‘നിറം വെക്കാൻ ഞാനും ആ ക്രീം ഉപയോഗിച്ചു, ഫലം ഗുരുതരമായ വൃക്കരോഗം, ഒരു പെയിൻ കില്ലർ പോലും കഴിക്കാൻ പറ്റാത്ത സ്ഥിതി’- ഗായകൻ സലീം കോടത്തൂർ

നിറം വെക്കാനുള്ള ഫെയർനസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം വന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ. പരിചയത്തിലുള്ള ഗായകന് ലഭിച്ച റിസൾട്ട് കണ്ടാണ് താനും ക്രീം ഉപയോഗിച്ചത്. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തനിക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയെന്നും അത് ഗുരുതരമായ മെംബ്രനസ് നെഫ്രോപതി എന്ന രോഗത്തിലേക്കാണ് തന്നെ എത്തിച്ചതെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ സലീം കോടത്തൂർ പറഞ്ഞു. എട്ട് മാസത്തോളം നീണ്ട ചികിത്സയിലൂടെ രോഗം പൂർണമായും മാറിയെങ്കിലും കഠിനായ ക്ഷീണമാണ് തനിക്ക് ഇപ്പോഴും ഉള്ളത് എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ കരിയറിലെ ഒരു വർഷം നഷ്ടപ്പെടുത്തേണ്ടി വന്നെന്നും അസുഖങ്ങൾക്ക് പുറമേ സാമ്പത്തികമായി തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.
സലീം കോടത്തൂരിന്റെ വാക്കുകൾ
ഈ ഫെയർനസ് ഉപയോഗിച്ചത് മൂലം സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ ഒരാളാണ് ഞാൻ. ഏകദേശം പത്ത് വർഷം മുമ്പ് കാസർകോട് എന്റെ ഒരു സുഹൃത്ത് വഴി എനിക്ക് ഇതുപോലെ ഒരു ക്രീം ലഭിക്കുകയുണ്ടായി. അന്ന് ഒരു പാട്ടുകാരൻ ഇതുപോലെ കുറച്ച് കളർ ഒക്കെ വെച്ചത് കണ്ടപ്പോൾ ഞങ്ങൾ ചോദിച്ചു എങ്ങനെയാണ് കളർ വെച്ചത് എന്നൊക്കെ ചോദിച്ചപ്പോൾ അന്നവൻ ഒരു ക്രീം പേര് പറഞ്ഞതാണ്. എനിക്ക് ഈ ക്രീം പേര് ഇതിൽ പറയണമെന്നുണ്ട്. പക്ഷേ അതിന് എന്തൊക്കെ നിയമവശങ്ങൾ ഉണ്ടെന്ന് മനസ്സിലായതുകൊണ്ടാണ് ഇപ്പൊ ഞാൻ അതിന്റെ പേര് പറയാത്തത്. ആ ക്രീം ഞാൻ ഏകദേശം ഒരു ഒന്നൊന്നര ബോട്ടിൽ ആണ് ഉപയോഗിച്ചത്. സംഭവം ഒരാഴ്ച കൊണ്ട് തന്നെ വെളുത്തു. നന്നായി നിറം ഒക്കെ വെച്ചു.
ഏകദേശം ഒരു ഒന്നൊന്നര മാസം കഴിഞ്ഞപ്പോഴേക്ക് എനിക്ക് മൂത്രത്തിൽ പഴുപ്പ് വന്നു. ഈ ക്രീം കൊണ്ടാണെന്ന് അപ്പൊ അറിയില്ലായിരുന്നു. എന്നിട്ട് അഡ്മിറ്റ് ചെയ്തു. ഒരാഴ്ച ആന്റിബയോട്ടിക് ഒക്കെ നൽകി തിരിച്ച് ഡിസ്ചാർജ് ആകുന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ വീണ്ടും പഴുപ്പ് വരുന്നു. അങ്ങനെ ഒന്നൊന്നര മാസത്തോളം ആശുപത്രിയുമായിട്ട് ബന്ധപ്പെട്ട് നിൽക്കേണ്ടി വന്നു.
