ശബരിമല അയ്യപ്പൻമാർക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; പരിരക്ഷ തീർഥാടനത്തിനെത്തുന്ന 3 ദിവസത്തേക്ക്

#ന്യൂസ് ഡെസ്ക്
ശബരിമല ക്ഷേത്രം | Photo: PTI
ശബരിമല ക്ഷേത്രം | Photo: PTI

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് എൽ.ഐ.സി.യുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. തീർഥാടനത്തിനിടെ മരിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവവഴി ദർശനത്തിനെത്തുന്നവർക്കാണ് പരിരക്ഷ. തീർഥാടകരിൽനിന്ന് പണം ഈടാക്കില്ല. ഒന്നരക്കോടി രൂപയാണ് ബോർഡ് പ്രീമിയമായി അടയ്ക്കുന്നത്.

സന്നിധാനത്ത് എത്തുന്നതിന്റെ തലേന്ന് മുതൽ മൂന്നുദിവസത്തേക്കാണ് പരിരക്ഷ. തലേന്ന് അപകടമരണത്തിന് മാത്രമാണ് കവറേജ്. സന്നിധാനത്ത് എത്തുന്ന ദിവസവും പിറ്റേന്നും ഹൃദയാഘാതം ഉൾപ്പെടെയുള്ള സ്വാഭാവിക മരണത്തിനും അപകടമരണത്തിനും പരിരക്ഷയുണ്ട്. ഇൻഷുറൻസ് സംബന്ധിച്ച കാര്യങ്ങൾക്ക് പമ്പയിൽ ഹെൽപ്പ് ഡെസ്‌ക് തുടങ്ങുന്നതും ബോർഡിന്റെ പരിഗണനയിലാണ്.

അരവണ തപാലിൽ വീട്ടിലെത്തും

സന്നിധാനത്തുനിന്ന് വാങ്ങുന്ന അരവണയും അപ്പവും നാട്ടിലെത്തിക്കാൻ തപാൽ വകുപ്പ് സഹായിക്കും. ഇതിനായി പ്രസാദ കൗണ്ടറുകൾക്ക് സമീപം തപാൽ ഓഫീസ് പ്രവർത്തിക്കും. പാഴ്സലായി അയയ്ക്കുന്ന പ്രസാദം കേടുകൂടാതെ എത്തിക്കുമെന്ന് വകുപ്പ് ഉറപ്പുനൽകുന്നു.

മറ്റു ക്രമീകരണങ്ങൾ

* 17-ന് വൃശ്ചികപ്പുലരിയിൽ നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽശേഖരമായുണ്ടാകും. ശർക്കരയുടെ കാര്യത്തിൽ ആശങ്കയില്ല.

* മരാമത്ത് പണികളെല്ലാം പൂർത്തിയായി.

* മലകയറുമ്പോൾ വിശ്രമിക്കാൻ നീലിമലപ്പാതയിൽ 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചു.

* നിലയ്ക്കലിൽ രണ്ടായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാവുന്ന രണ്ട് വലിയ പന്തലുകൾ ഒരുക്കി. ഇവിടെ കൂളറുകളുമുണ്ടാകും.

* അപ്പാച്ചിമേട്ടിലെ വിശ്രമസ്ഥലം മനോഹരമാക്കും.

* ശൗചാലയങ്ങൾ ടെൻഡറാകുന്നതുവരെ ദേവസ്വം നേരിട്ട് നടത്തും. ഓരോ മണിക്കൂർ ഇടവിട്ട് വൃത്തിയാക്കാൻ 200-ലധികം തൊഴിലാളികളെ നിയോഗിച്ചു.

* എക്സിക്യുട്ടീവ് ഓഫീസിനടുത്തുള്ള വഴിപാട് കൗണ്ടറുകൾ താഴെത്തിരുമുറ്റത്ത് ദേവസ്വം ബുക്ക്സ്റ്റാളിന് മുന്നിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റും.

* അരവണ, അപ്പം വിതരണത്തിന് 22 കൗണ്ടറുകൾ. ധനലക്ഷ്മി ബാങ്കിന്റെ 19-ഉം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൂന്നും കൗണ്ടറുകൾ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഞ്ച് അരവണ വെൻഡിങ് മെഷീനുകളുമുണ്ടാകും.

* വഴിപാടുകൾക്ക് ഡിജിറ്റൽ പേമെന്റിന് മുൻഗണന നൽകും.

* ഡോളി സർവീസുകളെല്ലാം പ്രീപെയ്ഡ് ആയിരിക്കും.

* വെടിവഴിപാടിന് ടെൻഡർ ക്ഷണിച്ചു. ലൈസൻസുള്ളവർക്ക് മാത്രമേ നൽകൂ. ഇതുവരെ ആരും ടെൻഡർ നൽകിയിട്ടില്ല.

* ചെങ്ങന്നൂരിൽ സ്പോട്ട് ബുക്കിങ് സൗകര്യമുണ്ടാകും.

* ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിൽനിന്ന് വരുന്ന ടാക്സികൾക്ക് പമ്പയിലേക്ക് പോകാൻ അനുമതി നൽകും.

* നിലയ്ക്കലിൽ പാർക്കിങ്ങിന് എ.ഐ. അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തും.

* സന്നിധാനത്തെ അന്നദാനത്തിന് ഉച്ചയ്ക്ക് സദ്യ നൽകും.

* പമ്പയിൽ ദേവസ്വം ബോർഡിന്റെ വിപുലമായ ഇൻഫർമേഷൻ സെന്റർ തുടങ്ങും.

Content Highlights: Free insurance coverage of Rs 2 lakh for Sabarimala pilgrims through LIC., Coverage applies to virtual queue and spot-booking pilgrims without any fee.