'അധികാരത്തില്‍ ഒരു പെണ്ണാകുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും'; വീണാ ജോര്‍ജിന് പിന്തുണയുമായി പി.പി ദിവ്യ

പി.പി. ദിവ്യ, വീണാ ജോര്‍ജ് | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
പി.പി. ദിവ്യ, വീണാ ജോര്‍ജ് | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് പിന്തുണ അറിയിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ. അധികാരത്തിലിരിക്കുന്നത് ഒരു പെണ്ണാകുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടുമെന്നും കൂടെയുള്ള ഒന്നിനെ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ കൂടെനില്‍ക്കുകയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും പി.പി. ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മന്ത്രി വീണാ ജോര്‍ജിനൊപ്പമുള്ള ചിത്രം സഹിതമായിരുന്നു ദിവ്യയുടെ കുറിപ്പ്. 

കോട്ടയം മെഡിക്കല്‍ കോളേജ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമരംചെയ്യുന്ന പ്രതിപക്ഷത്തെയും പി.പി. ദിവ്യ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. ചാണ്ടി ഉമ്മന്‍ എം.എല്‍.എ.യ്‌ക്കെതിരേയും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹാസമുണ്ട്. 

പി.പി. ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മരണം ആഘോഷിക്കുന്ന പ്രതിപക്ഷത്തോട്..
'Dog's will bark, but the elephant keeps walking'
കോട്ടയം മെഡിക്കല്‍ കോളേജില്‍ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്.. ബിന്ദുവിന്റയും കുടുംബത്തിന്റെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. വലതു മാധ്യമങ്ങള്‍ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്. ഇടതു ഭരണത്തിന്റെ തുടര്‍ച്ചയില്‍ അധികാരം, ചെങ്കോല്‍ ഇനിയും കിട്ടില്ലെന്ന തിരിച്ചറിവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന കോപ്രായങ്ങള്‍ ജനം പുച്ഛത്തോടെ തള്ളികളഞ്ഞു കഴിഞ്ഞു.. ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്‌കാര്‍ എങ്കിലും കൊടുക്കേണ്ടതാണ്.. കെട്ടിടം തകര്‍ന്നു വീണു എന്ന് കേട്ടപ്പാടെ മാധ്യമങ്ങള്‍ക് മുന്നില്‍ നടത്തിയ ചാണ്ടി ഷോ അല്‍പ സമയം നിര്‍ത്തി വെച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങയ്ക്കു നേതൃത്വം കൊടുക്കാന്‍ പാടില്ലായിരുന്നോ... യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച മുണ്ടക്കയത്തെ 30 വീടിനു വേണ്ടി പിരിച്ചെടുത്തു മുക്കിയ കോടികളെ കുറിച്ച് ഇനി ആരും ചോദിക്കുകയും ചെയ്യരുത്..അധികാരത്തില്‍ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലര്‍ക്കു..കൂടെ ഉള്ള ഒന്നിനെ
എതിരാളികള്‍ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നില്‍ക്കുക ഓരോ കമ്മ്യൂണിസ്റ്റു
കാരുടെയും ചുമതലയാണ്...

Content Highlights: P.P. Divya supports Health Minister Veena George, criticizing the opposition