'കൂടപ്പിറപ്പിനെ പോലെ കാണുന്ന സഖാവിനെ അടിച്ചിട്ട് ആരും പറയാതിരുന്നത് കഴിവുകേട് കൊണ്ടോ?'; വയനാട് SFIയിൽ തമ്മിലടി

കല്പറ്റ: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയിൽ തമ്മിലടി. ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിനെ ജില്ലാ സെക്രട്ടറി ആദർശിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചുവെന്ന് ആരോപണം. ജില്ലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. ഫേസ്ബുക്കിൽ കൂടി മർദന വിവരം പങ്കുവെച്ചുകൊണ്ട് എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗവും രംഗത്തെത്തി.
പഴശ്ശിരാജ കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിയും എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് സായന്ത്. പുൽപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശിന്റെ നേതൃത്വത്തിലുള്ളവർ മർദിച്ചുവെന്നാണ് ആരോപണം. സായന്ത് നേരത്തെ ഇത് അറിയിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നുവെങ്കിലും പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. ഇപ്പോൾ എസ്എഫ്ഐ മുൻ ജില്ലാ ഭാരവാഹികളാണ് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫേയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
ജീവിതത്തിൽ ഒരിക്കലും എസ്എഫ്ഐക്ക് എതിരേ ഒരു വാക്ക് പറഞ്ഞിട്ടില്ല... ഒരു വരി എഴുതിയിട്ടില്ല. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ചുറ്റുമുള്ള പലരും ജില്ലയിൽ നടന്ന ചില സമരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഏറ്റവും ഒടുവിൽ നടന്ന വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയെ കുറ്റപ്പെടുത്തിയപ്പോഴും വയനാട്ടിലെ എസ്എഫ്ഐക്കാർക്ക് ഒപ്പം നിന്നിട്ടുണ്ട്. അവർക്കുവേണ്ടി വാദിച്ചിട്ടുണ്ട്. 2019 ൽ എസ്എഫ്ഐയിൽ നിന്നും വിടവാങ്ങിയിട്ടും എസ്എഫ്ഐ നേതൃത്വവുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. 2012 മുതൽ ജിഷ്ണു ഷാജി വരെയുള്ള എസ്എഫ്ഐ ജില്ലാ നേതൃത്വത്തെ അടുത്ത് അറിയാം. അവരാരും സ്വന്തം ഘടകത്തിലെ ജില്ലാ സെൻട്രലിൽ പ്രവർത്തിക്കുന്ന ഒരു സഖാവിനെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന ആളുകൾ ആയിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും എല്ലാം പരിഹരിച്ച് എല്ലാവരെയും ചേർത്തുനിർത്തി ജില്ലയിലെ വിദ്യാർഥി പ്രസ്ഥാനത്തെ എല്ലാ കോളേജുകളിലും വിജയിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻവേണ്ടി മാത്രമേ ശ്രമിച്ചിട്ടുണ്ടായിരുന്നുള്ളൂ.
നിലവിലെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശ്, കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ എസ്എഫ്ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറിയും പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ പഠിക്കുന്നതുമായ സായന്തിനെ അടിച്ചു പരിക്കേൽപ്പിച്ചു എന്ന് സഖാക്കൾ വിളിച്ചു പറഞ്ഞപ്പോൾ വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. എസ്എഫ്ഐയെ അറിയുന്ന അതിന്റെ നേതൃ സ്ഥാനത്ത് പ്രവർത്തിച്ച ഒരാളും ഇത് കേൾക്കുമ്പോൾ വിശ്വസിക്കില്ല. പക്ഷേ അക്രമത്തിനിരയായ സായന്തിനെ ആശുപത്രിയിൽ കൊണ്ടുപോയ സഖാക്കൾ തന്നെ പറഞ്ഞു നല്ല പരിക്കുണ്ടെന്ന് അതിനുശേഷം ആണ് ഒരു ഞെട്ടലോടെ ഇത് വിശ്വസിച്ചത്. ഇങ്ങനെയെല്ലാം ആരെങ്കിലും ചെയ്യുമോ അതും ജില്ലയിലെ പ്രധാനപ്പെട്ട ഒരു നേതൃസ്ഥാനത്ത് ഇരിക്കുന്ന ആളുകൾ എന്ന് ഒരുപാട് ആലോചിച്ചു, പരിചയമുള്ള പഴയ സഖാക്കളെ എല്ലാം വിളിച്ച് അന്വേഷിച്ചു. അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല എന്ന് തീർത്തു പറഞ്ഞു. ഒരുപക്ഷേ മൈക്ക് സ്റ്റാൻഡ് കൊണ്ടും സ്റ്റീലിന്റെ സ്കെയിൽ കൊണ്ടും അടിച്ച പാടുകൾ ശരീരത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇത് ചെയ്തവർ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് പറഞ്ഞു പരത്തുമായിരുന്നു.
