ബഹുമുഖ പ്രതിഭ, അതുല്യനായ കലാസംഘാടകൻ; സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75)യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭയായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് മുഖ്യമന്ത്രി അനുശോചനകുറിപ്പിൽ പറഞ്ഞു.
അതുല്യനായ കലാസംഘാടകനെയാണ് സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തോടെ കേരളത്തിനു നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കലാരംഗത്ത് പ്രകാശം പകർന്ന് കേരളീയ സംസ്കാരത്തിന്റെ മൂല്യങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച അതുല്യ കലാകാരനായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കലാകേരളത്തെ പ്രോജ്വലമാക്കിയ വ്യക്തിത്വമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടേതെന്നും എഴുത്തും പ്രസംഗവും നാടകവും സംഗീതവും നൃത്തവും സിനിമയുമെല്ലാം ചേർന്ന ഒരു സാംസ്‌കാരികോത്സവം എന്നുതന്നെ ആ ജീവിതത്തെക്കുറിച്ച് പറയാമെന്നും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു.
സൂര്യ കൃഷ്ണമൂർത്തി വിട പറഞ്ഞു എന്നറിഞ്ഞപ്പോൾ ഒരു വലിയ ശൂന്യതയാണ് അനുഭവപ്പെടുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ കുറിച്ചു.
സമാനതകളില്ലാത്ത വ്യക്തിത്വമാണ് കൃഷ്ണമൂർത്തി സാറിന്റേതെന്നും ഏതു മേഖലയിൽ ഉള്ളവർക്കും കഠിനാധ്വാനത്തിനും സമർപ്പിതമായ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ ജീവിതം പ്രചോദനമാണെന്നും മുൻ മന്ത്രി വീണാ ജോർജ് പറഞ്ഞു.