മാതൃഭൂമി വീഡിയോയ്ക്ക് വിലക്ക്; ജനാധിപത്യവിരുദ്ധ നടപടിയെന്ന് വിമർശനം; പ്രതികരണവുമായി പ്രമുഖർ

#ന്യൂസ് ഡെസ്ക്

കൊച്ചി: ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ മാതൃഭൂമി ഡോട്ട് കോം ഇംഗ്ലീഷ് പങ്കുവെച്ച വീഡിയോയ്ക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയ നടപടിയെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയനിരീക്ഷകരും. എസ്ഐആർ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന  പ്രതിഷേധത്തിനിടെയുള്ള, ഒക്ടോബർ പതിനൊന്നാം തീയതിയിലെ വീഡിയോയാണ് മെറ്റ നീക്കംചെയ്തത്. ഈ പോസ്റ്റ് ഇന്ത്യയിൽ ലഭ്യമല്ല എന്നാണ് കാണാനാകുന്നത്.

Read more: ഡൽഹിയിൽ പ്രതിഷേധിച്ച പെൺകുട്ടിക്കുനേരെ പോലീസിന്റെ ബലപ്രയോഗം; ‘മാതൃഭൂമി’ വീഡിയോയ്ക്ക് ഇൻസ്റ്റഗ്രാമിന്റെ വിലക്ക് 

നടപടി ജനാധിപത്യവിരുദ്ധം- എം.കെ. വേണു

ഡിജിറ്റൽ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ ശേഖരിച്ച വിവരങ്ങളും ഇന്ത്യൻ എക്സ്പ്രസ് ഉദ്ധരിച്ച കണക്കുകളും അനുസരിച്ച് മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് ഏകദേശം 1,95,000 ഉള്ളടക്ക വിലക്ക് ഉത്തരവുകൾ സർക്കാർ നൽകിയിട്ടുണ്ട്. ഇന്ത്യയിലെമ്പാടും ജെൻസീകളുടെ പ്രതിഷേധം നടന്നകാലമാണിത്. ഈ ഉത്തരവുകളിൽ പകുതിയിലധികവും ഇൻസ്റ്റഗ്രാമിനെതിരെയായിരുന്നു. രാജ്യത്തെ യുവാക്കൾക്കിടയിൽ മോദി സർക്കാരിന്റെ ജനപ്രീതി വൻതോതിൽ ഇടിയുകയാണെന്നും പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിൽ സർക്കാരിന് പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇതിൽനിന്ന് വ്യക്തമാണ്. മാതൃഭൂമിയുടെ വൈറലായ വീഡിയോയ്ക്ക് സർക്കാർ വിലക്കേർപ്പെടുത്തിയ സംഭവവും സ്വന്തം വീഴ്ചകൾ മറച്ചുവയ്ക്കാൻ സർക്കാർ കടുത്ത സെൻസർഷിപ്പ് നടപടികൾ തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. ഇത്തരം സെൻസർഷിപ്പ് നടപടികൾ തീർത്തും ജനാധിപത്യവിരുദ്ധവും ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) ഉറപ്പുനൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ ലംഘിക്കുന്നതാണ്

