'മിസ്റ്റര്‍ മത്തി അഹങ്കരിക്കരുത്, വന്നവഴി മറക്കരുത്'; മീൻ വിലക്കയറ്റത്തെ ട്രോളി സമൂഹമാധ്യമങ്ങള്‍

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

'പ്രിയപ്പെട്ട മത്തി അറിയാന്‍, ഇത്ര അഹങ്കാരം പാടില്ല. സംഗതി താങ്കള്‍ കടലില്‍ അയക്കൂറ, ആവോലി എന്നിവര്‍ക്കൊപ്പം നീന്തിയിട്ടുണ്ടാവാം. എന്നുവെച്ച് കിലോയ്ക്ക് 300-350 കിട്ടണമെന്ന് വാശിപിടിക്കരുത്. വന്നവഴി മറക്കരുത്. പലരും താങ്കളെ സ്റ്റാന്‍ഡേര്‍ഡ് നോക്കി മാറ്റിനിര്‍ത്തിയപ്പോള്‍ മാറോട് ചേര്‍ത്ത് പിടിച്ചവരാണ് ഞങ്ങള്‍, പാവം സാധാരണക്കാര്‍...' - മത്തിവില ഉയർന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ ട്രോളായും ഗൃഹാതുരസ്മരണകളായും മത്തി താരമാവുകയാണ്. ഒരുകിലോ മത്തിക്ക് നൂറും ഇരുന്നൂറും ഉണ്ടായിരുന്നിടത്തുനിന്ന് ട്രോളിങ് നിരോധനമായതോടെ വില കുതിച്ചത് 400-ലേക്ക്. 300-350-400 എന്നിങ്ങനെയാണ് ഇപ്പോള്‍ മത്തിവില. അതോടെയാണ് മത്തി ട്രോളുകളിൽ നിറയാൻ തുടങ്ങിയത്.

പ്രിയപ്പെട്ട മത്തി നിന്നെയോര്‍ത്ത് കേഴുന്നു. എവരിഡോഗ് ഹാസ് എ ഡേ എന്നു കരുതി സമാധാനിക്കാം അല്ലാതെ എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് മത്തീ നീ കയ്യെത്താ ദൂരത്താണ്. കുട്ടിക്കാലത്ത് 25 പൈസ കൊടുത്താല്‍ ഒരു കൊട്ട മത്തി കിട്ടും. ഓലകൊണ്ട് മെടഞ്ഞ കൊട്ടയും ഉണ്ടായിരുന്നു അന്ന്. നല്ല പെടയ്ക്കണ മത്തി. മുളംകാവടിയില്‍ ബാലന്‍സ് ചെയ്്ത വരുന്ന കൊട്ടയേറി വരുന്ന മത്തി വാങ്ങാന്‍ വീട്ടമ്മമാര്‍ കാത്തിരിക്കും. ഉച്ചക്ക് ചോറിനും രാത്രി കഞ്ഞിക്ക് പച്ചക്കുരുമുളകിട്ടരച്ച മത്തിക്കറി. അല്ലെങ്കില്‍ മുളകിട്ടത്. ആഡംബരമായി പൊരിച്ചതും. കോഴിക്കോട്ടെ അമ്മ ഹോട്ടലിലും, ആലപ്പുഴയിലെ ദ്വാരകയിലും, കൊല്ലത്തെ ചില തട്ടുകടകളിലും വിളമ്പുന്ന വെളിച്ചെണ്ണയില്‍ വറുത്തുകോരിയ പരിഞ്ഞിലിന്.

പണ്ട് കുരുമുളക് വള്ളിയിലയില്‍ പൊതിഞ്ഞ് അമ്മ  ചുട്ടുതരുന്ന എണറിന്റെ രുചിയില്ലെന്നും ചില നൊസ്റ്റു സാമൂഹികമാധ്യമങ്ങളില്‍ കറങ്ങിനടപ്പുണ്ട്...മത്ത്യേ... കൂയ്...പെടക്കണ മത്തി.....മീന്‍ വില്‍പ്പനക്കാരുടെ പരസ്യവിളിയും ചിലരുടെ ഓര്‍മയില്‍ ഓളംവെട്ടുന്നു.

