കേരളമേ, ഒരു കൈത്താങ്ങുകൂടി ഇനി മുന്നിൽ വെറും ഒൻപതുദിവസം മാത്രം

ഡേവിഡ്, ഒലിവര്‍, ഈഥന്‍
ഡേവിഡ്, ഒലിവര്‍, ഈഥന്‍

കോഴിക്കോട്: വെറും ഒൻപതുദിവസം, വേണ്ടത് 18.79 കോടി രൂപ. സ്വപ്നം കാണാൻപോലും കഴിയാത്ത തുകയാണെന്ന് അവർക്കറിയാം. എന്നിട്ടും കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിതരായ കുഞ്ഞുങ്ങളുമായി മാതാപിതാക്കളായ പൂവത്തിരിച്ചാലിൽ അരുണും ഷാൽമിയും കോഴിക്കോട്ടെ ആശുപത്രിയിലെത്തി ജീൻതെറപ്പിക്കുള്ള ഒരുക്കം തുടങ്ങി. കൈമുതൽ കേരളം കൂടെയുണ്ടെന്ന ഉറച്ച വിശ്വാസംമാത്രം.

ചികിത്സയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഡേവിഡ്, ഒലിവർ, ഈഥൻ എന്നീ കുഞ്ഞുങ്ങളുടെ ശരീരത്തിലെ ആന്റിബോഡി സാന്നിധ്യം തിരിച്ചറിയണം. ഇതിനുള്ള എലൈസ ടെസ്റ്റിനായി കുട്ടികളുടെ രക്തം വ്യാഴാഴ്ച ശേഖരിച്ചു. സാംപിൾ നെതർലൻഡ്‌സിലേക്കയക്കും.

ആന്റിബോഡി പരിശോധന എന്തിന്

സ്‌പൈനൽ മസ്‌ക്യുലർ ആട്രഫി (എസ്.എം.എ.) ജനിതകരോഗമാണ്. സുഷുമ്‌നാ നാഡിയിലെ മോട്ടോർ ന്യൂറോണുകൾ നിലനിൽക്കാൻ എസ്.എം.എൻ. പ്രോട്ടീൻ ആവശ്യമാണ്. ഈ പ്രോട്ടീൻ ഉണ്ടാക്കുന്ന എസ്.എം.എൻ. 1 ജീൻ തകരാറിലാകുമ്പോൾ നാഡീകോശങ്ങൾ നശിക്കും. ഇതോടെ പേശികൾ ദുർബലമാകും. കല്ലുരുട്ടിയിലെ കുഞ്ഞുങ്ങൾ അനുഭവിക്കുന്നതും ഇതേ ബുദ്ധിമുട്ടാണ്.

തകരാറിലായ ജീനിനെ മാറ്റി പ്രവർത്തനക്ഷമമായ ജീനിനെ കോശങ്ങളിലെത്തിക്കുന്നതാണ് ചികിത്സ. ഇതിനായി ഉപയോഗിക്കുന്നത് അഡിനോ അസോസിയേറ്റഡ് വൈറസുകളെയാണ്. വൈറസുകളെ നിർവീര്യമാക്കി അതിന്റെ ഒരു ഷെൽ കൃത്രിമമായി ഉണ്ടാക്കും. അതിനുള്ളിലാണ് അകത്തേക്കുകടത്തിവിടേണ്ട ജീനിനെ സൂക്ഷിക്കുക. ഈ വൈറസിനെ ഇൻജക്ഷൻ രൂപത്തിൽ ശരീരത്തിലേക്ക് കയറ്റിവിടുന്ന ചികിത്സാരീതിയാണ് ജീൻതെറപ്പി. ചിലരുടെ ശരീരത്തിൽ ഈ അഡിനോ അസോസിയേറ്റഡ് വൈറസിന്റെ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടാകാം. അത് ഉയർന്ന അളവിലുണ്ടെങ്കിൽ വൈറസ് ഫലപ്രദമായേക്കില്ല. ഇല്ലെങ്കിൽ ജീൻ തെറപ്പിയെ ആശ്രയിക്കാം.

ഒൻപതുദിവസം, വേണ്ടത് 18.5 കോടി രൂപ

41 ദിവസത്തിനിടെ 31.71 കോടി രൂപയാണ് കേരളം മനസ്സറിഞ്ഞ് കൈമാറിയത്. സൗദിയിൽ വധശിക്ഷയുറപ്പിച്ച് തടവിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിന് ദിയാധനമായി സ്വരൂപിച്ച 34 കോടി രൂപയാണ് കേരളംകണ്ട ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ്. എസ്.എം.എ. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കുവേണ്ടിയുള്ള ദൗത്യം ഫലപ്രാപ്തിയിലെത്തിയാൽ കേരളചരിത്രത്തിലെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ്ങായി ഇതുമാറും.

കൈകോർക്കാം നമുക്ക്

പേര്: അരുൺ പി.ഡി.

അക്കൗണ്ട് നമ്പർ: 21360100162505

ബാങ്ക്: ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖ

ഐ.എഫ്.എസ്.സി:FDRL0002136

Content Highlights: SMA, Triplets, Crowd Funding Treatment