സ്വർണ്ണപ്പാളി വിവാദം സഭയിൽ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കത്തിൽ വന്ന കുറവ് നിയമസഭയിൽ അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ എ.എൻ. ഷംസീർ നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ചട്ടപ്രകാരം സഭയിൽ ചർച്ച ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണപ്പാളി ഉരുക്കാൻ കൊണ്ടുപോകുമ്പോൾ 42 കിലോ തൂക്കമുണ്ടായിരുന്നെന്നും എന്നാൽ ഒന്നര മാസത്തെ കാലതാമസത്തിന് ശേഷം ഇതിൽ നാല് കിലോ കുറഞ്ഞെന്നും പ്രതിപക്ഷം ആരോപിച്ചു. നാലു കിലോ സ്വർണം ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയിട്ട് ഈ സഭയിൽ ഇത് ചർച്ച ചെയ്യാൻ അനുവദിക്കില്ല എന്ന് പറയുന്നത് വളരെ തെറ്റായ ഒരു കീഴ്വഴക്കമാണെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിൻ്റെ പശ്ചാത്തലത്തിൽ വിഷയം അതീവ ഗൗരവമുള്ളതാണെന്നും കേരളത്തിലെ വിശ്വാസി സമൂഹം ചർച്ച ചെയ്യുന്ന ഈ വിഷയത്തിലെ യാഥാർത്ഥ്യം പൊതുജനം അറിയണമെന്നും പ്രതിപക്ഷം വാദിച്ചു. മുൻപും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭ ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
എന്നാൽ, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും, സെപ്റ്റംബർ 17-ലെ ഉത്തരവ് പ്രകാരം കോടതി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം നിയമനിർമ്മാണ സഭയ്ക്ക് ചർച്ച ചെയ്യാൻ കഴിയില്ലെന്ന ചട്ടവും കീഴ്വഴക്കവും ചൂണ്ടിക്കാട്ടിയാണ് പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. സാധാരണ മന്ത്രിയുടെ വിശദീകരണത്തിന് ശേഷമാണ് സ്പീക്കർ റൂളിങ് നൽകാറുള്ളതെങ്കിൽ, ഇത്തവണ സ്പീക്കർ നേരിട്ട് തന്നെ വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്, പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രഖ്യാപിക്കുകയും പ്രതിപക്ഷ അംഗങ്ങൾ സർക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സഭ വിട്ടിറങ്ങുകയും ചെയ്തു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നു.
Content Highlights: Opposition stages walkout after Speaker rejects urgent motion on Sabarimala gold plating weight