ശബരിമല വെർച്വൽ ക്യൂ ബുക്കിങ്: പ്രതിദിനം 5000 പേർക്കുകൂടി അവസരം; വെള്ളിയാഴ്ച ഉച്ചവരെ ദർശനംനടത്തിയത് 33,000 പേർ

#സി. സാന്ദീപനി
ശബരിമല അയ്യപ്പ ക്ഷേത്രം | ചിത്രം: പിടിഐ
ശബരിമല അയ്യപ്പ ക്ഷേത്രം | ചിത്രം: പിടിഐ

ശബരിമല: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് പരിധി വർധിപ്പിച്ചു. ഈമാസം 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അവസരംനൽകാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനിച്ചു.

നവംബർ 21, 22 തീയതികളിൽ സ്‌പോട്ട് ബുക്കിങ്ങിലും ആനുപാതികമായി വർധനവരുത്തും. വെർച്വൽ ക്യൂ ബുക്കിങ് വലിയതോതിൽ ഉണ്ടാവുകയും എന്നാൽ അതനുസരിച്ച് ദർശനത്തിന് ആളുകളെത്താതിരിക്കുകയും ചെയ്തതിനെത്തുടർന്നാണ് കൂടുതൽ പേർക്ക് അവസരമൊരുക്കാൻ ബുക്കിങ് പരിധി വർധിപ്പിച്ചത്. വെർച്വൽ ക്യൂ വഴി 66,000-ഉം സ്‌പോട്ട് ബുക്കിങ് വഴി 14,000-ഉം ഉൾപ്പെടെ പരമാവധി 80,000 പേർക്കാണ് നിലവിലെ പരിധി.

മണ്ഡലകാലത്തേക്കു മുഴുവൻ ബുക്കിങ് പൂർത്തിയായതിനാൽ ഇപ്പോൾ ഉയർത്തിയ 5000 അവസരങ്ങൾ ബുക്കിങ് കാത്തിരിക്കുന്നവർക്ക് പ്രയോജനപ്പെടുത്താം. രണ്ടുദിവസത്തെ സ്ലോട്ട് ബുക്കിങ് വർധനയും ഗുണംചെയ്യും. ഹൈക്കോടതി നിർദേശം ലംഘിക്കാത്തതരത്തിൽ പരമാവധി ഭക്തരെ കടത്തിവിടണമെന്ന സമീപനമാണ് ദേവസ്വംബോർഡ് എടുത്തിട്ടുള്ളത്.

അതേസമയം മണ്ഡലകാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് പെട്ടെന്നുതന്നെ പൂർത്തിയായതിനുപിന്നിൽ ടൂർ ഏജൻസികളുടെ കൂട്ട ബുക്കിങ് ആണെന്ന സംശയം സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വംമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. ശനിയും ഞായറും അവധിദിവസങ്ങളായതിനാൽ ഈ ദിവസങ്ങളിൽ കൂടുതൽ ഭക്തരെത്തുമെന്നാണ് ദേവസ്വം അധികൃതർ കരുതുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെതന്നെ 33,000 പേർ ദർശനം നടത്തി.

Content Highlights: Virtual queue booking limit increased by 5,000 per day until the 30th, Proportional increase announced for spot booking on November 21 and 22, Decision taken due to unused slots despite high initial virtual bookings, Special Branch investigating alleged bulk bookings by tour agencies