വിധിച്ചത് 6.91 ലക്ഷം, കൊടുത്തത് രണ്ടുകോടി; ഒരു ഒത്തുതീർപ്പിൽ നിയമക്കുരുക്കിലായി സപ്ലൈകോ

തിരുവനന്തപുരം: കേട്ടുകേൾവി പോലുമില്ലാത്ത ഒരു ഒത്തുതീർപ്പുണ്ടാക്കിയതിന്റെ നിയമക്കുരുക്കിലാണ് സപ്ലൈകോ. ആ കഥയിങ്ങനെ:
ശബരി ബ്രാൻഡിൽ ശുദ്ധമായ കാപ്പിയും മിശ്രിത കാപ്പിയും വിതരണംചെയ്യുന്നതിന് 2007-ൽ വയനാട്ടിലെ സാൻസ് സ്പൈസസ് ആൻഡ് കറിപൗഡേഴ്‌സ് എന്ന എം.എസ്.എം.ഇ. സ്ഥാപനവുമായി സപ്ലൈകോ കരാറുണ്ടാക്കി.
നിശ്ചിത കാലയളവിൽ ആവശ്യപ്പെട്ട അളവിൽ സാധനങ്ങൾ നൽകിയില്ലെന്ന് കാണിച്ച് സപ്ലൈകോ ഏകപക്ഷീയമായി കരാർ റദ്ദാക്കി. ഇതിനെതിരേ 36 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി സൂക്ഷ്മ-ചെറുകിട വ്യവസായ ഫെസിലിറ്റേഷൻ കൗൺസിലിനെ സമീപിച്ചു. 6.91 ലക്ഷം രൂപ നഷ്ടപരിഹാരവും അതിന് റിസർവ് ബാങ്ക് ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയും നൽകാൻ കൗൺസിൽ നിർദേശിച്ചു. ഇതിനെതിരേ സപ്ലൈകോ ഹൈക്കോടതിയെ സമീപിച്ചു. കോടതി വീണ്ടും തീരുമാനം കൗൺസിലിന് വിട്ടു. പലിശ മൂന്നിരട്ടി നൽകണമെന്നായിരുന്നു പിന്നീടുള്ള വിധി. 2007 ഓഗസ്റ്റ് മുതൽ പലിശകണക്കാക്കുമ്പോൾ സപ്ലൈകോ നൽകേണ്ട തുക 94.93 ലക്ഷം.
അപ്പീലിന് സാധ്യതയില്ലെന്നും ഒത്തുതീർപ്പാണ് പോംവഴിയെന്നും നിയമോപദേശം ലഭിച്ചതോടെ സപ്ലൈകോ എം.ഡി. 2020 ജനുവരി 20-ന് കമ്പനിയെ ചർച്ചയ്ക്ക് വിളിച്ചു. 10.21 കോടിയുടെ നഷ്ടമുണ്ടായെന്ന് അവർ പറഞ്ഞു. ഒടുവിൽ രണ്ടുകോടി നൽകി പ്രശ്നം തീർപ്പാക്കി.
എന്നാൽ കണക്ക് പരിശോധിക്കാനെത്തിയ സി.എ.ജി. ഈ 'ഒത്തുതീർപ്പ്' കണ്ട് അമ്പരന്നു. 94.93 ലക്ഷം നൽകാനുള്ള കൗൺസിലിൻ്റെ അന്തിമ ഉത്തരവ് നടപ്പാക്കിയാൽപോലും 1.07 കോടി ലാഭമായിരുന്നില്ലേയെന്നായിരുന്നു സി.എ.ജി. യുടെ ചോദ്യം. കോടതിവിധിച്ചതിനെക്കാൾ കൂടുതലായി നൽകിയ പണം തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടു. പ്രശ്നം പൊതുമേഖലാസ്ഥാപനങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിക്കുന്ന നിയമസഭാസമിതിക്ക് മുൻപിലെത്തി. ഒത്തുതീർപ്പുണ്ടാക്കിയ എം.ഡി. മരിച്ചുപോയെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളിൽനിന്ന് തുക തിരിച്ചുപിടിക്കാൻ ശ്രമിക്കാമെന്നുമാണ് സമിതിക്ക് മുൻപിൽ സപ്ലൈകോ അറിയിച്ചത്.
Content Highlights: Supplyco paid 2 crore rupees to settle a dispute with an MSME spice firm, ignoring a lower court-mandated amount of 94.93 lakh rupees. The CAG questioned the settlement, pointing out that adhering to the council's order would have saved over 1 crore rupees. Supplyco informed the Kerala legislative committee that they will attempt to recover the excess amount from the deceased MD's relatives.