കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുനൽകിയില്ല; പോലീസ് സ്റ്റേഷനുമുൻപിൽ ആത്മഹത്യാശ്രമം

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

പനമരം(വയനാട്): കസ്റ്റഡിയിലെടുത്ത ബൈക്ക് പോലീസ് വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച്‌ പനമരം പോലീസ് സ്റ്റേഷനുമുൻപിൽ യുവാവിന്റെ ആത്മഹത്യാശ്രമം. കൈതക്കൽ സ്വദേശി മഞ്ചേരി കബീറാണ്‌ (49) പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം.

പനമരം പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് വിട്ടുനൽകിയില്ല എന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. മാനന്തവാടി അഗ്നിരക്ഷാസേനയും നാട്ടുകാരും പൊതുപ്രവർത്തകരും സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് ഇയാളെ പിന്തിരിപ്പിച്ചത്.

ഞായറാഴ്ച ഇയാളുടെ 17-കാരനായ മകൻ ബൈക്ക് ഓടിച്ചുപോവുന്നതിനിടെയാണ് പനമരം ടൗണിൽവച്ച് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ വാഹനത്തിന് ഇൻഷുറൻസും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലാത്തതായി കണ്ടെത്തി.

ഇവ അടച്ചശേഷം ഇയാൾ സ്റ്റേഷനിൽ രണ്ടുതവണയെത്തിയെങ്കിലും എസ്.എച്ച്.ഒ. ഇല്ലാത്തതിനാൽ വാഹനം വിട്ടുനൽകിയില്ല. ഇതിൽ പ്രകോപിതനായാണ് കബീർ ആത്മഹത്യാശ്രമം നടത്തിയത്. പ്രായപൂർത്തിയാവാത്ത മകൻ വാഹനം ഓടിച്ചതിൽ പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്.

Content Highlights: Suicide attempt in front of police station