‘ഈ മണി തന്നെ ഡി. മണി’; ഫോട്ടോകണ്ട് സ്ഥിരീകരിച്ച് വ്യവസായി; മണിയുടെ വാദം പാളി, വിശദമായി ചോദ്യംചെയ്യും

ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവനന്തപുരത്ത് ചോദ്യംചെയ്യലിന് ഹാജരാകാൻ എസ്ഐടിയുടെ സമൻസ് ലഭിച്ച എം.എസ്. മണിതന്നെയാണ് ഡി. മണിയെന്ന് സ്ഥിരീകരിച്ച് പ്രവാസി വ്യവസായി. എം.എസ്. മണിയുടെ ചിത്രങ്ങൾ സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിദേശ വ്യവസായിക്ക് അയച്ചുകൊടുത്തിരുന്നു. ചിത്രങ്ങൾ കണ്ട വ്യവസായി ഇതുതന്നെയാണ് ഡി. മണിയെന്ന് സ്ഥിരീകരിച്ചു. സംഭവം പുറത്തുവിട്ട മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യവസായിയെ വിളിച്ച് ഇത് ഡി. മണി തന്നെയാണെന്ന് ഉറപ്പിച്ചിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി ഡി. മണി എന്നു പറയുന്ന ആളുമായി തിരുവനന്തപുരത്തുവെച്ച് പഞ്ചലോഹ വിഗ്രഹങ്ങളുടെ ഇടപാട് നടത്തുന്നത് നേരിട്ടുകണ്ടു എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. പോറ്റിക്കൊപ്പം പ്രമുഖനായ ഒരു വ്യക്തിയും ഉണ്ടായിരുന്നു എന്നും മൊഴിയുണ്ട്. ഇദ്ദേഹം ആരാണെന്നും തിരുവനന്തപുരത്ത് എവിടെവെച്ചാണ് ഈ ഇടപാട് നടന്നതെന്നും അടക്കമുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.
സ്വർണക്കൊള്ളക്കേസിൽ വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം, തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദിണ്ടിക്കലിലെ മണി എന്നയാളിലെത്തിയത്. എന്നാൽ, താൻ ഡി. മണിയല്ലെന്നും സുഹൃത്തിന്റെ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ടതാണെന്നുമായിരുന്നു ഇയാൾ പോലീസിന് നൽകിയ മറുപടി. എം.എസ്. മണിയെന്നാണ് പേരെന്നും സുബ്രഹ്‌മണ്യം എന്നാണ് മുഴുവൻ പേരെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകുകയായിരുന്നു.