ഒരു മണിക്കൂറിനകം 400 മുറികളും തീർന്നു; ശബരിമലയിലെ മുറികൾ ട്രാവൽ ഏജൻസികളും ഇടനിലക്കാരും കൈയടക്കി

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ മുറികളുടെ ഓൺലൈൻ ബുക്കിങ് തുറന്ന് ഒരു മണിക്കൂറിനകം 400 മുറികളും തീർന്നതിനുപിന്നിൽ ട്രാവൽ ഏജൻസികളും ഇടനിലക്കാരുമാണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സൈറ്റിലെ പഴുതുകൾ മുതലെടുത്താണ് മുറികൾ കൂട്ടത്തോടെ കൈക്കലാക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നിർദേശപ്രകാരം വിജിലൻസ് എസ്.പി. വി. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. സൈറ്റ് തുറന്ന ആദ്യമണിക്കൂറിൽ ചെന്നൈയിലെ സുജാത ട്രാവൽ ഏജൻസി 17, 18, 19 തീയതികളിൽ 22 മുറിവീതം ബുക്ക് ചെയ്തു. മൂന്നുദിവസങ്ങളിലായി 22 മുറികളാണ് ഈ ഏജൻസി കൈക്കലാക്കിയത്. ദിവസവും ലഭ്യമായ 400 മുറികളിൽ അഞ്ചുശതമാനത്തിലേറെയാണിത്.
ഇതിനുപുറമേ 10, 12, 15 എന്നിങ്ങനെ ഒറ്റയടിക്ക് ഒട്ടേറെ മുറികൾ ബുക്കുചെയ്ത സംഭവങ്ങളുമുണ്ട്. ഒരാൾ ഒന്നോ രണ്ടോ മുറി ബുക്കുചെയ്യുന്ന സാധാരണ രീതിക്കുപകരം ഒരുമിച്ച് ബുക്കുചെയ്തത് ഏജൻസികളുടെയും ഇടനിലക്കാരുടെയും ഇടപെടലിന്റെ തെളിവായാണ് വിജിലൻസ് കാണുന്നത്. ചുരുക്കം ഭക്തർക്കും മുറികിട്ടിയിട്ടുണ്ട്.
കൂട്ടബുക്കിങ് നടത്തിയവരെ ഐ.പി. അഡ്രസ് വഴി കണ്ടെത്താനാണ് ശ്രമം. ഇതിനായി ബുക്കിങ് നടത്തിയ ഐ.പി. അഡ്രസുകൾ ദേവസ്വം വിജിലൻസ് സൈബർ പോലീസിന് കൈമാറി.
പഴയ വെബ്സൈറ്റ്, പഴുതുകളേറെ
ഇ-മെയിൽ ഐ.ഡി. ഇല്ലെങ്കിലും ഏതെങ്കിലുമൊരു ഐ.ഡി. നൽകി ആർക്കും എത്ര മുറിവേണമെങ്കിലും നിലവിൽ ബുക്കുചെയ്യാം. ബുക്ക് ചെയ്യുന്നവരുടെ ആധികാരികത ഉറപ്പാക്കാനുള്ള ആധാർ അധിഷ്ഠിത ഒ.ടി.പി. പരിശോധനപോലുമില്ല. ഒരാൾക്ക് ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണത്തിനും നിയന്ത്രണമില്ല. 2016-ൽ നിലവിൽവന്ന വെബ്സൈറ്റിൽ പിന്നീട് ഒരു പരിഷ്കരണവും വരുത്തിയിട്ടില്ല. ഈ പഴുതുകളെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെയാണ് കൂട്ടബുക്കിങ് നടന്നത്.
Content Highlights: Travancore Devaswom Board vigilance revealed that travel agencies and middlemen exploited website loopholes to bulk-book Sabarimala rooms within an hour of opening.