വീഡിയോയ്ക്ക് വിലക്കേർപ്പെടുത്തുന്നത് പരിഹാസ്യം- ശശികുമാർ

'ഈ വീഡിയോയ്ക്ക് വിലക്കേർപ്പെടുത്തുന്നത് പരിഹാസ്യമാണ്. വീഡിയോയ്ക്കുവേണ്ടി സൃഷ്ടിച്ച സാങ്കൽപിക ദൃശ്യങ്ങളോ കെട്ടിച്ചമച്ച സംഭവങ്ങളോ അല്ല ഇതിലുള്ളത്. ക്രമസമാധാനം നിലനിർത്തുന്നു എന്ന പേരിൽ ദേശീയതലസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങളാണിവ. കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് അതിക്രമം കാണിക്കുന്നതിന്റെ ധാരാളം വിഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിലുണ്ട്. രാജ്യം മുഴുവൻ ഇതു കാണുന്നുണ്ട്. ജനാധിപത്യത്തിന് ഏറെ പ്രധാനപ്പെട്ടതും നിർണായകവുമായ ഒരു വിഷയത്തിനുവേണ്ടി പ്രതിഷേധിക്കുന്നവരോട് കാണിക്കുന്ന പെരുമാറ്റത്തിൽ ജനങ്ങൾ വേദനിക്കുകയും രോഷാകുലരാകുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പുകളുടെ നിയമസാധുതയും അവ ജനങ്ങളുടെ യഥാർഥ പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടോ എന്നതുമാണ് വിഷയം. പ്രതിഷേധക്കാരെ ദയാരഹിതമായ രീതിയിൽ പിടിച്ചുവലിച്ച് വാഹനങ്ങളിലേക്ക് വലിച്ചെറിയുകയാണ്. ജയിലിലെ ഇരുമ്പഴികളുള്ള കൂടുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അകത്ത് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഈ വാഹനങ്ങളിൽ കയറ്റിയശേഷം, കസ്റ്റഡിയിൽഎടുത്തവരുടെതന്നെ മൊഴികളനുസരിച്ച്, അവരെ അശ്ലീലമായ അധിക്ഷേപങ്ങൾക്കും മർദനത്തിനും വിധേയരാക്കുന്നു. ജനങ്ങൾ ഇതെല്ലാം കാണുന്നു എന്നതാണോ നാണക്കേട്?! ഈ സംഭവങ്ങൾ പുറത്തുകൊണ്ടുവരുന്നതാണോ നിയമവിരുദ്ധം?! നമ്മുടെ യുവാക്കളെ ഇത്തരത്തിൽ നിർദാക്ഷിണ്യം ആക്രമിക്കുന്നതാണ് ക്രമസമാധാനം നിലനിർത്തുക എന്ന ആശയത്തെ പരിഹാസ്യമാക്കുന്നത്.

പരസ്യമായ സെൻസർഷിപ്പ്- സിദ്ധാർഥ് വരദരാജൻ

ഇത് പരസ്യമായ സെൻസർഷിപ്പാണ്. മാധ്യമസ്വാതന്ത്ര്യത്തിനുമേൽ സർക്കാർ നടത്തുന്ന കടന്നാക്രമണങ്ങളുടെ തുടർച്ചയായാണ് ഈ നടപടിയെയും കാണേണ്ടത്. പോലീസ് അതിക്രമം തുറന്നുകാട്ടുന്ന ഒരു വാർത്താ റിപ്പോർട്ടിന് വിലക്കേർപ്പെടുത്തിയത് മാധ്യമസ്വാതന്ത്ര്യത്തിനും വിശാലമായ ജനാധിപത്യ അവകാശങ്ങൾക്കുമിടയിലെ അടുത്തബന്ധത്തെയാണ് വ്യക്തമാക്കുന്നത്.

പ്രതിഷേധാർഹം, പരിഹാസ്യം- എ. ജയശങ്കർ

മെറ്റയെ ഉപയോഗിച്ച് വീഡിയോ നീക്കം ചെയ്യാൻ കേന്ദ്രസർക്കാരിന് സാധിക്കും, പക്ഷേ ജനവികാരത്തെ ഇല്ലാതാക്കാൻ പറ്റില്ല. ഡൽഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധ സമരത്തെ ബഹുജനങ്ങളിൽനിന്ന് മറയ്ക്കാനും പറ്റില്ല. സർക്കാരിന്റെ ഈ പ്രതിഷേധാർഹം മാത്രമല്ല തികച്ചും പരിഹാസ്യംകൂടിയാണ്.

ഭീരുത്വം നിറഞ്ഞ ഒരു ഭരണകൂടത്തിന്റെ ലക്ഷണം- എം.ജി. രാധാകൃഷ്ണൻ

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രതിഷേധക്കാർക്കെതിരെ മാത്രമല്ല, തങ്ങളുടെ കടമ നിർവഹിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെയും ഭരണകൂടം അഴിച്ചുവിടുന്ന അതിക്രമങ്ങൾ അടിയന്തരാവസ്ഥക്കാലത്ത് നടന്നവയേയും മറികടക്കുന്നതായി തോന്നുന്നു. ഭീരുത്വം നിറഞ്ഞ ഒരു ഭരണകൂടത്തിന്റെ ലക്ഷണങ്ങളാണിവ. സമീപഭാവിയിൽ തന്നെ ആ ഭരണകൂടം തകർന്നുവീഴാനുള്ള സാധ്യതയിലേക്കും ഈ സംഭവങ്ങൾ വിരൽചൂണ്ടുന്നു.

Content Highlights: Mathrubhumi English's Instagram video on Delhi protests was blocked in India., Senior journalists and analysts condemned the action as open censorship., Critics highlighted rising government control over social media and suppression of media freedom., The video captured police action during protests demanding the resignation of the Chief Election Commissioner.