ബാധകമാകുക കേന്ദ്രനിയമമോ സംസ്ഥാനനിയമമോ? SNDP കേസിൽ സുപ്രീംകോടതി ഇടപടൽ; കേന്ദ്രം നിലപാട് വ്യക്തമാക്കണം

ന്യൂഡൽഹി: എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. യോഗത്തിന് ബാധകമായത് 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ട് ആണോ എന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. മെയ് 19-നകം നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു. കേന്ദ്ര നിലപാട് വെള്ളാപ്പള്ളിയുടെ അയോഗ്യത കേസിലും നിർണായകമാകും.
ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റർ ജനറലിന് നിർദേശം നൽകിയത്. 1903 മേയ് 15-ന് ട്രാവൻകൂർ റെഗുലേഷൻ പ്രകാരമാണ് യോഗം കമ്പനിയായി ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് 1956-ലെ കമ്പനി ആക്ടിലേക്ക് രജിസ്ട്രേഷൻ മാറ്റി. 1961-ൽ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ട് നിലവിൽ വന്നെങ്കിലും യോഗം 1956-ലെ കമ്പനീസ് ആക്ട് പ്രകാരം പ്രവർത്തനം തുടർന്നുവരികയായിരുന്നു.
എസ്.എൻ.ഡി.പിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 2003-ൽ യോഗത്തിലെ ചില അംഗങ്ങൾ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമ നടപടി ആരംഭിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനും എസ്.എൻ.ഡി.പിയിലെ പ്രവർത്തനങ്ങളിൽ ഇടപെടാൻ സംസ്ഥാന നിയമപ്രകാരം അധികാരം ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ 2005-ൽ ഉത്തരവ് ഇറക്കിയത്. കേന്ദ്രസർക്കാർ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിനോട് ഇക്കാര്യം വീണ്ടും പരിശോധിക്കാൻ നിർദേശിച്ചുവെങ്കിലും കേന്ദ്രം നിലപാട് സ്വീകരിച്ചിരുന്നില്ല.
ഇതിനിടെ എസ്.എൻ.ഡി.പി. യോഗത്തിന് ബാധകം സംസ്ഥാന നിയമമാണെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് ആ വിധി റദ്ദാക്കിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര അതോറിറ്റിയോട് നിർദേശിക്കുകയായിരുന്നു. ഇതിനെ ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. ഹർജിക്കാരനായ വിജയകുമാറിന് വേണ്ടി സീനിയർ അഭിഭാഷകൻ രാജീവ് ശക്ധർ, അഭിഭാഷകൻ ടോം ജോസഫ് എന്നിവർ ഹാജരായി. എസ്.എൻ.ഡി.പി. യോഗത്തിനുവേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരി, അഭിഭാഷകൻ റോയ് ഏബ്രഹാം എന്നിവർ ഹാജരായി. മറ്റ് കക്ഷികൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കെ. പരമേശ്വർ, പി.ബി. കൃഷ്ണൻ, അഭിഭാഷകരായ എ കാർത്തിക്, ആനി മാത്യു തുടങ്ങിയവർ ഹാജരായി.
Content Highlights: Supreme Court bench seeks Centre's stance on SNDP's governing legal framework., Deadline for the Solicitor General set for May 19, 2026., Core dispute involves the applicability of the 1956 Companies Act vs. 1961 Kerala Non-Trading Companies Act., The decision impacts ongoing disqualification cases involving SNDP leadership.