സന്നിധാനത്ത് മകരവിളക്കുദിവസം സിനിമാ ഷൂട്ടിങ് നടന്നെന്ന് പരാതി; അന്വേഷണത്തിന് ദേവസ്വം ബോർഡ്

കോട്ടയം: ശബരിമല സന്നിധാനത്ത് മകരവിളക്കുദിവസം സിനിമാ ഷൂട്ടിങ് നടന്നെന്ന പരാതി വിജിലൻസിന് കൈമാറി ദേവസ്വം ബോർഡ്. സന്നിധാനത്ത് ഷൂട്ടിങ്ങിന് അനുമതി തേടിയിരുന്നതായും നിഷേധിച്ചതായും ബോർഡ് വ്യക്തമാക്കി. എന്നാൽ, ഷൂട്ടിങ് നടന്നുവെന്ന രീതിയിൽ പിന്നീട് പരാതി കിട്ടിയതോടെയാണ് അന്വേഷണത്തിന് നിർദേശിച്ചത്.
‘നരിവേട്ട’ എന്ന സിനിമ സംവിധാനംചെയ്ത അനുരഞ്ജ് മനോഹർ എന്ന സംവിധായകന്റേതാണ് സിനിമ. സന്നിധാനത്ത് അനുമതി കിട്ടാതെവന്നതോടെ പോലീസിനെ അറിയിച്ചശേഷം പമ്പയിൽ ഷൂട്ടിങ് നടത്തിയെന്നാണ് സിനിമയുടെ ചുമതലക്കാർ വ്യക്തമാക്കിയത്. സന്നിധാനത്ത് ഷൂട്ടിങ്ങിന് കോടതി വിലക്കുണ്ട്. ഇതാണ് ദേവസ്വംബോർഡ് അനുമതി നിഷേധിക്കാൻ കാരണം. മകരവിളക്ക് ദിവസം സുരക്ഷാ പ്രശ്നങ്ങളുള്ളത് പറഞ്ഞിരുന്നു. പരാതി കൈമാറി കിട്ടിയിട്ടില്ലെന്ന് വിജിലൻസ് എസ്‌പി അറിയിച്ചു. ഓഫീസിലേയ്ക്ക് കൈമാറിയിട്ടുണ്ടാകാം.
80-കളിൽ സന്നിധാനത്ത് തമിഴ് സിനിമയുടെ ഷൂട്ടിങ് നടന്നത് വലിയ വിവാദമാകുകയും റാന്നി കോടതി മുമ്പാകെ കേസ് വരുകയും ചെയ്തിരുന്നു.
Content Highlights: sabarimala sannidhanam makaravilakk day shooting allegation