ഉണക്ക നെല്ലിക്ക അരച്ച് പുരട്ടി കലത്തില്‍ മേളിലും താഴെയും തീയിട്ട് വരട്ടിയെടുക്കുന്ന അമ്മപാചകത്തിന്റെ ഓര്‍മയാണ് ചിലര്‍ക്ക്. കിഴങ്ങും മത്തിയും കൂടെ പുഴുങ്ങിയെടുക്കുന്നതും മറ്റൊരു രുചിയോര്‍മ. കടപ്പുറത്തെ തിളയ്ക്കുന്ന മണലില്‍ മത്തി കുഴിച്ചിടും. ഒരു അടയാളവും വെക്കും. വൈകീട്ട് മാന്തിയെടുത്തു കഴിക്കുന്ന പ്രാകൃതരീതിയും കടലോരവാസികളുടെ ഓര്‍മയിലുണ്ട്. ക്ഷയരോഗികള്‍ക്ക് അന്ന് ചുട്ടമത്തി മരുന്നായിരുന്നെന്നും പഴമക്കാര്‍ പറയുന്നു. ദാരിദ്യകാലത്ത് പ്രോട്ടീനും പോഷകവുമൊന്നുമില്ലാതെ കഷ്ടപ്പെട്ട ദാരിദ്യരേഖയ്ക്ക് മത്തിയായിരുന്നു ദൈവം. മത്തി മക്കളെ പോറ്റി എന്നൊരു ചൊല്ലുപോലും അങ്ങിനെയുണ്ടയതാണ്.

മത്സ്യവില്‍പന നടത്തുന്ന രണ്ടു തട്ടുകളുണ്ട്. ഇന്നലെ അതിലൊന്നില്‍ വെട്ടിത്തിളങ്ങുന്ന മത്തി. ബ്യൂട്ടി പാര്‍ലറില്‍ നിന്ന് നേരെ ഇറങ്ങിവന്നത് പോലെ .!
'എന്താ വില...?'
''അരക്കിലോ നൂറ്റെമ്പത് .' 
'ന്ദേ ......?'
'നല്ല ഫ്രഷ് സാധനാ മാഷേ. '
വളരെ വിലക്കുറവില്‍ സാധാരണക്കാരന്റെ തീന്‍ മേശകളില്‍ മുളകിട്ടും പൊരിച്ചും അലങ്കാരങ്ങളാവുന്ന മത്തീ നീയും ഞങ്ങളുടെ വാങ്ങല്‍ ശേഷിയില്‍നിന്ന് അകലുകകയാണോ പൊന്നേ ......? മത്തിയല്ല ഒന്നിനേയും വില കുറച്ച് കാണരുത്.

താങ്കള്‍ പിടിവാശി ഒക്കെ അവസാനിപ്പിച്ച് മാന്യമായ വിലക്ക് മാര്‍ക്കറ്റില്‍ വരണം എന്ന് അപേക്ഷിക്കുന്നു''.....''മത്തി കണ്ടപ്പോള്‍ വാങ്ങണം എന്നാഗ്രഹിച്ചു ഇ.ഡി വരുമെന്ന് ഭയന്ന് വാങ്ങിയില്ല.'' അങ്ങനെ കഥകള്‍ നീളുന്നു.

യാഥാര്‍ഥ്യം സാധാരക്കാരന്റെ പോക്കറ്റ് കാലിയാക്കുന്നു. മത്തി ഇപ്പോഴും മക്കളെ പോറ്റുന്നു. മീന്‍വില്‍പ്പനക്കാരുടെ മക്കളെയും വള്ളമുടമകളുടെ മക്കളേയും. പിന്നെ പോക്കറ്റില്‍ കാശുള്ളവരുടെ മക്കളേയും...

Content Highlights: social media campaign against sardine rate