അഭിപ്രായ വ്യത്യാസങ്ങൾ എന്തും ഉണ്ടാകാം. തെറ്റായ എന്തെങ്കിലും പ്രവണത ജില്ലാ ജോയിൻ്റ് സെക്രട്ടറിയായ സായന്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് എങ്കിൽ സംഘടനാ ഘടകം ചർച്ചചെയ്ത് പരിശോധിച്ച് നടപടിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഒരു ചെറിയ പയ്യനെ കൂട്ടംചേർന്ന് ആക്രമിക്കുകയല്ല. തങ്ങളുടെ ഇഷ്ടപ്രകാരം നിൽക്കാതെ ഒരാളെ എതിർ പാർട്ടിക്കാർ പോലും പറഞ്ഞു ഉണ്ടാക്കാത്ത പച്ചക്കള്ളം പറഞ്ഞ് ഒറ്റപ്പെടുത്തുകയല്ല വേണ്ടത്.
അക്രമിച്ച ഒപ്പം ജില്ലാ സെക്രട്ടറി ആദർശ് വെല്ലുവിളിച്ചു എന്ന് പറയുന്നത് "പനമരത്തെ ആരെ കൂട്ടിയിട്ട് വന്നാലും ഇനിയും നിന്നെ അടിക്കും... ആദർശിനെയും, സാന്ദ്രയെയും അനുസരിക്കാത്ത നീ ഇനി എസ്എഫ്ഐയിൽ ഉണ്ടാവില്ല എന്നാണ്". ഞാൻ പനമരത്ത് ജീവിക്കുന്ന ഒരാളല്ല. പക്ഷേ എസ്എഫ്ഐയുടെ ഭാഗമായ 2012 മുതൽ പനമരത്തെ സഖാക്കളെ ഏറെ അടുത്തറിയാം. എന്റെ വ്യക്തിജീവിതത്തിലും സംഘടനാ ജീവിതത്തിലും എന്തു പ്രതിസന്ധികൾ വന്നപ്പോഴും ചേർത്തുപിടിച്ച ഒരു പറ്റം മനുഷ്യരാണ് അവർ. അങ്ങനെ പറയുമ്പോൾ അതൊരു ഗ്യാങ്ങും ഗ്രൂപ്പും ഒന്നുമല്ല. കോമ്രേഡ്ഷിപ്പുമാത്രം. മരിക്കുന്നതുവരെ അവരോട് എന്നും കടപ്പാട് ഉണ്ടാകും. സി.എം. കോളേജിലും, കൂളിവയൽ ഡബ്ല്യൂഎംഒ ഗസ്സാലി കോളേജിലും നിരന്തരം എംഎസ്എഫ്- മുസ്ലിം ലീഗ് പ്രവർത്തകരുമായി സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ എസ്എഫ്ഐയുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ പോലും തടസ്സപ്പെടുത്തുമ്പോൾ, കൂട്ടത്തിലുള്ളവർ അടിയേറ്റ്
പിടഞ്ഞ്, തല പൊട്ടി ചോരയൊലിപ്പിച്ച് വരുമ്പോൾ അവർ മുന്നും പിന്നും നോക്കാതെ അവിടേക്കെത്തും. മുന്നിൽ നിന്ന് പറ്റും പോലെ പ്രതിരോധിക്കും സംരക്ഷണം തീർക്കും. അതിൻ്റെ പേരിൽ കുറെ പേർ എന്നും ഒറ്റപ്പെട്ടിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അവരെയാണ് ജില്ലാ സെക്രട്ടറിയാണെന്ന അഹങ്കാരത്തിൽ ആദർശ് വെല്ലുവിളിച്ചു എന്ന് പറയുന്നത്.
