കരോൾ സംഘത്തിനെതിരായ ആക്രമണം; ന്യൂനപക്ഷ വേട്ടയിൽ ഭൂരിപക്ഷം നിശബ്ദരായാൽ സമാധാനം നിലനിൽക്കില്ല – തരൂർ

തിരുവനന്തപുരം: കേരളത്തിൽ ആഘോഷങ്ങളുടെ ആവേശം നിലനിൽക്കുന്നുണ്ടെങ്കിലും, 2025-ലെ ക്രിസ്മസ് അഭൂതപൂർവമായ ഉത്കണ്ഠയോടെയാണ് കടന്നുപോകുന്നത് എന്നത് വേദനാജനകമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. പ്രാദേശികമായി ഉണ്ടായ ചില അനിഷ്ട സംഭവങ്ങളും ദേശീയതലത്തിൽ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുമാണ് ഇതിന് കാരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് പുതുശ്ശേരിയിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ആക്രമണമുണ്ടായി. ഒരു ബിജെപി പ്രവർത്തകനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. കരോൾ സംഘത്തെ മർദ്ദിക്കുകയും അവരുടെ സംഗീതോപകരണങ്ങൾ തകർക്കുകയും ചെയ്ത ഈ സംഭവം, കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് ഏറ്റ കനത്ത ആഘാതമാണെന്നും അദ്ദേഹം കുറിച്ചു.
ഛത്തീസ്ഗഢിലെ റായ്പൂരിലെ മാളിൽ സാന്താക്ലോസിന്റെ രൂപം തകർത്തതും, ജബൽപൂരിൽ അന്ധയായ ഒരു ക്രൈസ്തവ പെൺകുട്ടിയെ ആക്രമിച്ചതും, ഉത്തർപ്രദേശിൽ പള്ളിയിലെ പ്രാർത്ഥന തടസ്സപ്പെടുത്താൻ ശ്രമിച്ചതും കേരളത്തിലെ ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു കരോൾ സംഘം ആക്രമിക്കപ്പെടുമ്പോൾ അത് ക്രൈസ്തവരുടെ മാത്രം പ്രശ്‌നമല്ല, മറിച്ച് നമ്മൾ ഓരോരുത്തർക്കും കേരളത്തിന്റെ പൊതുസംസ്‌കാരത്തിനും നേരെയുള്ള ആക്രമണമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും പരസ്പരം താങ്ങായി നിൽക്കുന്നത് കൊണ്ടാണ് 'കേരള മോഡൽ' വിജയിക്കുന്നത്. ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോൾ ഭൂരിപക്ഷം നിശബ്ദരായ കാഴ്ചക്കാരായി നിന്നാൽ സമാധാനം നിലനിൽക്കില്ല. അതുകൊണ്ടാണ് ഈ ക്രിസ്മസ് നാളിൽ താൻ ഇതെക്കുറിച്ച് സംസാരിക്കുന്നതെന്നും തരൂർ പറഞ്ഞു.
Content Highlights: Shashi Tharoor condemns attack on Christmas carol group in Kerala, calling it an assault on secularism and minority rights. Raises concerns about rising intolerance.