'എനിക്കൊരു കല്യാണംകഴിക്കണം, ആജീവനാന്തം ഭക്ഷണവും വേണം'; ഫയർ ഫോഴ്‌സിനെ വട്ടംകറക്കി ഫോൺവിളി; പരാതി നൽകി

ഷൊർണൂർ: ഷൊർണൂർ അഗ്‌നിരക്ഷാസേന നിലയത്തിലെ ഉദ്യോഗസ്ഥരെ വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് വിളിച്ച് വട്ടംകറക്കി അജ്ഞാതൻ. കഴിഞ്ഞ 25 ദിവസത്തിനിടെ 50-ലധികം തവണയാണ് ഒരു പ്രത്യേക നമ്പറിൽനിന്ന് ഷൊർണൂർ ഫയർ സ്റ്റേഷനിലേക്ക് ഫോൺ കോളുകൾ എത്തിയത്.
വിളിക്കുന്ന വ്യക്തി പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. തന്റെ കല്യാണം നടത്തിത്തരണമെന്നും ആജീവനാന്തം കഴിക്കാനുള്ള ഭക്ഷണം വാങ്ങിത്തരണമെന്നുമാണ് ഇയാളുടെ ആവശ്യം. കൂടാതെ തനിക്ക് മരുന്നും മറ്റ് സൗകര്യങ്ങളും വേണമെന്ന് ആവശ്യപ്പെട്ടും ഇയാൾ വിളിക്കാറുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയുള്ള ഇയാളുടെ ഫോൺവിളികൾ ഉദ്യോഗസ്ഥർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
രാത്രികാലങ്ങളിൽ വിളിക്കുമ്പോൾ നിർത്താതെ ദേശീയഗാനം പാടുന്നതും ഇയാളുടെ പതിവാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ രാഷ്ട്രീയ സംശയങ്ങൾ ചോദിക്കാനായി വിളിക്കുകയും ഉദ്യോഗസ്ഥർ നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ അവരെ അസഭ്യംപറയുകയും ചെയ്യുന്നതും പതിവാണ്. പുലർച്ചെ രണ്ടര, മൂന്ന്, നാല് മണി തുടങ്ങിയ സമയങ്ങളിലെല്ലാം ഇയാൾ ഫയർ ഫോഴ്‌സിനെ ഫോണിൽ വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കട്ട് ചെയ്താലും പിന്നീട് ഫോൺ എടുക്കുന്നതുവരെ ഇയാൾ തുടർച്ചയായി വിളിച്ചുകൊണ്ടേയിരിക്കും.
ഇയാളുടെ ഈ പ്രവൃത്തികാരണം യഥാർഥത്തിൽ സഹായംതേടി വിളിക്കുന്ന അത്യാവശ്യക്കാർക്ക് ഉദ്യോഗസ്ഥരെ ഫോണിൽ ലഭ്യമാകാത്ത ഗുരുതരമായ സാഹചര്യം ഉണ്ടാകുന്നുണ്ട്. ഒടുവിലിപ്പോൾ സഹികെട്ട അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയാണ് ഇതിനുപിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Content Highlights: Over 50 prank calls received by Shornur Fire Station in 25 days., Caller demands marriage, lifetime food, and medical assistance., The individual sings the national anthem and uses abusive language., Prank calls are blocking emergency access for genuine distress calls., Police have identified a suspect from Mannarkkad, Palakkad.