കരയിലേതുപോലെയല്ല കടലിലെ തീപ്പിടിത്തം; ജാഗ്രത കൂടുതല്‍ വേണം- ഡോ. പ്രഭാകരൻ പലേരി

കോഴിക്കോട്: കരയിലുണ്ടാകുന്ന തീപ്പിടുത്തം നേരിടുന്ന രീതിയിലല്ല, കടലിൽ ഉണ്ടാകുന്നതിനെ നേരിടുന്നതെന്നും അതിൽ പല ഘടകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടെന്നും കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറലും, സെന്റർ ഫോർ ഇന്ത്യൻ ഓഷ്യൻ ലീഗൽ സ്റ്റഡീസിലെ ലൈഫ് ടൈം പ്രൊഫസർ ആൻഡ് ചീഫ് മെന്റർ ഹെഡുമായ ഡോ. പ്രഭാകരൻ പലേരി പറയുന്നു. രണ്ടും ഏറെ വ്യത്യസ്തമാണ്. അറബിക്കടലിൽ ചരക്കുകപ്പലിന് തീപ്പിടിച്ചതിന്റെ പശ്ചാത്തലത്തിൽ ‘മാതൃഭൂമി’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലിൽ വെച്ച് കപ്പലിന് തീപ്പിടിച്ച് കത്തിയാൽ എങ്ങനെയാണ് അണയ്ക്കുക
ആദ്യം കണ്ടെത്തേണ്ടത് ഖര പദാർത്ഥമാണോ അതോ എണ്ണയാണോ കത്തുന്നതെന്നാണ്. കോസ്റ്റ് ഗാർഡ് ഇതിനെ ഫയർ ട്രയാംഗിൾ ടെസ്റ്റ് എന്ന് പറയും. ഇന്ത്യയിൽ തീ അണയ്ക്കാൻ കോസ്റ്റ് ഗാർഡുകൾ പോകും. എന്നാൽ മറ്റ് രാജ്യങ്ങളിൽ വേറെ ഉദ്യോഗസ്ഥരാണ് ഇതുചെയ്യുക. മൂന്ന് കാരണങ്ങളാണ് ഒരു തീപ്പിടിത്തം വ്യാപിക്കാൻ കാരണമാകുന്നത്. ഓക്സിജൻ, ഫ്യുവൽ(എണ്ണ), ചൂട്. ഇവിടെ എണ്ണയാണ് കത്തുന്നത്. അത് വ്യാപിക്കുന്നുണ്ട്. മണിക്കൂറുകളായിട്ടും തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. കപ്പലിനെക്കാളും, അതിലെ ചരക്കിനേക്കാളും പ്രധാനം അതിലുള്ള ആളുകളുടെ ജീവനാണ്. അതിനാണ് മുൻഗണന നൽകുക.
എന്തൊക്കെ മാർഗങ്ങൾ ഉപയോഗിച്ചാണ് തീ കെടുത്തുക
വെള്ളം, പിന്നെ ഫോം(തീ പിടിക്കാത്ത കെമിക്കലുകൾ) എന്നിവയാണ് ഉപയോഗിക്കുന്നത്. കപ്പലിലെ ജീവനക്കാർക്ക് തീ അണയ്ക്കാനുള്ള പരിശീലനം ഉറപ്പായും ലഭിച്ചിട്ടുണ്ടാകും. കാരണം അത് അവരുടെ കോഴ്സിൽ ഉൾപ്പെടുന്നതാണ്. വെള്ളം കടലിൽ നിന്ന് തന്നെ എടുത്ത് ഖരപദാർഥങ്ങളിലെ തീ അണയ്ക്കും. ഇവിടെ കെമിക്കലുകളാണ് കൂടുതലായി കത്തുന്നത്. അവ അണയ്ക്കാൻ ഫോമാണ് ഉപയോഗിക്കുക.
