തകർന്നപാളത്തിൽ നിന്ന് വിജയത്തിന്റെ പുതിയ ട്രാക്കിലേക്ക്; അതിജീവനത്തിന്റെ പാതയിൽ സുജാതയുടെ പുതുജീവിതം

തിരുവനന്തപുരം: വേദനയുടെ കരിങ്കൽക്കഷണങ്ങൾക്കുമേൽ ഉറപ്പിച്ച റെയിൽപ്പാത പോലെയാണ് സുജാതയുടെ ജീവിതം. പാളംതകർന്നുപോയ ജീവിതത്തിന് കുറുകെ പുതിയൊരു ട്രാക്ക് കണ്ടെത്തി യാത്ര തുടരുകയാണ്. ആന്ധ്രയിലെ പരുത്തിക്കമ്പനിയിൽനിന്ന് ഇന്ത്യൻ റെയിൽവേയിൽ സീനിയർ ടിക്കറ്റ് ഇൻസ്പെക്ടറായുള്ള അതിജീവനയാത്ര.
ഇത് സുജാത ആക്കുളൈ. റെയിൽവേ മെക്കാനിക്കൽ വിഭാഗത്തിലായിരുന്ന ഭർത്താവ് നാഗേശ്വര റാവുവിനൊപ്പം 2001-ലാണ് തിരുവനന്തപുരത്തെത്തിയത്. കൊല്ലം പരവൂരിലായിരുന്നു താമസം. 2005 ജൂൺ 30-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ ജോലിക്കുപോയ നാഗേശ്വര റാവു മടങ്ങിയെത്തിയില്ല. പിറ്റേന്ന് മകളുടെ പിറന്നാൾദിനത്തിൽ സുജാതയെ തേടിയെത്തിയത് മംഗളൂരുവിൽവെച്ച് ഭർത്താവിന് അപകടംപറ്റിയെന്ന വാർത്ത. അപകടത്തെക്കുറിച്ച് ഇന്നും കൃത്യമായ വിവരങ്ങളില്ല. ഭാഷയറിയാതെ, ഉറ്റവർ ഒപ്പമില്ലാതെ, കുഞ്ഞുങ്ങളുമായി മംഗളൂരുവിലെത്തി. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാഗേശ്വരറാവുവിനെ രക്ഷിക്കാനായില്ല. കണ്ണീർകുതിർന്ന സുജാതയുടെ സാരിത്തുമ്പു ചുറ്റി നാലുവയസ്സുകാരിയും രണ്ടുവയസ്സുകാരനും അമ്മയെ പറ്റിച്ചേർന്നുനിന്നു.
സുജാതയ്ക്കും മക്കൾക്കും നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ആറാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അവർക്ക് 2006-ൽ റെയിൽവേ ഗ്രൂപ്പ് ഡി വിഭാഗത്തിൽ ജോലിലഭിച്ചു. മെച്ചപ്പെട്ട ജോലിക്ക് വിദ്യാഭ്യാസം തടസ്സമായതിനാൽ പഠനം തുടരാനായി ശ്രമം. ഭാഷ വെല്ലുവിളിയായതിനാൽ പഠനം തെലുഗിലാക്കി. ആന്ധ്രയിൽ പോയി പരീക്ഷയെഴുതി. പത്താം ക്ലാസ് പാസായി. മകൾ ധരണി കേരളത്തിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ സുജാതയും തെലുഗു സിലബസിൽ ഒപ്പം പഠിച്ചു, പാസായി. മലയാളവും പഠിച്ചു. ഇതിനിടെ റെയിൽവേ ഡിപ്പാർട്ട്‌മെന്റ് പരീക്ഷകളും എഴുതി. 2017-ൽ ടിക്കറ്റ് എക്സാമിനറായി. പിന്നീട് സീനിയർ ടി.ഇ.യും. ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പ്രമോഷൻ ഉത്തരവിനായി കാത്തിരിക്കുകയാണിപ്പോൾ. ബിരുദാനന്തര ബിരുദമാണ് ഇനിയുള്ള ആഗ്രഹം.
മക്കളും പഠനത്തിൽ മിടുക്കരാണ്. ക്രിക്കറ്റ് മോഹങ്ങളുമായി മുന്നോട്ടുപോകുന്ന മകൻ സായ് വെങ്കട്ടും സിവിൽ സർവീസിനായി പരിശ്രമിക്കുന്ന മകൾ ധരണിക്കുമൊപ്പം തമ്പാനൂർ റെയിൽവേ ക്വാർട്ടേഴ്‌സിലാണ് താമസം.
Content Highlights: The inspiring survival story of Sujatha, who overcame personal tragedy to become a Senior Ticket Inspector in the Indian Railways.