കൂൺ പാചകംചെയ്ത് കഴിച്ചതിന് പിന്നാലെ ഛർദിയും ശാരീരികാസ്വാസ്ഥ്യവും; കുട്ടികളടക്കം ആറുപേർ ചികിത്സയിൽ

കോഴിക്കോട്: താമരശ്ശേരി പൂനൂരില്‍ പറമ്പില്‍നിന്നുള്ള കൂണ്‍ പാചകംചെയ്ത് കഴിച്ചവരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12-ഉം 17-ഉം വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.
പൂനൂര്‍ പത്തായക്കുന്നുമ്മല്‍ അബൂബക്കറിന്റെയും അയല്‍വീട്ടിലെയും കുടുംബാംഗങ്ങള്‍ക്കാണ് കൂണ്‍ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ കഴിച്ചത് വിഷക്കൂണ്‍ ആണെന്നാണ് കരുതുന്നത്.
ബുധനാഴ്ച വൈകീട്ട് വീടിനടുത്ത പറമ്പില്‍നിന്നാണ് കൂണ്‍ ശേഖരിച്ചത്. തുടര്‍ന്ന് ഇത് പാചകംചെയ്ത് കഴിക്കുകയായിരുന്നു. പിന്നാലെ കുട്ടികളടക്കം ആറുപേര്‍ക്ക് ഛര്‍ദിയും ശാരീരികാസ്വാസ്ഥതകളും അനുഭവപ്പെട്ടു. ഇതോടെ ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Content Highlights: Six people, including two children, hospitalized in Kozhikode after consuming poisonous mushrooms