അതീവ രഹസ്യം, സ്വകാര്യ സന്ദർശനങ്ങൾ മാത്രം; 38 ദിവസത്തിനു ശേഷം പാലക്കാട്ടെത്തി രാഹുൽ

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയപ്പോൾ
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയപ്പോൾ

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങളെത്തുടർന്ന് ഔദ്യോഗിക പരിപാടികളിൽനിന്ന് വിട്ടുനിന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് മണ്ഡലത്തിൽ തിരിച്ചെത്തി. 38 ദിവസത്തിനു ശേഷം ഏറെ അടുപ്പമുള്ള കോൺഗ്രസ് പ്രവർത്തകരെ മാത്രം അറിയിച്ച് അതീവ രഹസ്യമായാണ് തിങ്കളാഴ്ച പുലർച്ചെ പാലക്കാട് എത്തിയത്.

സ്വകാര്യ കാറിൽ എംഎൽഎ ബോർഡ് വെച്ചെത്തിയ രാഹുൽ രാവിലെ അന്തരിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സേവ്യറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. തുടർന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ജെ. പൗലോസിൻ്റെ മണ്ണാർക്കാട്ടെ വീട്ടിലേക്ക് പോയി.

ഇന്ന് ജില്ലയിൽ എംഎൽഎ ചില സ്വകാര്യ സന്ദർശനങ്ങൾകൂടി നടത്തുമെന്നാണ് സൂചന. മാധ്യമങ്ങളെപ്പോലും അറിയിക്കാതെ രഹസ്യമായി എത്തിയ എംഎൽഎ ഓഫീസിലോ പൊതുപരിപാടികൾക്കോ എത്തിയാൽ തടയുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ പറഞ്ഞു. കോൺഗ്രസിൻ്റെ മൗനാനുവാദത്തോടെ എത്തിയ എംഎൽഎയെ തടയുന്നതിൻ്റെ പേരിൽ കിട്ടാനിടയുള്ള സഹതാപ സാധ്യത ഉണ്ടാക്കി കൊടുക്കാൻ തയ്യാറല്ലെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ നിലപാട്. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാവും തുടർസമരങ്ങളെന്നും അവർ പറഞ്ഞു.

എംഎൽഎ എത്തുമെന്ന പ്രതീക്ഷയിൽ പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഓഫീസിനു മുന്നിൽ രാവിലെ മുതൽ കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Rahul Mankootamtil MLA Returns to Palakkad After Sexual Allegation Controversy