പോലീസില്ല; പൂർണത്രയീശ ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാൻ ബൗൺസേഴ്സ്

#എം.എം. വിനയചന്ദ്രൻ
പൂർണത്രയീശ ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാൻ നിൽക്കുന്ന ബൗൺസേഴ്സ്
പൂർണത്രയീശ ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാൻ നിൽക്കുന്ന ബൗൺസേഴ്സ്

തൃപ്പൂണിത്തുറ: ചരിത്രത്തിലാദ്യമായി പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ ‘ബൗൺസേഴ്സിനെ’ നിയോഗിച്ചു. ക്ഷേത്രത്തിൽ മൂന്നുദിവസമായി ഇവരുടെ സാന്നിധ്യമുണ്ട്. തിരക്കേറിയ ശനിയാഴ്ച 15 ബൗൺസേഴ്സാണ് ഉണ്ടായിരുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി എഴുന്നള്ളിപ്പ് സമയത്ത് പത്തോളം പേർ ആനകളുടെ സമീപമായി മറ്റാരെയും അടുപ്പിക്കാത്തവിധം നിലയുറപ്പിച്ചിരുന്നു. ശനിയാഴ്ച അഭൂതപൂർവമായ ഭക്തജനത്തിരക്കാണുണ്ടായത്.

ദേവസ്വം അനുമതിയോടെയാണ് ബൗൺസേഴ്സിനെ വെച്ചത്. ആളുകൾ ആനയുടെ കൊമ്പിൽ വരെ മുട്ടി നിൽക്കുന്ന അവസ്ഥയായിരുന്നു. പോലീസിന്റെ സാന്നിധ്യം തീരെ ഇല്ലാതെ വന്നപ്പോഴാണ് തിരക്ക്‌ നിയന്ത്രിക്കാനായി ബൗൺസേഴ്സിനെ വെച്ചതെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. ഒരാൾക്ക് 1500 രൂപ നിരക്കിൽ നൽകിയാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. രാത്രി ഏഴുമുതൽ രണ്ടു വരെയായിട്ടാണ് ഇവക്ക് ഡ്യൂട്ടി. ഉത്സവസ്ഥലത്ത് പോലീസ് സാന്നിധ്യം വളരെ കുറവാണ്.

മുൻ വർഷങ്ങളിലൊക്കെ ഉത്സവദിവസങ്ങളിലെല്ലാം വനിതാ പോലീസ് ഉൾപ്പെടെ ആവശ്യത്തിന് പോലീസ് ഉണ്ടാകുമായിരുന്നു. തിങ്കളാഴ്ച രാത്രിയിലും ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കായിരുന്നു.

കറുത്ത പാന്റ്സും ബനിയനും ധരിച്ച് കഴുത്തിൽ കാവി ഷാളും ഇട്ടാണ് ബൗൺസർമാർ ഭക്തരെ നിയന്ത്രിച്ചത്. ഉത്സവം ഇനി രണ്ടുദിവസം കൂടിയുണ്ട്.

Content Highlights: Poornathrayeesa Temple hires bouncers for crowd management as police presence is minimal. Witness a unique approach to temple festival security.