4 കൊല്ലത്തിനിടെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ സംസ്ഥാന ഖജനാവിലെത്തിയത് 20,892 കോടി

#വി.എസ്. സിജു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് നാലുവര്‍ഷത്തിനിടെ സ്റ്റാമ്പ് പേപ്പര്‍ ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ ഖജനാവില്‍ എത്തിയത് 20,892.26 കോടി രൂപ. ഇതില്‍ 15,327.51 കോടിരൂപ സ്റ്റാമ്പ് പേപ്പര്‍ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്ട്രേഷന്‍ ഫീസുമാണ്. 2021-'22 സാമ്പത്തികവര്‍ഷം മുതല്‍ 2024-2025വരെയുള്ള കണക്കാണിത്.

ഭൂമി, കെട്ടിടം, ഫ്‌ലാറ്റ്, കൊമേഴ്സ്യല്‍ വസ്തുക്കള്‍ എന്നിവയുടെ രജിസ്ട്രേഷനിലൂടെ ലഭിച്ച തുകയാണിതെന്നാണ് രജിസ്ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫീസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 315 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ വഴിയാണ് ആധാരം രജിസ്ട്രേഷന്‍ നടത്തുന്നത്.

സംസ്ഥാനത്ത് 4859 പേര്‍ സ്വന്തമായി ആധാരം എഴുതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് ആധാരം എഴുത്തുകാര്‍, സര്‍ക്കാര്‍ നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ ഫീസ് ഈടാക്കുന്നുവെന്ന പരാതി ശക്തമാണ്. ഭൂമിവില എത്രയാണെങ്കിലും എട്ടു ലക്ഷത്തിനുമേലെ മൂല്യമുള്ള ആധാരത്തിന് 10,000 രൂപയെ ഫീസായി ഈടാക്കാവൂ എന്നാണ് സര്‍ക്കാര്‍ നിബന്ധന. ഇത് പരിഗണിക്കാതെ ഭൂമിയുടെ ആകെ വിലയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ഫീസ് ആധാരം എഴുത്തുകാര്‍ വാങ്ങുന്നുവെന്നാണ് പരാതി.

Content Highlights: state treasury gets 20,892.26 crore rupee in four year on stamp duty and registration fee