അത് കഴിഞ്ഞിട്ട് പിന്നീട് എന്റെ കണ്ണിൽ ഇതുപോലെ നീര്, കണ്ണിന്റെ പോളയിൽ നീര് വരുന്നു. കാലിൽ നീര് വരുന്നു. ഞാൻ യൂറിൻ പാസ് ചെയ്യുന്ന സമയത്തൊക്കെ ഭയങ്കരമായിട്ട് പത കാണുകയുണ്ടായി. ഒരു ഷാംപൂ കലക്കിയ ഒരു അവസ്ഥയൊക്കെ ആയിരുന്നു യൂറിൻ. ഞാൻ വീണ്ടും ഡോക്ടറുടെ അടുത്തെത്തി. മൂത്രം പരിശോധിച്ചപ്പോഴാണ് ആൽബുമിൻ പ്രശ്നവും പ്രോട്ടീൻ പോകുന്ന അവസ്ഥയുമുണ്ടെന്നത് കണ്ടെത്തുന്നത്. albumin 3+ ആയിരുന്നു. എത്രയും പെട്ടെന്ന് ഒരു നെഫ്രോളജസിറ്റിനെ കാണാൻ ഡോക്ടർ പറഞ്ഞു. അദ്ദേഹത്തെ പോയി കാണുന്നു. അദ്ദേഹം എനിക്ക് എന്റെ രോഗത്തെ കുറിച്ചുള്ള അവസ്ഥ വിശദീകരിച്ചു പറഞ്ഞു തന്നു. നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയി കഴിഞ്ഞാൽ ഒന്നെങ്കിൽ നിങ്ങളുടെ കിഡ്നി ഫെയിൽ ആകും അല്ലെങ്കിൽ ബ്ലഡ് ഫെയിൽ അവസ്ഥ വരും എന്ന് പറഞ്ഞു.
പിന്നീട് അങ്ങോട്ട് മാനസികമായി തകർന്നുപോവുകയായിരുന്നു. ശാരീരികമായിട്ടും മാനസികമായിട്ടും സാമ്പത്തികമായിട്ടും ഒക്കെ വളരെ തകർച്ച അനുഭവപ്പെട്ടു. പലതരം പരിശോധന ഒക്കെ ചെയ്തു. കിഡ്നിയിൽ നിന്നുള്ള സാംപിൾ ബയോപ്സിക്കായി അയച്ചു. അതിന്റെ ഫലം വന്നപ്പോഴാണ് ഇന്ന് ആ വാർത്തയിൽ പറഞ്ഞ പോലെ തന്നെ membranous nephropathy എന്ന് പറയുന്ന അസുഖമാണെന്ന് മനസ്സിലാകുന്നത്. പിന്നീട് എങ്ങനെയാണ് ഈ അസുഖം പിടിപെട്ടത് എന്ന് അറിയാൻ വേണ്ടി എനിക്ക് ശരീരത്തിൽ ചെയ്യാത്ത ഒരു പരിശോധന ഇല്ലെന്ന് പറയാം.
നിരന്തരം ആശുപത്രി ആയിരുന്നു. എല്ലാ മാസവും മൂന്ന് ദിവസം അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥ. എല്ലാ മാസത്തോളം ആകെ ഏകദേശം എട്ട് മാസം. ആശുപത്രിമൂന്ന് ദിവസം അഡ്മിറ്റ് ആദ്യം എനിക്ക് ചികിത്സ തുടങ്ങിയിട്ട് എന്റെ അസുഖം കൂടുകയാണ് ചെയ്തത്. കാരണം ഏകദേശം ഒരു നാല് മാസത്തോളം ചികിത്സ തുടങ്ങിയപ്പോൾ ഈ albumin 3+ ഉണ്ടായിരുന്നത് 10+ എത്തി.
ശരീരത്തിൽ ഒരു മരുന്ന് എനിക്ക് ഫലിക്കുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. അഥവാ പ്രതിരോധശക്തി high ആയിട്ട് നിൽക്കുന്നത് കൊണ്ട് ഒരു മരുന്ന് എനിക്ക് ഏൽക്കുന്നില്ലായിരുന്നു. പിന്നെ അതിനുമുമ്പ് ഞാൻ ചെന്ന് കാണിച്ച ഡോക്ടർമാർ ഒക്കെ എന്നോട് പറഞ്ഞത് നിങ്ങൾക്ക് ഒരുപാട് കാലം, ജീവിതകാലം മുഴുവൻ വരെ വേണ്ടിവന്നാൽ നിങ്ങൾ മരുന്ന് കഴിക്കേണ്ടി വരും എന്നാണ് പറഞ്ഞത്.
ജീവിത ശൈലിയിൽ മാറ്റം വരുത്തേണ്ടി വന്നു. എന്റെ പരിപാടികളൊക്കെ ഒഴിവാക്കേണ്ടി വന്നു. അങ്ങനെ ഒരു നാല് മാസത്തെ ചികിത്സ തുടങ്ങി. രോഗംകൂടുകയാണ് ഉണ്ടായത്. മരുന്നുകൾ ഒന്നും ഏൽക്കുന്നില്ല. എന്ന് ഇപ്പൊ ഡോക്ടർ പറഞ്ഞു ഇനി നമുക്ക് ഒരു പരീക്ഷണത്തിന് ഒന്നും നിൽക്കേണ്ട സാഹചര്യം അല്ല. നമുക്ക് ഒരു steroid തന്നെ ചെയ്യണം. ചികിത്സ തുടങ്ങി. എല്ലാ മാസവും മൂന്ന് ദിവസം ആശുപത്രിയിൽ എന്നെ അഡ്മിറ്റ് ചെയ്യും. അപ്പൊ പിന്നീട് ആളുകളുടെ ഇടയിലേക്ക് പോകാൻ പാടില്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. ശരീരത്തിൽ എന്റെ പല്ലുകൾ ഒക്കെ എടുത്തു മാറ്റേണ്ടി വന്നു കുറെ ഹോൾസ് ഉള്ള പല്ലുകൾ ഒക്കെ എടുത്തു അണുബാധ വരാതിരിക്കാൻ.
