സോളാര്‍; കൊടുത്തത് മുഴുവന്‍ രാത്രിയില്‍ തിരിച്ചുകിട്ടില്ല; ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ മിച്ചവൈദ്യുതി കുറയും

#എസ്.എന്‍. ജയപ്രകാശ്
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

തിരുവനന്തപുരം: പുരപ്പുറ സോളാര്‍ നിലയങ്ങള്‍ക്ക് 10 കിലോവാട്ടുവരെ ബാറ്ററിയില്ലാതെ ലാഭകരമായ നെറ്റ് മീറ്ററിങ് രീതി അനുവദിച്ചിട്ടുണ്ടെങ്കിലും പുതിയ ചട്ടങ്ങളില്‍ രാത്രിയിലെ വൈദ്യുതോപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഉത്പാദകരെ ബാധിക്കും. രാത്രിയിലെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വര്‍ഷാവസാനം മിച്ചവൈദ്യുതി കുറയും. ബില്ലും കൂടാം.

ഇതുവരെ പകല്‍ ഉത്പാദിപ്പിച്ച് ഗ്രിഡിലേക്കു നല്‍കുന്ന സോളാര്‍ വൈദ്യുതിക്ക് തുല്യമായ അളവില്‍ രാത്രിയില്‍ ഗ്രിഡില്‍ നിന്ന് ഉപയോഗിക്കാമായിരുന്നു. ഇനിമുതല്‍ വീടുകളില്‍ വൈകുന്നേരം ആറുമുതല്‍ രാത്രി 11.30 വരെ (പീക്ക് സമയം) 75 ശതമാനം മാത്രമേ തിരിച്ചെടുക്കാനാവൂ. ഗാര്‍ഹികേതര കണക്ഷനുകളില്‍ 85 ശതമാനവും.

രാത്രി 11.30 മുതല്‍ രാവിലെ എട്ടുവരെ (ഓഫ് പീക്ക്) വീടുകളിലും മറ്റ് കണക്ഷനുകളിലും 85 ശതമാനവും. വീടുകളിലും അല്ലാതെയും രണ്ടു കിലോവാട്ടിന് മുകളിലുള്ള എല്ലാ നിലയങ്ങള്‍ക്കും ഇത് ബാധകമാണ്.

സോളാര്‍ ഉള്‍പ്പെടെയുള്ള പുനരുപയോഗ സ്രോതസ്സുകളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന് ബാധകമായ ബില്ലിങ്ങിന് പുതിയ ചട്ടം കഴിഞ്ഞദിവസം റെഗുലേറ്ററി കമ്മിഷന്‍ വിജ്ഞാപനം ചെയ്തിരുന്നു. 10 കിലോവാട്ടുവരെയുള്ള പുരപ്പുറ നിലയങ്ങള്‍ക്ക് ബാറ്ററിയില്ലാതെ നെറ്റ് മീറ്ററിങ് തുടരാമെന്നത് സോളാര്‍ വൈദ്യുതോത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.

എന്നാല്‍, രണ്ടുകിലോവാട്ടിന് മുകളില്‍ ശേഷിയുളള നിലയങ്ങളില്‍നിന്ന് പകല്‍ ഗ്രിഡിലേക്കു നല്‍കുന്നത് മുഴുവന്‍ തിരിച്ചെടുക്കാനാവില്ലെന്ന വ്യവസ്ഥ ഭൂരിഭാഗം ഉത്പാദകരെയും ബാധിക്കും. കേരളത്തില്‍ ഭൂരിഭാഗം പുരപ്പുറ നിലയങ്ങളും രണ്ട് കിലോവാട്ടിന് മുകളിലുള്ളവയാണ്. സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് ഒന്നിലധികം എസി പ്രവര്‍ത്തിപ്പിക്കുന്നവരെയും രാത്രിയില്‍ ഇ-വാഹനം ചാര്‍ജ് ചെയ്യുന്നവരെയുമൊക്കെ ഇത് ബാധിക്കും.

ബാധിക്കുന്നത് ഇങ്ങനെ

ഒരു നിലയത്തില്‍നിന്ന് മാസം 300 യൂണിറ്റ് ഉത്പാദിപ്പിക്കുന്നുവെന്നിരിക്കട്ടെ. ഇതില്‍ പകല്‍ 90 യൂണിറ്റ് ഉപയോഗിച്ചെന്നു കരുതുക. ശേഷിച്ച 210 യൂണിറ്റ് ഗ്രിഡിലേക്ക് പോകുന്നു. പഴയചട്ടപ്രകാരം രാത്രിയിലെ ഉപയോഗത്തില്‍ ഈ 210 യൂണിറ്റും തട്ടിക്കിഴിക്കാന്‍ അനുവദിച്ചിരുന്നു. മിച്ചംവന്നാല്‍ അത് അടുത്ത മാസങ്ങളിലെ ബില്ലില്‍ വരവുവെക്കും. ഇങ്ങനെ വര്‍ഷാവസാനം ശേഷിക്കുന്ന മിച്ചവൈദ്യുതിക്ക് പഴയ ഉത്പാദകര്‍ക്ക് യൂണിറ്റിന് 3.08 രൂപ നിരക്കിലും പുതിയവര്‍ക്ക് 2.79 രൂപ നിരക്കിലും പണം നല്‍കും.

പുതിയ ചട്ടം അനുസരിച്ച് രാത്രിയില്‍ ഈ 210 യൂണിറ്റില്‍ പീക്ക്, ഓഫ് പീക്ക് സമയങ്ങളിലെ നിയന്ത്രണം കാരണം ഈ 210 യൂണിറ്റും ഉപയോഗിക്കാനാവില്ല. ശരാശരി 20 ശതമാനം കുറയ്ക്കും. അതായത് 210-ല്‍ 42 കുറച്ച് 168 യൂണിറ്റേ ഉപയോഗിക്കാനാവൂ.

പഴയ ചട്ടമനുസരിച്ച് മാസാവസാനം ബില്‍ ലഭിക്കുമ്പോള്‍ വൈദ്യുതി മിച്ചം ഉണ്ടായിരുന്നാലും സോളാര്‍ ഉത്പാദകന്‍ ഫിക്‌സഡ് ചാര്‍ജ്, മീറ്റര്‍വാടക തുടങ്ങിയ നേരിട്ട് അടയ്ക്കണമായിരുന്നു. വൈദ്യുതി നിരക്കില്‍മാത്രമേ സോളാര്‍ വൈദ്യുതിയുടെ കണക്ക് തട്ടിക്കിഴിക്കുമായിരുന്നുള്ളൂ.

ഇനിമുതല്‍ ഫിക്‌സഡ് ചാര്‍ജും മീറ്റര്‍വാടകയും അതത് മാസം മിച്ചവൈദ്യുതിയുടെ പണം കൊണ്ടുതന്നെ അടയ്ക്കണം. അതുകഴിഞ്ഞും മിച്ചമുണ്ടെങ്കിലേ അടുത്തമാസങ്ങളിലെ കണക്കില്‍ തട്ടിക്കിഴിക്കാനും വര്‍ഷാവസാനം വിറ്റ് കാശാക്കാനുമാകൂ. 

Content Highlights: New Kerala regulations limit night-time solar power return to the grid. Understand how this impacts your rooftop solar savings and electricity bills. Read more!