‘സമരക്കാർ മുടിക്കുത്തിന് പിടിച്ചുവലിച്ചു, മാന്തി’; വാഹനം നശിപ്പിച്ചതിന് പരാതി നൽകും- VC സിസാ തോമസ്

കാലടി: വ്യാഴാഴ്ച സംസ്കൃത സർവകലാശാലാ കാമ്പസിൽ എസ്.എഫ്.ഐ. പ്രവർത്തകർ ദേഹോപദ്രവം ഏല്പിച്ചെന്നും ഔദ്യോഗിക വാഹനം നശിപ്പിച്ചെന്നും വി.സി. സിസാ തോമസ്. ഔദ്യോഗിക വാഹനം നശിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കുമെന്നും വി.സി. വ്യക്തമാക്കി. സിൻഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ എസ്.എഫ്.ഐ. പ്രവർത്തകർ വി.സി.യുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നത് വിവാദമായരിക്കേയാണ് വി.സി.യുടെ പ്രതികരണം.
ഓടിയടുത്ത സമരക്കാരിൽ ചിലർ മുടിക്കുത്തിനുപിടിച്ചുവലിക്കുകയും മാന്തുകയും ചെയ്തെന്ന് വി.സി. പറഞ്ഞു. ദേഹത്ത് പോറലും മുറിവും ഉണ്ടായി. എന്നാൽ ഇതുസംബന്ധിച്ച് പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ല. ജോലിത്തിരക്കുകഴിഞ്ഞ് ഏറെ വൈകിയതിനാൽ വൈദ്യപരിശോധനയ്ക്ക് നിന്നില്ല. 2019 മുതലുള്ള വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് സർവകലാശാല നൽകിയിട്ടില്ല. സമരക്കാർക്ക് ഇത്രയും നാൾ പരാതിയില്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് സിസാ തോമസ് ചോദിച്ചു. സർട്ടിഫിക്കറ്റുകൾ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും പറഞ്ഞു.
സർവകലാശാലാ ഗേറ്റിനുതാഴെയാണ് വി.സി.യുടെ പ്രതീകാത്മക സംസ്കാരച്ചടങ്ങുകൾ നടത്തിയത്. പോലീസ് സംരക്ഷണം മറികടന്ന് പ്രവർത്തകർ വി.സിയുടെ അടുത്തേക്ക് തള്ളിക്കയറുകയും ചെയ്തു. ഗസ്റ്റ് അധ്യാപക നിയമനം പൂർത്തിയാക്കുക, കോഴ്സ് പൂർത്തീകരിച്ച വിദ്യാർഥികൾക്ക് സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 25 ദിവസമായി എസ്.എഫ്.ഐ. സമരം നടത്തിവരുകയാണ്.
പ്രതീകാത്മക സംസ്കാരച്ചടങ്ങ് നടത്തിയിട്ടില്ലെന്ന് എസ്.എഫ്.ഐ.
തങ്ങൾ നടത്തിയത് വി.സി.യുടെ പ്രതീകാത്മക സംസ്കാരച്ചടങ്ങല്ലെന്നും തിയേറ്ററിൽ പ്രവർത്തനരഹിതമായ സ്പോട്ട് ലൈറ്റുകൾ മരിച്ചതായി പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നെന്നും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആശിഷ് എസ്. ആനന്ദ്, യൂണിറ്റ് സെക്രട്ടറി എ. ശ്യാം എന്നിവർ അറിയിച്ചു.
Content Highlights: VC ciza thomas stated SFI activists physically assaulted her and damaged her official vehicle., SFI has been protesting for 25 days demanding timely degree certificates and infrastructure improvements., SFI leaders denied conducting a symbolic funeral for the VC, claiming it was for inactive spotlights.