പോലീസ്. മൃതദേഹം സംസ്‌കരിച്ച ശേഷവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെന്ന് പോലീസ് പറയുന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്‌നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രതികരിച്ചു. കോടതി നിർദേശത്തെ തുടർന്ന് ഹൈക്കോടതിയിൽ ഹാജരായ നെടുമ്പാശ്ശേരി എസ്.എച്ച്.ഒ. ആണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചില്ലെന്ന് അറിയിച്ചത്. സൂരജ് ലാമയെ കാണാതായി എന്ന പരാതി ഒക്ടോബർ എട്ടിന് ലഭിച്ചിട്ടും ഒക്ടോബർ 10-ന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത സൂരജ് ലാമയെ എന്തുകൊണ്ട് തിരിച്ചറിയാനായില്ല എന്നതിൽ വിശദീകരണം നൽകാനാണ് എസ്.എച്ച്.ഒ.യോട് ഹാജരാകാൻ നിർദേശിച്ചിരുന്നത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടാതെ എങ്ങനെ മരണകാരണവും സമയവും കണ്ടെത്താനാകുമെന്ന് കോടതി ചോദിച്ചു. നവംബർ 30-ന് മൃതദേഹം കണ്ടെത്തിയതല്ലേ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്ലാതെ എങ്ങനെ കോടതിയിൽ എത്താനാകും. കൊലപാതക സാധ്യത ഒന്നും അന്വേഷിച്ചില്ലേ. ഒരു അന്വേഷണവും നടക്കുന്നില്ലെന്നല്ലേ മനസ്സിലാക്കേണ്ടത്. കോടതി നടപടി അവസാനിപ്പിച്ചാൽ അതോടെ തീരും എല്ലാം. എത്ര ലാഘവത്തോടെയാണ് ഇതൊക്കെ എടുക്കുന്നത്. കോടതി എന്തെങ്കിലും ചോദിച്ചാൽ അപ്പോൾ കോടതിയെ വിമർശിക്കും. കുവൈത്തിൽ ജയിലിലാക്കിയിരുന്നെങ്കിൽ സൂരജ് ലാമ ജീവിച്ചിരുന്നേനെ. ഇവിടെ വന്നപ്പോൾ ജീവൻ പോയി. വീണു മരിച്ചു എന്നാണ് പറയുന്നത്. തല വെള്ളത്തിലായിരുന്നു. അതൊക്കെ സ്ഥിരീകരിക്കേണ്ടേ. തലകറങ്ങി വീണ് ബോധംകെട്ടു എന്നൊക്കെ പറയുമായിരിക്കും. മൃതദേഹം കണ്ട കളമശ്ശേരിയിലെ കുറ്റിക്കാടിന് സമീപം ഒരു സൈഡിലേ വെളിച്ചമുള്ളൂ. അതൊക്കെ അന്വേഷിക്കേണ്ടേ. സൂരജ് ലാമയെ കണ്ടെത്താനായി രൂപവത്കരിച്ച എസ്.ഐ.ടി.യെ പിരിച്ചുവിടുന്നില്ല. സൂരജ് ലാമയുടെ വീട്ടുകാരോട് കാര്യങ്ങൾ പറയേണ്ടേ- കോടതി ചോദിച്ചു.

വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്നും അപ്പോൾ എസ്.എച്ച്.ഒ. ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

ഒക്ടോബർ അഞ്ചിനായിരുന്നു സൂരജ് ലാമ നെടുമ്പാശ്ശേരിയിലെത്തിയത്. കളമശ്ശേരിയിൽനിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടം സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകുകയും കഴിഞ്ഞ ദിവസം സംസ്‌കരിക്കുകയും ചെയ്തു.

Content Highlights: Kerala High Court expresses shock over the delay in receiving the postmortem report of Suraj Lama, who died after deportation from Kuwait. The court seeks explanations on the lack of progress in the investigation.