‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും സിപിഎം വിടുന്നു

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം. വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്. ആർ. വിനയകുമാർ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു. തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ല. പാർട്ടിയിൽ 'പിണറായിസം' മാത്രമാണ് നിലനിൽക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെടുത്തി മുന്നോട്ടുപോകുന്ന പാർട്ടിയിൽ ഇനി തുടരുന്നതിൽ അർഥമില്ലെന്നും ആരോപിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്.
പിണറായി വിജയൻ എന്നാൽ സിപിഎം എന്നും സിപിഎം എന്നാൽ പിണറായി വിജയൻ എന്നുമാണ് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പറയുന്നതെന്നും പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ലെന്നും വിനയകുമാർ വിമർശിച്ചു. അത് പാർട്ടിയിൽ കേട്ടുകേൾവിയില്ലാത്ത ഒരു കാര്യമാണ്. കുറേക്കാലമായി പാർട്ടിയിൽ വേറെ കാര്യങ്ങളൊന്നും നടക്കുന്നില്ല. പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിയുന്ന കേസുകളും അതുമായി ബന്ധപ്പെട്ട് പ്രതിരോധം തീർക്കലും മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ചരിത്രത്തിലില്ലാത്ത തോൽവി ഏറ്റുവാങ്ങിയിട്ടും നേതൃത്വം സ്വയം തിരുത്താൻ തയ്യാറാകുന്നില്ല. ഇത് തിരുത്താൻ വേണ്ടി കൂടിയ സംസ്ഥാന കമ്മിറ്റിയിൽ എം. വി. ഗോവിന്ദൻ പ്രസംഗിക്കുന്നത് താനോ പിണറായി വിജയനോ മാറുന്നില്ല എന്നാണ്. വീഴ്ചകൾ അണികളുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. പാർട്ടിയിൽ അടിമയായി തുടരുന്നതിൽ അർഥമില്ല. നേതൃത്വത്തിന് സ്തുതി പാടുന്നവർക്ക് മാത്രമാണ് നിലവിൽ പരിഗണന ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വ്യവസായ വകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എംഡിയായിരുന്നു വിനയകുമാർ. 2023-ൽ ട്രിവാൻഡ്രം ക്ലബിൽ പണംവച്ച് ചീട്ടുകളിച്ചതിനു വിനയകുമാർ അടക്കം ഒൻപത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പദവി ഒഴിയേണ്ടിവന്നിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോടും മകൻ ബിനീഷ് കോടിയേരിയോടും പാർട്ടി നേതൃത്വം അവഗണന കാണിക്കുന്നതായി ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിനിടെയാണ് എസ്. ആർ. വിനയകുമാർ പാർട്ടി വിടുന്നത്.
Content Highlights: SR Vinayakumar, relative of late CPM leader Kodiyeri Balakrishnan, has severed ties with the CPM., He refused to renew his party membership at the Kesavadasapuram branch committee., He criticized 'Pinarayism' and stated that communist values have been lost within the party., He accused the leadership of ignoring failures and promoting sycophancy.