PNB തട്ടിപ്പ്‌: വ്യാപ്തി കൂടിയേക്കുമെന്ന് പോലീസ്; റിജിലിനെ ആരെങ്കിലും സഹായിച്ചോയെന്നും അന്വേഷിക്കും

#സ്വന്തം ലേഖിക
Photo: Screengrab
Photo: Screengrab

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എം.പി. റിജില്‍ നടത്തിയ പണത്തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടാനിടയുണ്ടെന്ന് അന്വേഷണസംഘം. ബാങ്കില്‍നിന്ന് തട്ടിയെടുത്ത പണം ഓഹരിക്കച്ചവടത്തിനും വീടുപണിക്കും കടം വീട്ടാനും ഉപയോഗിച്ചു എന്നാണ് റിജില്‍ നല്‍കിയ മൊഴി. 

വീടുണ്ടാക്കാന്‍ ലോണ്‍ എടുത്ത തുക കൊണ്ട് വീടിന് തറയിട്ട ശേഷം ബാക്കി പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. പിന്നീട് തട്ടിയെടുത്ത പണം കൊണ്ടാണ് ലോണ്‍ ഇ.എം.ഐ. അടച്ചതും വീടുപണി തുടര്‍ന്നത് എന്നുമാണ് റിജിലിന്റെ മൊഴി. ഓണ്‍ലൈന്‍ റമ്മി കളിക്കാനും പണം ഉപയോഗിച്ചെന്നും മൊഴി നല്‍കിയിട്ടുണ്ട്. 2021 ജനുവരി മുതലാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതെന്നും റിജില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.  

മുമ്പ് മറ്റ് ശാഖകളില്‍ ജോലി ചെയ്ത റിജില്‍ അന്ന് ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പണം ഒളിപ്പിക്കുന്നതുള്‍പ്പെടെ തട്ടിപ്പിന് മറ്റാരെങ്കിലും സഹായിച്ചോ എന്ന കാര്യം വീണ്ടും പരിശോധിക്കും.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസ് സംസ്ഥാന ക്രൈബ്രാഞ്ച് ഏറ്റെടുക്കണമെന്നും ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേ സമയം കേസില്‍ ഉടന്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യം ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും.

Content Highlights: PNB manager Rijil, money fraud, Kozhikode corporation