നായ ഓടിച്ച് തെങ്ങിൽ കയറ്റി; ഓലയിൽ കുടുങ്ങിക്കിടന്ന ഗർഭിണിയായ പൂച്ചയെ നാട്ടുകാർ രക്ഷപ്പെടുത്തി

തോപ്പുംപടി: നായ ഓടിച്ചതിനെ തുടർന്ന് തെങ്ങിൻ മുകളിൽ ഓലയിൽ കുടുങ്ങിപ്പോയ ഗർഭിണിയായ പൂച്ചയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തോപ്പുംപടി സെയ്ന്റ് മേരീസ് ചാപ്പൽ റോഡിൽ ലിജു ഫ്രാൻസിസിന്റെ വീട്ടിലെ ഏതാണ്ട് 30 അടി ഉയരമുള്ള തെങ്ങിൽ രണ്ട് ദിവസം മുൻപാണ് പൂച്ച കയറിയത്.
പട്ടി കുരച്ചുകൊണ്ട് ഓടിച്ചപ്പോൾ, പൂച്ച തെങ്ങിലേക്ക് കയറുകയായിരുന്നു. പൂച്ച തനിയെ താഴെ വരുമെന്ന് കരുതിയ നാട്ടുകാർ പിന്നീട് ശ്രദ്ധിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞിട്ടും ഇറങ്ങാതായപ്പോൾ, നാട്ടുകാരിൽ ചിലർ ജീവകാരുണ്യ പ്രവർത്തകനായ മുകേഷ് ജെയിനിനെ വിവരമറിയിച്ചു. ഗുജറാത്തിലായിരുന്ന അദ്ദേഹം അവിടെയിരുന്ന് തന്റെ സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. വലയും മറ്റുമായി അവർ എത്തിയപ്പോഴേക്കും പരിസരവാസിയായ സൽസൻ എന്നയാൾ തെങ്ങിൽ കയറി. ആദ്യം പൂച്ച അടുത്തില്ല. കുറച്ച് സമയമെടുത്ത് സൽസൻ, പൂച്ചയെ അനുനയിപ്പിച്ച് തെങ്ങിൽ കൂടി തന്നെ താഴേക്ക് ഇറക്കുകയായിരുന്നു. താഴെ വല ഒരുക്കിയിരുന്നുവെങ്കിലും തെങ്ങിൽ കൂടി തന്നെ ഇറങ്ങിയതിനാൽ അതിന്റെ ആവശ്യം വന്നില്ല.
Content Highlights: pregnant cat, trapped on a coconut tree for two days after being chased by a dog, was successfully rescued by locals in Thoppumpady.