'മെമു'വിലും പാമ്പ്, ഭയപ്പാടിൽ യാത്രക്കാർ; കൊല്ലംവരെ 'യാത്ര ചെയ്ത' പാമ്പ് ഒടുവിൽ പിടിയിൽ

പുനലൂർ-കൊല്ലം മെമുവിൽ കണ്ട പാമ്പ്
പുനലൂർ-കൊല്ലം മെമുവിൽ കണ്ട പാമ്പ്

പുനലൂർ: സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ യാത്രക്കാരെ ഭയപ്പെടുത്തിയിരുന്ന പാമ്പുകൾ തീവണ്ടിക്കുള്ളിലും കടന്നുകയറുന്നു. ചൊവ്വാഴ്ച വൈകീട്ട് 7.25-ന് കൊല്ലത്തേക്ക് പുറപ്പെട്ട മെമുവിലാണ് പാമ്പിനെ കണ്ടത്.

വിഷമില്ലാത്ത തവിടൻ വെള്ളിവരയനെയാണ് (Russell’s wolf snake) തീവണ്ടിയിൽ കണ്ടത്. കൊല്ലംവരെ ‘യാത്രചെയ്ത’ പാമ്പിനെ പിന്നീട് അധികൃതർ പിടികൂടി.

പുനലൂരിൽനിന്ന് തീവണ്ടി പുറപ്പെട്ടപ്പോൾ റെയിൽവേ പോലീസ് ഉദ്യോഗസ്ഥരാണ് പാമ്പിനെ കണ്ടത്. വശത്തെ ഷട്ടറിനു സമീപത്തുകൂടി സീറ്റിന്റെ അടിയിലേക്ക് കയറുകയായിരുന്നു പാമ്പ്. ഉടൻ യാത്രക്കാരെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റി. കൊല്ലത്തെ അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിക്കുകയും ചെയ്തു.

കഴിഞ്ഞരണ്ടരമാസമായി പുനലൂർ റെയിൽവേ സ്റ്റേഷനും പരിസരവും പാമ്പുപേടിയിലാണ്. ഏപ്രിലിൽ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ തീവണ്ടിയിറങ്ങിയ അഞ്ചൽ കോട്ടുക്കൽ സ്വദേശിനി ശ്രീലക്ഷ്മി(13)യെ പാമ്പുകടിച്ചിരുന്നു. പിന്നീട് പലതവണയായി സ്റ്റേഷനിൽ അണലി അടക്കമുള്ള പാമ്പുകളെ കണ്ടെത്തിയിരുന്നു.

Content Highlights: Non-Venomous Snake Found on Train