വളർത്തുനായ കിണറ്റിൽവീണു, രക്ഷിക്കാൻ വെള്ളത്തിൽ ചാടി യുവതി; കൂരിരുട്ടിലും ഡോറയെ കൈവിടാതെ ശ്രീനന്ദ

#ന്യൂസ് ഡെസ്ക്
• ശ്രീനന്ദ ഡോറയുടെ ഒപ്പം, കിണറ്റിലിറങ്ങി നായയെ രക്ഷിച്ച വിനീഷ്
• ശ്രീനന്ദ ഡോറയുടെ ഒപ്പം, കിണറ്റിലിറങ്ങി നായയെ രക്ഷിച്ച വിനീഷ്

കാട്ടൂർ (റാന്നി): കിണറ്റിലെ തണുപ്പിലും കൂരിരുട്ടിലും ഡോറയെ കൈവിടാതെ ശ്രീനന്ദ കരകയറാൻ ശ്രമിച്ചു. 35 കിലോയോളം ഭാരമുള്ള ഡോറയുമായി ഏണികയറി മുകളിലേക്ക് എത്തുന്നതിനിടെ കൈവിട്ട് ഇരുവരും ഒന്നരയാൾ താഴ്ചയിൽ വെള്ളമുള്ള കിണറ്റിലേക്ക് താണു. പ്രാണനോളം പ്രിയപ്പെട്ട നായയെ കിണറ്റിൽനിന്ന് കരകയറ്റാൻ 23-കാരി സഹിച്ച വേദന ചെറുതല്ല, ഒരുസിനിമയെ വെല്ലുന്ന കഥയാണത്.

കാട്ടൂർ കിളിയാനിക്കൽ തോട്ടത്തിൽ ശ്രീനന്ദയും വളർത്തുനായ ഡോറയുമാണ് പ്രധാനകഥാപാത്രങ്ങൾ. എം.എൽ.ടി. കഴിഞ്ഞ് ബെംഗളൂരുവിൽ ജോലിയായിരുന്ന ശ്രീനന്ദ ഏതാനും ദിവസംമുമ്പാണ് നാട്ടിലെത്തിയത്. ശ്രീനന്ദ എത്തിയാൽ പിന്നെ ലാബ് ഇനത്തിൽപ്പെട്ട ഡോറ കൂടെത്തന്നെയാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30-ഓടെ റോഡരികിലിരുന്ന സ്കൂട്ടർ മുറത്തേക്ക് കയറ്റിവെക്കാൻ പോയപ്പോൾ ഡോറയും കൂടെയിറങ്ങി. വീട്ടിലേക്ക് തിരിച്ചുപോകാൻ ഡോറയോട് പറഞ്ഞശേഷം സ്കൂട്ടറിനരികിൽ എത്തിയപ്പോഴേക്കും കിണറ്റിൽ എന്തോ വീഴുന്ന ശബ്ദംകേട്ടു. ഓടിയെത്തി നോക്കിയപ്പോൾ വെള്ളത്തിൽ കിടക്കുന്ന ഡോറയെയാണ് കണ്ടത്. ശ്രീനന്ദയും അമ്മ ശ്രീദേവി സുരേഷും മാത്രമായിരുന്നു വീട്ടിൽ. ഇരുവരും കരഞ്ഞുകൊണ്ട് സമീപവാസികളെയും അറിയിക്കാവുന്ന എല്ലാവരെയും ഫോണിൽ വിളിച്ച് സഹായമഭ്യർഥിച്ചു. സമീപവാസികൾ ഓടിയെത്തി.

റിങ്ങൊന്നുമില്ലാത്ത പഴയ കിണറിൽ ഇത്രയും വലിപ്പമുള്ള നായയെ രക്ഷിക്കാൻ രാത്രി ഇറങ്ങാൻ ആർക്കും ധൈര്യം വന്നില്ല. ശ്രീനന്ദ പോലീസിൽ വിളിച്ചപ്പോൾ അഗ്നിരക്ഷാസേനയുടെ നമ്പർ നൽകി. അഗ്നിരക്ഷാസേന ആലപ്പുഴയിലുള്ള ഡോഗ് റെസ്‌ക്യൂ ടീമിന്റെ നമ്പർ കൊടുത്തു. ഒടുവിൽ എം.എൽ.എ.യെ വിളിച്ചപ്പോൾ ബിസിയാണെന്ന മറുപടി. ആരും സഹായിക്കില്ലെന്ന് വന്നതോടെ ശ്രീനന്ദ കിണറ്റിലേക്ക് ഏണിയിറക്കി വെച്ചു. കിണറിന്റെ മുകൾഭാഗം വരെ ഏണി എത്താത്തതിനാൽ അത്രഭാഗം കയറിൽ പിടിച്ചാണ് ഇറങ്ങിയത്.

ഡോറയെ താങ്ങിപിടിച്ച് ഏണിയുടെ മുകൾഭാഗം അടുക്കാറായപ്പോൾ ശ്രീനന്ദ തളർന്നു. കിണറിന്റെ വശങ്ങളിൽ ഉരഞ്ഞ് കൈകൾ മുറിഞ്ഞു. പെട്ടെന്ന് ഡോറയുമായി ശ്രീനന്ദ കിണറ്റിൽവീണ് വെള്ളത്തിൽ താണു. മോട്ടോർകെട്ടി താഴ്ത്തിയ കയറിൽ പിടിച്ചുനിന്ന ശ്രീനന്ദ അമ്മയുടെയും നാട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി ഏണിയിലൂടെ കരയ്ക്കുകയറി. ഡോറയെ രക്ഷിക്കണമെന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരനായ വിനീഷ് എം.ചെറിയാൻ പറഞ്ഞു; “ഞാൻ ഇറങ്ങാം.” കിണറ്റിലിറങ്ങി ബെഡ് ഷീറ്റുപയോഗിച്ച് കുരുക്കിട്ട് നാട്ടുകാരുടെ സഹായത്തോടെ പാടുപെട്ട് നായയെ കരയ്ക്കെത്തിച്ചു. കുറേനേരം ഡോറയെ കെട്ടിപ്പിടിച്ച് ശ്രീനന്ദ സന്തോഷംകൊണ്ട് കണ്ണീരൊഴുക്കി. ആരാണ് വിളിച്ചതെന്നറിയാൻ തിരികെവിളിച്ച പഴകുളം മധു എം.എൽ.എ.യോട് ശ്രീനന്ദ കാര്യം പറഞ്ഞു. അടുത്തദിവസം എം.എൽ.എ. സ്ഥലത്തെ കോൺഗ്രസ് നേതാവായ മോഹനചന്ദ്രനൊപ്പം വീട്ടിലെത്തി ശ്രീനന്ദയെ അഭിനന്ദിച്ചു.

Content Highlights: 23-year-old Sreenanda attempted a daring rescue of her pet dog Dora from an abandoned well., The incident occurred in Kattoor, Ranni, involving a deep, ringless well., Despite initial lack of professional help, local community support led by Vineesh M. Cherian ensured the dog's safety., MLA Pazhakulam Madhu personally visited Sreenanda to commend her courage.