'വിവാഹിതയെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മത പ്രകാരം'- ജാമ്യ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജി സമർപ്പിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് രാഹുലിന്റെ വാദം.
ബലാത്സംഗ കുറ്റം തനിക്കെതിരെ നിലനിൽക്കില്ലെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും രാഹുൽ പറയുന്നു. പരാതിക്കാരി പ്രായപൂർത്തിയായ വ്യക്തിയാണെന്നും ഒരു പുരുഷനെ കാണാനായി റൂം ബുക്ക് ചെയ്ത് എത്തുമ്പോൾ അതിന്റെ വരുംവരായ്കകളെക്കുറിച്ച് കൃത്യമായി തിരിച്ചറിയാൻ ശേഷിയുള്ള ആളാണെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരി വിവാഹിതയാണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും, അതുകൊണ്ടാണ് ബന്ധവുമായി മുന്നോട്ട് പോയതെന്നുമാണ് രാഹുലിന്റെ വിശദീകരണം. എന്നാൽ യുവതി വിവാഹിതയാണെന്ന് അറിഞ്ഞതോടെ തന്നെ ആ ബന്ധം അവസാനിപ്പിച്ചതായും ഹർജിയിൽ വ്യക്തമാക്കുന്നു.
തിരുവല്ല ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജി പരിഗണിക്കുന്നത്. കോടതി നിഷ്കർഷിക്കുന്ന ഏതൊരു കർശന ഉപാധികളും പാലിക്കാൻ താൻ തയ്യാറാണെന്നും രാഹുൽ ഹർജിയിൽ അറിയിച്ചിട്ടുണ്ട്.
Content Highlights: Palakkad MLA Rahul Mamkootathil submits bail plea, vehemently denying sexual assault charges and claiming the complaint is fabricated. Read details.