കുന്തം, കുടച്ചക്രം, ഭരണഘടന തന്ന ഊരാക്കുടുക്ക്; സജി ചെറിയാന്‍ കേസിന്റെ നാള്‍വഴികള്‍

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരേ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. മന്ത്രിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. സംസ്ഥാന പോലീസ് മേധാവി, ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍.
2022 ജൂലായില്‍ മല്ലപ്പള്ളിയില്‍ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിവാദമായ പരാമര്‍ശങ്ങള്‍ വരുന്നത്. ഭരണഘടനയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് അന്ന് മന്ത്രി നടത്തിയത്. ഇത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും അനന്തരം മന്ത്രിസ്ഥാനം തെറിക്കുന്നതിലേക്കുവരെയും നയിച്ചു.
ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ അന്ന് പറഞ്ഞിരുന്നു.
അന്നു പറഞ്ഞ വാക്കുകള്‍:
'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും'.
ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം... തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും.
കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘടന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്.
ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമാവുന്നത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ? നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണ്...'
പ്രസംഗത്തെത്തുടര്‍ന്ന് മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പല കോണുകളില്‍നിന്ന് ഉയര്‍ന്നു. ഭരണഘടനയെത്തൊട്ടുള്ള കളിയായതിനാല്‍ സ്വന്തം പാര്‍ട്ടിക്കുപോലും പിന്തുണക്കാനാവുന്ന സ്ഥിതിയായിരുന്നില്ല. നിയമസഭയിലും പുറത്തും ഇതേച്ചൊല്ലി പ്രതിഷേധങ്ങളുണ്ടായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിഷയത്തില്‍ ഇടപെട്ടതോടെ വിവാദം കടുത്തു. തന്റെ പ്രസംഗം ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു സഭയില്‍ സജി ചെറിയാന്‍ നല്‍കിയ വിശദീകരണം.
ഒടുവില്‍ മുഖ്യമന്ത്രിയും കൊടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന യോഗത്തിനൊടുവില്‍ സജി ചെറിയാന്‍ രാജിവെയ്ക്കട്ടെ എന്ന നിലപാടിലെത്തി. ഉന്നതമായ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന് സജി ചെറിയാന്‍ പ്രഖ്യാപിച്ചു. രാജിവെച്ചെങ്കിലും പകരം മന്ത്രിയെ വെച്ചില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്ത സാംസ്‌കാരിക, ഫിഷറീസ് വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തു.
എന്നാല്‍ ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമര്‍ശനം മാത്രമാണ് സജി ചെറിയാന്‍ നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേര്‍ന്നത്. അതനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
അതോടെ ആറുമാസത്തെ ഇടവേളയ്ക്കുശേഷം സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതിനോടുള്ള വിയോജിപ്പ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചശേഷമാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്.
കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് 2018-ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി സജി ചെറിയാന്‍ നിയമസഭാംഗമാകുന്നത്. 2021-ല്‍ വീണ്ടും ജയിച്ച് മന്ത്രി സഭയിലെത്തി. രാജിയിലേക്കുനയിച്ച 2022 ജൂലായ് മൂന്നിന് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നാലാം തീയതി മാതൃഭൂമി ഡോട്ട്‌കോം അത് വാര്‍ത്തയാക്കിയതോടെയാണ് സംഭവം വിവാദമായതും മന്ത്രിയുടെ രാജിയിലേക്ക് നയിച്ചതും.
Content Highlights: saji cheriyan against indian constitution case timelines