ശബരിമല: 'വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർഥാടകർ ആ ദിവസംതന്നെ എത്തണം'; സ്‌പോട് ബുക്കിങ് ദിവസം ശരാശരി 8500

ശബരിമല: വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ബുക്കുചെയ്ത ദിവസംതന്നെ എത്തണമെന്ന് സന്നിധാനം സ്‌പെഷ്യൽ പോലീസ് ഓഫീസർ (എസ്ഒ) ആർ. ശ്രീകുമാർ പറഞ്ഞു. സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽനിന്ന് സ്‌പോട് ബുക്കിങ് നൽകുന്നത്.
സ്‌പെഷ്യൽ കമ്മിഷണർ എസ്ഒയുമായി ആലോചിച്ചാണ് 5000-ത്തിൽ കൂടുതലായുള്ള സ്‌പോട് ബുക്കിങ് അനുവദിക്കുന്നത്. 8500 വരെ ഇത്തരത്തിൽ ദിവസവും ശരാശരി കൊടുക്കാറുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നുവരെ 8800 സ്‌പോട്ട് ബുക്കിങ് നൽകി. പുലർച്ചെ 12-ന് തുടങ്ങുന്ന ബുക്കിങ് 5000 കവിഞ്ഞാലും സന്നിധാനത്തെ തിരക്കുനോക്കി അധികമായിനൽകും. ഒരു മിനിറ്റിൽ ശരാശരി 80 പേരെ പടികടത്താൻ കഴിയുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാർ, പ്രായമുള്ളവർ, കുഞ്ഞുമാളികപ്പുറങ്ങൾ, മണികണ്ഠൻമാർ, ശരീരഭാരം കൂടിയവർ എന്നിവരെ പതിനെട്ടാംപടി കയറാൻ സഹായിക്കുമ്പോൾ ഈ സമയക്രമം തെറ്റും.
പുൽമേട് വഴി ദിനവും ശരാശരി 2500 പേർ എത്തുന്നുണ്ട്. പതിനെട്ടാംപടി കയറി എത്തുന്നവരുടെ ഔദ്യോഗിക കണക്കിനപ്പുറത്ത് സിവിൽ ദർശനത്തിന് നിരവധിപേർ വരുന്നു. സന്നിധാനത്തെ ആയിരക്കണക്കിനുവരുന്ന ജീവനക്കാരും കടകളിലെ തൊഴിലാളികളും ദർശനം നടത്തുന്നു -അദ്ദേഹം പറഞ്ഞു.
Content Highlights: Sabari Mala Pilgrimage: Optimizing Your Virtual Queue for a Smooth Darshan