അങ്ങനെ മാനസികമായിട്ടും ശാരീരികമായിട്ടും സാമ്പത്തികമായിട്ടും ഒക്കെ തകർന്ന് തരിപ്പണമായ ഒരു അവസ്ഥ നേരിടേണ്ടി വന്ന ആളാണ് ഞാൻ. ഞാൻ ആ ക്രീം ഉപയോഗിച്ചിട്ട് കുറച്ചു ദിവസം കൊണ്ടുവന്ന ആ നിറം ഇരട്ടി മുഖമൊക്കെ കരിവാളിച്ച് നാശവും ചെയ്തു. പിന്നീട് ഒരു ഏകദേശം എട്ട് മാസത്തെ തുടർച്ച ചികിത്സയിലൂടെയാണ് ഞാൻ എന്റെ അസുഖം പൂർണ്ണമായിട്ടും മാറിയത്.
പക്ഷേ ഇന്ന് ആ ക്രീം ഉപയോഗിച്ചതിന്റെ പേരിൽ എനിക്ക് എന്റെ ആ ഒരു കരിയർ ഒരു ഏകദേശം ഒരു വർഷത്തോളം എനിക്ക് കുറെ പരിപാടി ഒഴിവാക്കേണ്ടി വന്നു എന്റെ ജോലി സംബന്ധമായിട്ട്. ഞാൻ ഇന്ന് അനുഭവിക്കുന്നത് ഭയങ്കര ക്ഷീണമാണ്. കാണുന്ന ആളുകൾ ചില ആളുകൾ ഒക്കെ ചോദിക്കുന്നുണ്ട് എന്താ ഭയങ്കര ക്ഷീണം ഉണ്ടല്ലോ എന്ന്. അത് മാത്രമല്ല ഉറക്കം എന്ന് പറയുന്നത് എനിക്കിന്നില്ല.
പക്ഷേ ഒരു മനുഷ്യൻ എന്റെ ജീവിതത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ ഒരു പെയിൻ കില്ലർ കഴിക്കേണ്ടി വരുന്ന ഇന്ന് എനിക്കത് കഴിക്കാൻ പറ്റില്ല. ഈ ക്രീം ഉപയോഗിച്ചതിന്റെ പേരിലാണ് അതൊക്കെ സംഭവിച്ചത്. ഇത് ഈ ക്രീം ഉപയോഗിച്ചതിന്റെ പേരിലാണെന്ന് മനസ്സിലാകുന്നത്. എന്നോടൊപ്പം ക്രീം ഉപയോഗിച്ച എന്റെ നാല് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതിലൊരാൾക്ക് ഈ അസുഖം വന്നപ്പോഴാണ് നമുക്ക് മനസ്സിലാകുന്നത്. പക്ഷേ അന്ന് ഇത്ര സമൂഹ മാധ്യമങ്ങൾ ഒന്നും ഇത്ര active അല്ലാത്തത് കാരണം ആണ് അന്ന് എനിക്ക് ഇത് വന്ന് പറയാൻ കഴിയാതിരുന്നത്.
ഇപ്പോൾ അസുഖത്തിന് വേണ്ടി അഞ്ച് എട്ട് വർഷമായിട്ട് ഞാൻ മരുന്ന് ഒന്നും കഴിക്കുന്നില്ല.പക്ഷേ ഇന്ന് ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന നമ്മുടെ കുറെ നമുക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളൊക്കെ ഒഴിവാക്കേണ്ടി വരും.പിന്നീട് പല ക്രീമുകളും പലരും ഉപയോഗിച്ചിട്ട് എന്നോട് വന്നിട്ട് ഈ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ പറയുമ്പോൾ ഞാൻ മനസ്സിലാക്കിയത് ഞാൻ അന്ന് ഉപയോഗിച്ച ക്രീം തന്നെയാണ് പേര് മാറ്റി പല ആളുകളും ഈ ക്രീം വിൽപ്പന നടത്തുന്നത്.ഇനിയെങ്കിലും നമ്മൾ സോഷ്യൽ മീഡിയ കാണുന്ന ഈ ക്രീമുകളൊക്കെ വാങ്ങിച്ച് നമ്മുടെ ജീവിതത്തിൽ ഒരു മോശം അവസ്ഥയിലൂടെ കടന്നുവരേണ്ട സാഹചര്യം ഉണ്ടാക്കാതിരിക്കുക.
Content Highlights: Singer Salim Kodathoor suffered from membranous nephropathy, a serious kidney condition, after using a fairness cream., He experienced severe physical, financial, and career setbacks, losing a year of work and ongoing health complications., Four of his friends who used the same cream also faced similar health issues due to high mercury levels., He urges the public to avoid unverified beauty products seen on social media and consult dermatologists instead.