‘പെറ്റി ഇഷ്യൂ, വിവാദം ഷാജിയെ വിമർശിക്കാൻ ഒന്നുമില്ലാത്തതിനാൽ’- ആഡംബരകാർ വിവാദത്തിൽ ന്യായീകരണവുമായി മന്ത്രി സണ്ണി ജോസഫ്

#ന്യൂസ് ഡെസ്‌ക്
സണ്ണി ജോസഫ്, കെ.എം. ഷാജി | Photo: Mathrubhumi
സണ്ണി ജോസഫ്, കെ.എം. ഷാജി | Photo: Mathrubhumi

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ വാഹനത്തിലെ യാത്രാവിവാദത്തിൽ ന്യായീകരണവുമായി വൈദ്യുതിവകുപ്പുമന്ത്രി സണ്ണി ജോസഫ്. വേറൊന്നും പറയാനില്ലാത്തത് കൊണ്ടാണ് അതൊക്കെയെന്ന് വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി നൽകി.

സർക്കാരിനെയും ആ വകുപ്പിനെയും ഷാജിയേയും വിമർശിക്കാൻ കാര്യമായിട്ടൊന്നുമില്ലാത്തതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. ഇത് പെറ്റി ഡിസ്പ്യൂട്ട്, പെറ്റി ഇഷ്യൂ ആണ്, എന്ന് സണ്ണി ജോസഫ് പറഞ്ഞു.

മുൻപൊരു കണ്ണട വിവാദം ഉണ്ടായല്ലോ എന്ന ചോദ്യത്തിന് കണ്ണട മേടിച്ചത് സർക്കാർ ഖജനാവിൽനിന്നായിരുന്നു, അത് സർക്കാരിന്റെ പണമാണ് എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. ഷാജി ഇപ്പോൾ ലാഭിക്കുകയാണ് ചെയ്തത്, സർക്കാരിന്റെ പണം. കേരള സ്‌റ്റേറ്റ് കാർ കൊണ്ടുപോകുമ്പോൾ അതിന് ഡീസൽ അടിക്കണം, അറ്റകുറ്റപ്പണി നടത്തണം, ടയർ മാറണം, ഡ്രൈവർക്ക് പൈസ കൊടുക്കണം. ഷാജി ഒരു അർഥത്തിൽ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാർക്കൊക്കെ എന്തിനാണ് സുഹൃത്തുക്കൾ കോടികളുടെ സൗജന്യം ചെയ്യുന്നതെന്ന ചോദ്യത്തിന് സണ്ണി ജോസഫ് നൽകിയ മറുപടി ഇങ്ങനെ- ‘സൗജന്യം അല്ലല്ലോ അതൊക്കെ യാത്രയ്ക്കുള്ള സൗകര്യം അല്ലേ. സൗജന്യവും സൗകര്യവും രണ്ടും രണ്ടല്ലേ. രണ്ടും ‘സൗ’ കൂട്ടിയുള്ള വാക്കുകളാണെങ്കിലും സൗജന്യവും സൗകര്യവും രണ്ടും രണ്ടല്ലേ. സൗജന്യം അല്ലല്ലോ’.