സോഷ്യൽ മീഡിയയിലെ വീഡിയോ ഒരാളുടെ മരണത്തിന് കാരണമായാൽ 10 വർഷം വരെ തടവ് ലഭിക്കാം; അതിശ്രദ്ധ വേണം

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിൽ അതിശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ. നിസ്സാരമായി കരുതുന്ന പലതും ആത്മഹത്യയിലേക്കുവരെ ആളുകളെ എത്തിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിൽ. ഇത്തരത്തിലുണ്ടായ സംഭവങ്ങളിൽ ഒടുവിലത്തേതാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപകിന്റെ മരണം.
ഇന്ത്യൻ നിയമസംവിധാനത്തിൽ തെറ്റായ സാമൂഹികമാധ്യമ ഇടപെടലുകളെ ചെറുക്കാൻ നിയമമുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമം എന്നിവപ്രകാരം കേസെടുക്കാം. കുറ്റവാളിയെന്ന് കണ്ടെത്തിയാൽ തടവും പിഴയുമടക്കം ശിക്ഷ ലഭിക്കും.
സുപ്രീംകോടതിയും സാമൂഹിക മാധ്യമ ഇടപെടലുകളിൽ കൃത്യമായ മാർഗനിർദേശം ഉണ്ടാക്കണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റം-ശിക്ഷ
* ഒരാളുടെ അറിവോ സമ്മതമോ ഇല്ലാതെ സ്വകാര്യ ദൃശ്യങ്ങൾ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും- ഐടി നിയമത്തിലെ വകുപ്പ് 66-ഇ പ്രകാരം മൂന്നുവർഷം തടവും രണ്ടുലക്ഷംരൂപ പിഴയും
* അപകീർത്തികരമായ തരത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നത് - ബിഎൻഎസ് വകുപ്പ് 356 പ്രകാരം രണ്ടുവർഷം തടവും പിഴയും
* ഒരാളുടെ മരണത്തിലേക്ക് എത്തിക്കാൻ ഇത്തരത്തിലുള്ള വീഡിയോ കാരണമായാൽ- ബിഎൻഎസ് 108, 109 പ്രകാരം പ്രതിചേർക്കപ്പെടാം. 10 വർഷംവരെ തടവും.
നിരീക്ഷിക്കുന്നു
സർക്കാരിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന എല്ലാ പ്രതികരണങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. വ്യക്തികൾക്കെതിരേ പരാതി ലഭിച്ചാൽ അവയും പരിശോധിക്കും. പരാതികൾ നേരിട്ടോ, സൈബർക്രൈം പോർട്ടൽ വഴിയോ നൽകാം.
സുരക്ഷ ഉറപ്പാക്കണം
കോടതികൾ ഒട്ടേറെ വിധിന്യായങ്ങളിലൂടെ സാമൂഹിക മാധ്യമ ഇടപെടലുകളെക്കുറിച്ച് അഭിപ്രായപ്പെടുന്നുണ്ട്. മരണക്കെണിയാകുന്ന തരത്തിൽ കണ്ടന്റ് ക്രിയേറ്റേഴ്സ് മാറിയാൽ ശക്തമായ ശിക്ഷനൽകി സമൂഹത്തിനെ ബോധവാന്മാരാക്കണം
ജിജോ ആന്റണി, അസി. പ്രൊഫ. ഇലാഹിയ ലോ കോളേജ്, മൂവാറ്റുപുഴ
ജാഗ്രത വേണം
ചിലപ്പോൾ അറിയാതെ ഷെയർ ചെയ്യുന്ന കണ്ടന്റുപോലും വലിയ കുറ്റമാകാം. ഇവിടെ അറിവില്ലായ്മ തെളിയിക്കാൻ സാധിക്കില്ല. അതിനാൽ ശ്രദ്ധാപൂർവമാകണം ഓരോ ഇടപെടലും - സൈബർ പോലീസ് വിഭാഗം
Content Highlights: social media use video sharing legal actions