'വീഴ്ച പറ്റിയെന്ന് പറഞ്ഞവരോട് പോയി ചോദിക്കൂ'; കെപിസിസി യോഗത്തിൽ പങ്കെടുത്ത് രമ്യ ഹരിദാസ്

#ന്യൂസ് ഡെസ്ക്
രമ്യ ഹരിദാസ് | ചിത്രം: മാതൃഭൂമി
രമ്യ ഹരിദാസ് | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗത്തിൽ പങ്കെടുത്ത് ചിറയൻകീഴ് എംഎൽഎ രമ്യ ഹരിദാസ്. ചിറയൻകീഴിൽ നടന്ന കയ്യാങ്കളിയുടെ പശ്ചാത്തലത്തിലാണ് രമ്യ യോഗത്തിനെത്തിയത്. വീഴ്ച പറ്റിയെന്ന അന്വേഷണസമിതിയുടെ കണ്ടെത്തലിനെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞവരോട് പോയി ചോദിക്കൂ എന്ന് രമ്യ ഹരിദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നേരത്തേ ചിറയൻകീഴ് കയ്യാങ്കളിയിൽ എം.എം. ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാളയം പ്രദീപിനും സജാദിനുമെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. ഇരുവിഭാഗവും ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നായിരുന്നു കണ്ടെത്തൽ. പ്രവർത്തകരെ ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ട എം.എൽ.എ. അടക്കമുള്ളവർ വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചെന്നും കണ്ടെത്തിയിരുന്നു.

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ തന്റെ അഡീഷണൽ പി.എ ആക്കണമെന്നാവശ്യപ്പെട്ട് പിന്നീട് രമ്യ ഹരിദാസ് കത്ത് നൽകിയതും വിവാദമായിരുന്നു. മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎ കത്ത് നൽകിയത്. രമ്യയുടെ പി.എയാണ് നിയമസഭാ സെക്രട്ടറിക്ക് കത്ത് കൈമാറിയത്.

Content Highlights: Chirayinkeezhu MLA Ramya Haridas attended the KPCC executive meeting in Thiruvananthapuram following the Chirayinkeezhu scuffle controversy. Asked about probe findings into lapse of conduct, she deflected to reporters.