തന്ത്രിയുടെ പണമുണ്ടോ? ‘ചിലപ്പോൾ കാണും, ചിലപ്പോൾ കാണില്ല’; ഇഡിയോട് പണമിടപാട് സ്ഥാപനം

തന്ത്രി കണ്ഠര് രാജീവര് | ചിത്രം: ബിജു വർഗീസ്, മാതൃഭൂമി
തന്ത്രി കണ്ഠര് രാജീവര് | ചിത്രം: ബിജു വർഗീസ്, മാതൃഭൂമി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിൽക്കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ചിട്ടുണ്ടോ എന്ന ഇ.ഡി.യുടെ ചോദ്യത്തിന്, ഒഴുക്കൻമട്ടിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറുപടി. ചിലപ്പോൾ തന്ത്രിക്ക് നിക്ഷേപം ഉണ്ടാകാം, ചിലപ്പോൾ ഉണ്ടാകില്ല.

ഒട്ടേറെ നിക്ഷേപകരുണ്ടായിരുന്നെന്നും, ആർക്കൊക്കെ, എത്രയൊക്കെവീതം നിക്ഷേപം ഉണ്ടായിരുന്നെന്ന് പരിശോധിക്കാതെ പറയാനാകില്ലെന്നുമായിരുന്നു സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഇ.ഡി.യോട് പറഞ്ഞത്. തിരുവല്ലയിലെ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് (എൻ.സി.എസ്.) എന്ന സ്ഥാപനത്തിലാണ് വ്യാഴാഴ്ച റെയ്ഡ് നടന്നത്. രണ്ടുവർഷം മുൻപ് നിക്ഷേപകർക്ക് പണം തിരിച്ചുനൽകാതെ കേസിൽപ്പെട്ട സ്ഥാപനത്തിന്റെപേരിൽ ഇ.ഡി. രജിസ്റ്റർചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡാണ് നടന്നത്. ശബരിമല കേസ് അന്വേഷിക്കുന്ന ഇ.ഡി. യൂണിറ്റായിരുന്നില്ല റെയ്ഡിനെത്തിയത്. തന്ത്രി ഈ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും, സ്ഥാപനം പൊട്ടിയപ്പോൾ അദ്ദേഹം പരാതിപോലും നൽകിയില്ലെന്നുമുള്ള ആരോപണം കുറച്ചുനാളായി നിലവിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ്, റെയ്ഡ് നടത്തിയ ഇ.ഡി. സംഘം ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ സ്ഥാപനപ്രതിനിധികളോട് തിരക്കിയത്. അതിനുള്ള ഉത്തരമാണ് വ്യക്തതയില്ലാതെ നൽകിയത്.

ഇത്തരമൊരു മറുപടി കിട്ടിയ പശ്ചാത്തലത്തിൽ, ശബരിമല കേസ് അന്വേഷിക്കുന്ന ഇ.ഡി. സംഘം സ്ഥാപനപ്രതിനിധികളെ ചോദ്യംചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്.

2014 മേയ് ഏഴിന് സ്ഥാപനയുടമ എൻ.എം. രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. 100 കോടിയോളം രൂപയുടെ തട്ടിപ്പിന് വിവിധ പോലീസ്സ്റ്റേഷനുകളിലായി പരാതി ലഭിച്ചിരുന്നു. സ്ഥാപനത്തിന്റെ കുറ്റപ്പുഴയിലെ ഹെഡ് ഓഫീസ് അടക്കം കുറച്ചുനാൾ അടച്ചിട്ടിരുന്നു. പിന്നീട് നാമമാത്രമായ പ്രവർത്തനം തുടരുന്നതിനിടെയായിരുന്നു വ്യാഴാഴ്ചത്തെ റെയ്ഡ്.

തന്ത്രി രാജീവരെ ഒഴിവാക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: തന്ത്രി കണ്ഠര് രാജീവരെ ശബരിമല തന്ത്രിമാരുടെ പട്ടികയിൽനിന്ന് നീക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിൽ. നടപടിയെടുക്കേണ്ട സമയമാണെന്നും മാറിയ സാഹചര്യത്തിൽ അതു വേണ്ടിവരുമെന്നും അതിൽ മനഃപ്രയാസത്തിന്റെ കാര്യമില്ലെന്നും ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ മാധ്യമങ്ങളോടു പറഞ്ഞു.

തന്ത്രിയെ ഒഴിവാക്കുന്നതിൽ ബോർഡ് തീരുമാനമെടുത്തിട്ടില്ല. നിലവിൽ മഹേഷ് മോഹനരാണ് ശബരിമലയിലെ തന്ത്രി. താന്ത്രികാവകാശമുള്ള താഴമൺകുടുംബമാണ് ഓരോകൊല്ലവും ശബരിമലയിൽ ചുമതലയുള്ള തന്ത്രിയെ നിശ്ചയിക്കുന്നത്. അടുത്ത ഊഴം കണ്ഠര് രാജീവർക്കാണ്. ശബരിമല സ്വർണക്കേസിൽ റിമാൻഡിലായ കണ്ഠര് രാജീവര് ജയിലിലാണ്. മുൻപ് കണ്ഠര് മോഹനര് കേസിൽപ്പെട്ടപ്പോൾ ദേവസ്വംബോർഡ് ഒഴിവാക്കിയിരുന്നു.

Content Highlights: ED questions Nedumpurambil Credit Syndicate regarding Tanthri Kandar Rajeevar`s potential investments in the gold scam probe