സൗദിയിലെ ജോലി ഉപേക്ഷിച്ച് ഷീബ മകന് കൂട്ടിരുന്നു; അമ്മയുടെ കരുതലിൽ റയാന് മിന്നും ജയം

അടൂർ: ഒഴിവാക്കലല്ല ചേർത്തുപിടിക്കലാണ് ഏതൊരാളിന്റെയും ജീവിത വിജയത്തിന്റെ പ്രധാന കാരണം. അതിന് പെറ്റമ്മ മുന്നിൽനിന്ന് പൊരുതാനുണ്ടെങ്കിൽ ശാരീരിക അവശതകൾക്ക് ഔഷധം ആ അമ്മ തന്നെ. അത്തരത്തിൽ സ്നേഹത്തിന്റെ കരുതലിൽ ശാരീരിക വെല്ലുവിളികളോട് പൊരുതി പറക്കോട് അമൃത ബോയ്സിലെ വിദ്യാർഥി റയാൻ ഷിബു, എസ്.എസ്.എൽ.സി പരീക്ഷയിൽ എപ്ലസ് ഉൾപ്പെടെ മികച്ച വിജയം നേടിയിരിക്കുകയാണ്.
ഏഴംകുളം അൽ ഉസ്മാൻ ഗാർഡനിൽ ഷിബു ഉസ്മാന്റെയും ഷീബയുടെയും മകനാണ് റയാൻ ഷിബു. റയാന് ഒന്നര വയസ്സുള്ളപ്പോൾ സൗദിയിൽ വെച്ചാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ എന്ന രോഗം ഉണ്ടെന്ന് മാതാപിതാക്കൾ മനസ്സിലാക്കുന്നത്.
ഇതോടെ ജോലി, ജീവിതം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ താളംതെറ്റൽ ഉണ്ടാകുമെന്ന് ഉറപ്പായി. എന്നാൽ ഈ ഘട്ടത്തിൽ സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ഷീബ തന്റെ ജോലി ഉപേക്ഷിച്ച് മകനോടൊപ്പം നിൽക്കാൻ തീരുമാനിച്ചു. അങ്ങനെ നാട്ടിൽ എത്തി.
പിന്നീട് സ്പെഷ്യൽ സ്കൂളുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ പരിശീലനവും മറ്റു നേടി അമൃത ബോയ്‌സിൽ അഞ്ചുമുതൽ ചേർന്നു. പഠിക്കുന്നതിന് റയാൻ എത്തണമെങ്കിൽ ഒരു നിർബന്ധംമാത്രം. അമ്മ എപ്പോഴും ഒപ്പമുണ്ടാകണം. അങ്ങനെ രാവിലെ സ്കൂളിൽ എത്തിച്ചാൽ റയാനൊപ്പം ക്ലാസിൽ അവൻ ഇരിക്കുന്ന ബെഞ്ചിൽ ഷീബയും ഇരിക്കും. എപ്പോൾ റയാന് പോകണം എന്ന് തോന്നുമ്പോൾ അമ്മയോടും പറയും പോകും. അങ്ങനെ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും പഠിച്ചും, പഠിപ്പിച്ചുമൊക്കെ ഷീബ പ്രിയപ്പെട്ട റയാനെ ഇപ്പോൾ നടന്ന പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സഹായിച്ചു.
എന്നാൽ റയാന്റെ വിജയം അടൂർ ബി.ആർ.സി.യുടെ ഓട്ടിസം സെന്ററിൽ നിന്നുള്ള തുടർച്ചയായ തെറാപ്പികൾ, പരിശീലനങ്ങൾ, സ്കൂൾ അധ്യാപകർ, സഹപാഠികൾ, അവരുടെ രക്ഷിതാക്കൾ, സ്പെഷ്യൽ എജുക്കേറ്റർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നാണ് ഷീബ പറയുന്നത്. സഹായിയെവെച്ചാണ് റയാൻ പരീക്ഷയെഴുതിയത്.
Content Highlights: Ryan Shibu achieved excellent SSLC results despite Autism spectrum disorder., His mother sacrificed her nursing career to support his education., The mother attended classes daily to provide constant support., Success attributed to therapy from Adoor BRC Autism Center and school support., Ryan utilized a scribe to complete his 2026 SSLC examinations.