എന്തിന്റെ പേരിലാണ് അഹങ്കരിക്കുന്നത്. എന്തു ചെയ്താലും ചുറ്റുമുള്ള ചിലർ സംരക്ഷിക്കുമെന്ന് കരുതിയിട്ടോ? സ്വന്തം ഘടകത്തിൽ നിങ്ങളുടെ തോന്നിവാസങ്ങൾ എല്ലാം ചോദ്യം ചെയ്യാൻ ഇനി ആരുമില്ല. ചോദ്യം ചെയ്യുന്നവരേയെല്ലാം നിങ്ങൾ പറഞ്ഞ് വിട്ടെന്ന് കരുതിയിട്ടോ? കൂടപ്പിറപ്പിനെ പോലെ കാണുന്ന സഖാവിനെ അടിച്ചിട്ട് , ഇതൊന്നും ഇത്രയും ദിവസം അറിഞ്ഞവർ ആരും പരസ്യമായി പറയാതിരുന്നത്, ചോദ്യം ചെയ്യാതിരുന്നത്, തിരിച്ചടിക്കാതിരുന്നത്. കഴിവുകേടു കൊണ്ടോ ആരെയെങ്കിലും പേടിച്ചിട്ടോ അല്ല. നിങ്ങളെല്ലാം ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ്. പാർട്ടി പറഞ്ഞിട്ടാണ്.
എല്ലാവരെയും പോലെ ഇതെല്ലാം അറിഞ്ഞിട്ടും ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല എന്ന് പറഞ്ഞ് ഇരിക്കാം. പക്ഷേ ഒരു ദിവസം എങ്കിലും ഈ സംഘടനയിൽ ഏറ്റവും ആത്മാർത്ഥമായി നിന്നവർക്ക് എസ്എഫ്ഐയെ സ്നേഹിക്കുന്നവർക്ക് അതിന് കഴിയില്ല. ഇത്രയും ദിവസം കാത്തിരുന്നത് ജില്ലയിൽ നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ ഇത് ബാധിക്കരുത്, നിങ്ങൾ ചെയ്ത കുറ്റം കാരണം എസ്എഫ്ഐ തോൽക്കരുത് എന്ന് കരുതിയിട്ട് മാത്രമാണ്.
കുറെ കാലമായി സോഷ്യൽ മീഡിയ ഉപയോഗിക്കാറില്ല. പോസ്റ്റുകൾ ഇടാറില്ല. പക്ഷേ ഇതൊന്നും പുറത്ത് പറയാതിരിക്കാൻ സാധിക്കില്ല. ഇതിൻ്റെ പേരിൽ ഇന്നലെവരെ ചിരിച്ചവർ സംസാരിച്ചവർ പോലും ശത്രുക്കളായാലും എന്ത് ചാപ്പ കുത്തി തന്നാലും പ്രശ്നമില്ല. വലതുപക്ഷ മാധ്യമങ്ങൾക്കും എതിർ പാർട്ടിക്കാർക്കും എസ്എഫ്ഐയെ കീറി വലിക്കാൻ അവസരം ഉണ്ടാക്കാൻ അല്ല ഈ പോസ്റ്റ് , നിവൃത്തികേട് കൊണ്ട് മാത്രമാണ് പരസ്യമായി പറയേണ്ടി വരുന്നത്. സംഭവം നടന്ന എത്രയോ ദിവസങ്ങൾ കഴിഞ്ഞിട്ടും അടിച്ചവർ വീണ്ടും വീണ്ടും വെല്ലുവിളികൾ നടത്തുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.
Content Highlights: SFI Wayanad District Joint Secretary Sayanth was allegedly beaten by District Secretary Adarsh and others., The incident occurred at the Pulpally area committee office amid college union elections., Former SFI leaders came out on Facebook condemning the violent attack and threats.