‘പോകരുത്, ഒപ്പിട്ടുകൊടുക്കരുത് മാഷേ...’; പ്രിയ അധ്യാപകന്റെ സ്ഥലംമാറ്റത്തിൽ വിതുമ്പി കുരുന്നുകൾ | വീഡിയോ

എടത്തനാട്ടുകര: 'മാഷ് ഇവിടെനിന്ന് പോകണ്ട. ഒപ്പിട്ടുകൊടുത്താലല്ലേ മാഷ് പോകൂ. ഒപ്പിട്ടുകൊടുക്കരുത് മാഷേ…' സ്റ്റാഫ് റൂമിൽ അഭ്യർഥനയുമായി എത്തിയ വിദ്യാർഥികളുടെ സ്‌നേഹത്തിനും പരിഭവത്തിനും മുൻപിൽ അധ്യാപകർ ധർമസങ്കടത്തിലായി.
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിലെ യു.പി. വിഭാഗം അധ്യാപകനായ സി. ബഷീറിനെയാണ് സ്‌കൂളിൽനിന്ന് സ്ഥലംമാറിപ്പോകാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അഞ്ച് എ. ക്ലാസിലെ ലീഡർ പി. മിൻഹ, ക്ലാസ്സിലെ മറ്റൊരു വിദ്യാർഥിയായ പി. അനുപമ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാഫ് റൂമിലെത്തിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സ്‌കൂളിലെ അഞ്ച് എ ക്ലാസിലെ അധ്യാപകനായ സി. ബഷീറിന് മക്കരപ്പറമ്പ് ജി.എച്ച്.എസ്.എസിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായാണ് സ്ഥാനക്കയറ്റം ലഭിച്ചത്. സ്‌കൂളിലെ യാത്രയയപ്പായിരുന്നു തിങ്കളാഴ്ച. ഇതിനിടെയാണ് ക്ലാസിലെ വിദ്യാർഥികൾ സ്റ്റാഫ് റൂമിലെത്തിയത്.
ഈസമയം പ്രധാനാധ്യാപകൻ കെ.എ. അബ്ദുമനാഫ്, അധ്യാപകരായ പി. അബ്ദുസ്സലാം, സി. ബഷീർ, ശോഭന തുടങ്ങിയവരാണ് ഇവിടെയുണ്ടായിരുന്നത്. പ്രധാനാധ്യാപകനോട് കുട്ടികൾ 'സാറിന് ഒപ്പിട്ടു കൊടുക്കരുതെന്നും ഒപ്പിട്ടുകൊടുത്താലല്ലേ മാഷിന് പോകാൻ പറ്റൂ എന്നും പറഞ്ഞു. കുട്ടികൾക്ക് പ്രിയ അധ്യാപകനോടുള്ള സ്നേഹത്തിനു മുന്നിൽ എന്തുചെയ്യണമെന്നറിയാതെ അധ്യാപകരും പതറി.
Content Highlights: Students of GOHSS Edathanattukara pleaded with their teacher C Basheer not to leave the school after his promotion., Class leaders P Minha and P Anupama led the emotional appeal inside the staff room.