എന്തുകൊണ്ട് ഹെലികോപ്റ്റർ ഉപയോഗിച്ച് വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിക്കുന്നില്ല
കരയിലെ തീ അണയ്ക്കും പോലെയല്ല കടലിൽ വെച്ച് ഒരു കപ്പലിന് തീപ്പിടിക്കുമ്പോൾ സ്വീകരിക്കുന്ന മാർഗങ്ങൾ. കപ്പൽ ചലിച്ചുകൊണ്ടിരിക്കുകയാണ്. നടുക്കടലാണ്, ശക്തമായ കാറ്റുമുണ്ടാകും. തീ വ്യാപികുന്നതിനു സമീപത്തേക്ക് ഹെലികോപ്റ്റർ കൊണ്ടുപോകുന്നത് കൂടുതൽ അപകടം ഉണ്ടാക്കും. പിന്നെ ഒരു ഹെലികോപ്റ്ററിൽ പരിമിതമായ അളവിൽ മാത്രമേ വെള്ളമോ, ഫോമോ കൊണ്ട് പോകാൻ സാധിക്കൂ. അത് ഗുണം ചെയ്യില്ല. ഹെലികോപ്റ്ററിനെക്കാൾ വിമാനത്തിൽ കൂടുതൽ വെള്ളം കൊണ്ട് പോകാൻ സാധിക്കും. പക്ഷേ അതൊരു സ്ഥലത്ത് നിർത്തി തീകെടുത്തുന്നതിന് ഉപയോഗിക്കാൻ പറ്റില്ല.
ഇത്തരം സാഹചര്യങ്ങളിൽ എന്താണ് പെട്ടെന്ന് ചെയ്യേണ്ട കാര്യം
ജീവനക്കാരെ രക്ഷിക്കുക. അതാണ് പ്രധാനം. ആളുകൾ കടലിൽ വെച്ച് വെള്ളത്തിൽ മുങ്ങി മാത്രമല്ല മരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പൊള്ളലേറ്റ് മരിക്കുന്നവർ നിരവധിയാണ്. സ്വഭാവികമായും കപ്പലിനും, അതിലെ ചരക്കിനും ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവും. അത് പൂർണ്ണമായി കത്തി പോയാലും തുക കമ്പനിക്ക് കിട്ടും. കടലിൽ തന്നെ കത്തി നശിച്ചാലും കുഴപ്പമില്ല.
കടലിനെയും മത്സ്യ സമ്പത്തിനെയും ബാധിക്കില്ലേ
കടലിൽ കത്തി തീരുകയാണ് ആ കപ്പൽ. അത് പൂർണ്ണമായി കടലിനടിയിലാകും. കടലിലെ മലിനീകരണത്തിന്റെ അളവ് കൂടുകയാണ്. പക്ഷേ പൂർണമായി കത്തി തീർന്ന ഒരു കപ്പൽ വലിയ മലിനീകരണം ഉണ്ടാക്കില്ലെന്ന് വിശ്വസിക്കാം. അതിൽ ഒരുപാട് എണ്ണ കണ്ടെയ്നറുകൾ ഉണ്ട്. അവ കടലിന്റെ ഉപരിതലത്തിലെ നിൽക്കും. മത്സ്യങ്ങൾ അതിലും എത്രയോ താഴെയാണ് വസിക്കുന്നത്. എണ്ണ പടരുന്ന സ്ഥലത്ത് നിന്ന് മത്സ്യങ്ങൾ പാലായനം ചെയ്യും. ഈ തീപ്പിടുത്തം സംഭവിച്ചതിന്റെ പരിസരത്ത് ഒരു മീൻ പോലും കാണില്ല.
ഏത് തരത്തിലുള്ള അന്വേഷണമാണ് വേണ്ടത്
മർച്ചന്റ് ഷിപ്പിങ് ആക്ട് 1958 പ്രകാരം ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങാണ് അന്വേഷണത്തിന് ഉത്തരവിടേണ്ടത്. അതിൽ പ്രധാനമായും കണ്ടെത്തേണ്ടത് ഇത് ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അതോ സ്വഭാവിക തീപ്പിടുത്തമാണോ എന്നാണ്.
ഇത്തരം അനുഭവം ഔദ്യോഗിക ജീവിതത്തിനിടെ എപ്പോഴെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ
1971-ലെ ഇന്ത്യ പാക്കിസ്താൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഒരു ഉദ്യോഗസ്ഥനായി ഐഎൻഎസ് മൈസൂർ കമാന്റിങ് കപ്പലിൽ. അപ്പോഴാണ് ഗുജറാത്ത് കടലിന് സമീപത്തുവെച്ച് പാക്കിസ്താൻ നമ്മുടെ കുക്കറി കപ്പലിനെ ആക്രമിച്ചത്. 179 ആളുകളോളം മരിച്ചു. അവർ എല്ലാംതന്നെ മുങ്ങി മരിച്ചതാണോയെന്ന കാര്യത്തിൽ സംശയമുണ്ട്. തീപ്പടർന്ന് പൊള്ളലേറ്റ് മരണം സംഭവിച്ചതാകാനും സാധ്യതയുണ്ട്.
Content Highlights: Expert insights on fighting ship fires at sea, different from land fires.